| Friday, 21st May 2021, 2:30 pm

ഒരു മുസ്‌ലിം സ്ത്രീയായിരുന്നു കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍, പിന്നീട് സംഭവിച്ചതോ?

വി.പി. സുഹ്‌റ

ഒരുപാട് ചോദ്യങ്ങള്‍ക്കും, ജിജ്ഞാസകള്‍ക്കും വിരാമമിട്ടുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ രണ്ടാം മന്ത്രിസഭ രൂപീകരിക്കപ്പെട്ടു. കേരളത്തില്‍ ഇന്നാവശ്യം ഇടത് ഗവണ്മെന്റ് തന്നെയാണെന്നതില്‍ സംശയലേശമില്ല. സ്ത്രീകളുടെ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയെ കേരളീയ ജനത, പ്രത്യേകിച്ചും സ്ത്രീകള്‍ ആഗ്രഹിച്ചു പോയെങ്കില്‍ അവരെ തെറ്റു പറയാനാകുമോ?

പ്രഗത്ഭയായ ഒരു രാഷ്ട്രീയ നേതാവായും, മികച്ച ഭരണാധികാരിയായും ജനങ്ങള്‍ അംഗീകരിച്ച മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ എന്തുകൊണ്ടും കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ഒരാളായിരുന്നു എന്ന് ജനങ്ങള്‍ വിധിയെഴുതി. എന്നിട്ടും രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും അവര്‍ മാറ്റി നിര്‍ത്തപ്പെട്ടു.

കേരളത്തിലെ പുരോഗമനപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി, 1987ല്‍ കേരള മുഖ്യമന്ത്രി പട്ടത്തിന്റെ അരികിലെത്തിയ സഖാവ് ഗൗരിയമ്മയെ പാര്‍ട്ടി തഴഞ്ഞതും ആരും മറന്നിട്ടില്ല. ആദ്യ കേരള മന്ത്രിസഭയിലെ ജീവിച്ചിരുന്ന അവസാനത്തെയാളും, ആദ്യത്തെ വനിതാ മന്ത്രിയുമായ ഗൗരിയമ്മയെ തടയാമെങ്കില്‍ എന്തുകൊണ്ട് ശൈലജ ടീച്ചറെ മാറ്റി നിര്‍ത്തിക്കൂടാ എന്നായിരിക്കാം.

ഗൗരിയമ്മ

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയയായ ഒരു നേതാവായിരുന്നു സഖാവ് ഗൗരിയമ്മ. 1987ല്‍ വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ സ്തീകളുടെ ഉന്നമനത്തിനുവേണ്ടി പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും വ്യവസായത്തിലേക്ക് കൂടി കടന്നു വരണമെന്ന് അവര്‍ ആഗ്രഹിച്ചു. കേരളത്തിലങ്ങോളമിങ്ങോളമുള്ള വനിതാവ്യസായസംരംഭകരെയും വനിതാവ്യവസായം തുടങ്ങിയവരെയും വിളിച്ചു ചേര്‍ത്തുകൊണ്ട് തിരുവനന്തപുരം ഐ.എം.ജി.യില്‍ വെച്ച് ഒരു ട്രെയിനിങ്ങ് പ്രോഗ്രാം നടത്തുകയുണ്ടായി.

അന്ന് ഒരു വനിതാ വ്യവസായിയായിരുന്ന ഞാനും അതില്‍ പങ്കെടുത്തിരുന്നു. വളരെ പ്രഗത്ഭരായ വ്യക്തികളായിരുന്നു അന്ന് ക്ലാസ് നല്‍കിയിരുന്നത്. പങ്കെടുത്തവരെല്ലാം പിന്നീട് പല വ്യസായങ്ങളിലുമേര്‍പ്പെട്ടെന്നാണറിയാന്‍ കഴിഞ്ഞത്. ഗൗരിയമ്മയെ കാണാനും ആ മഹാ വ്യക്തിത്വത്തെ തൊട്ടറിയാനും അന്ന് കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടെങ്കിലും തലയെടുപ്പോടെ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ചു തീര്‍ത്ത ആ വ്യക്തിത്വത്തിനു മുന്നില്‍ പ്രണാമം.

മറ്റൊരു സമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനം ഉറ്റുനോക്കിയത് സഖാവ് സുശീലാ ഗോപാലനെയായിരുന്നു. അതും ലോകം മറന്നില്ല. ഗൗരിയമ്മയുണ്ടായിരുന്ന ആദ്യ മന്ത്രിസഭയിലെ ഡപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ. അയിഷാ ബായ്. 1960ലെ രണ്ടാം നിയമസഭയില്‍ കെ.ഒ. അയിഷാ ബായിക്കൊപ്പം നഫീസത്ത് ബീവിയുമുണ്ടായിരുന്നു. നബീസാ ഉമ്മാളും കെ.എസ്. സലീഖയും നിയമസഭകളില്‍ പ്രാതിനിധ്യം ഉറപ്പിച്ചു.

കെ.ഒ. അയിഷാ ബായി

തീവ്ര മതചിന്തകള്‍ സജീവമായതോടെ മുസ്‌ലിം സ്ത്രീകള്‍ക്കുള്ള നാമമാത്രമായ പ്രാതിനിധ്യം പോലും എടുത്തുകളഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് മത്സരിച്ചുകയറിയ കാനത്തില്‍ ജമീല. മത തീവ്രവാദികളാലും മത മൗലിക വാദികളാലും നിശ്ശബ്ദരാക്കപ്പട്ട ഒരു വിഭാഗത്തിലെ പ്രതിനിധിയായി ഇടതു സര്‍ക്കാറില്‍ ഒരു മുസ്‌ലിം വനിതാ മന്ത്രി ഉണ്ടാവുമെന്നാഗ്രഹിച്ചു പോകുന്നതില്‍ തെറ്റുപറയാനാവുമോ?

ഇന്ന് രണ്ടാം മന്ത്രിസഭയില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പ്രത്യേകിച്ച് പെണ്‍മന്ത്രിമാരും വളരെ കഴിവും ഭരണ നൈപുണ്യവും ഉള്ളവരാണെന്ന് പറയാതെ വയ്യ. അവരില്‍ നാടിന്റെ പ്രതീക്ഷയുണ്ട്. സ്ത്രീ ഭരണാധികാരികളെ കുറിച്ച് പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ കരുത്ത രായ നിരവധി ഭരണാധികാരികളെ കാണാം.

കേരളത്തിന് പുറത്ത് ഫാസിസ്റ്റ് ഭരണാധികാരികളോട് പോരാടി വിജയിച്ച കരുത്തയായ സ്ത്രീപോരാളിയാണ് മമതാ ബാനര്‍ജി. അവരുടെ പുതിയ മന്ത്രിസഭയില്‍ ഒട്ടേറെ പെണ്‍ മന്ത്രിമാരുമുണ്ട്. ഭരണാധികാരികളുടെ പോരായ്മകള്‍ പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളിലും ഉണ്ടാവാം. അവ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കപ്പെടേണ്ടതാണ്.

ഇന്ത്യാരാജ്യം ഏറെക്കാലം ഭരിച്ചിരുന്നത് ശ്രീമതി ഇന്ദിരാഗാന്ധിയാണല്ലോ. ബംഗ്‌ളാദേശില്‍ ഷൈക് ഹസീന പ്രധാന മന്ത്രിയാണ്. ഖാലിദാസിയ മുന്‍ പ്രധാനമന്ത്രിയായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ രാജ്യത്തെ പ്രധാന മന്ത്രിയായിരുന്നപ്പോള്‍ മത തീവ്രവാദികളാ വധിക്കപ്പെട്ടു. അതിനു മുമ്പും പിന്നീടും പാക്കിസ്ഥാനിലെ പ്രഗത്ഭരായ മറ്റു മന്ത്രിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും മത തീവ്രവാദികളാല്‍ വധിക്കപ്പെടുന്നു. അടുത്തകാലത്തും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും തകര്‍ക്കപ്പെടുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടിയാല്‍ പലതും ചോദ്യം ചെയ്യപ്പെടും. അതിനെ ഭയപ്പെടുന്നവരാണവര്‍. മതമറിയാത്ത മത തീവ്രവാദികളാണവര്‍.

എന്നാല്‍ വിദ്യാസമ്പന്നമായ കേരളത്തില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ സ്ത്രീകള്‍ അധികാര കേന്ദ്രങ്ങളില്‍ ഉന്നതസ്ഥാനത്തെത്തുന്നതിനെ ഭയക്കുന്നതെന്തിനാണ്? അല്ലെങ്കില്‍ തടയുന്നതെന്തിനാണ്? കഴിവുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കേണ്ടതല്ലേ. 50 ശതമാനം വനിതാ സംവരണത്തിന് വേണ്ടി സമരം ചെയ്യുന്നവര്‍ തന്നെ സംവരണം ഇല്ലാതാക്കുന്നു. ഇടതുപക്ഷ സര്‍ക്കാറിനോട് പലതുകൊണ്ടും യോജി ക്കുമ്പോളും സ്ത്രീകളുടെ വിഷയത്തിലുള്ള ബാലിശമായ മാനദണ്ഢങ്ങളുടെ പേരിലുള്ള പിന്‍തിരിയല്‍ അംഗീകരിക്കാനാവില്ല.

(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VP Suhra Writes on Women Representation in Kerala Politics

വി.പി. സുഹ്‌റ

സാമൂഹ്യപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more