| Friday, 10th May 2019, 2:23 pm

മുഖമില്ലാത്ത സ്ത്രീകളെ സൃഷ്ടിക്കുന്നത് ആരുടെ താല്‍പ്പര്യം- വി.പി സുഹ്‌റ സംസാരിക്കുന്നു

ഷഫീഖ് താമരശ്ശേരി

ഈ വര്‍ഷം ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലായിരുന്നു ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളിലായുണ്ടായ സ്ഫോടനങ്ങളില്‍ 215 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലങ്കയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ മുഖംമറച്ചുള്ള വസ്ത്രധാരണത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

സുരക്ഷപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഇതിനെതിരായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തുവരികയും ചെയ്തിരുന്നു. നയപരമായ രീതിയിലുള്ള സുരക്ഷാസംവിധാനങ്ങള്‍ അധികാരികള്‍ക്ക് സ്വീകരിക്കാം. അത്യാവശ്യമുള്ളപ്പോള്‍ കൃത്യമായ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ആംനസ്റ്റിയുടെ പരാമര്‍ശം.

ഇതിന് പിന്നാല ഇന്ത്യയിലും നിഖാബ് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

ഇസ്‌ലാം മതവിശ്വാസികളായ വനിതകള്‍ മുഖം മറക്കാന്‍ ധരിക്കുന്ന വസ്ത്രമാണ് നിക്വാബ് അല്ലെങ്കില്‍ നിഖാബ് എന്ന് പറയുന്നത്. ഈ വസ്ത്രം നിര്‍ബന്ധമാണോയെന്ന കാര്യത്തില്‍ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്തകരമായ കാഴ്ചപ്പാടുണ്ട്. ചില മുസ്‌ലിം പണ്ഡിതരുടെ വ്യാഖ്യാന പ്രകാരം നിഖാബ് നിര്‍ബന്ധകരമാണെന്ന് വാദിക്കുമ്പോള്‍ മറ്റു ചിലര്‍ ഇത് നിര്‍ബന്ധമല്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എം.ഇ.എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. മുഖാവരണമുള്ള വസ്ത്രങ്ങള്‍ മാത്രമല്ല ജീന്‍സ്, ലെഗിങ്‌സ്, മിനിസ്‌കര്‍ട്ട് തുടങ്ങിയ വസ്ത്രങ്ങളും എം.ഇ.എസില്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ വിവാദങ്ങളാണ് കേരളത്തിലുണ്ടായത്.

വിദ്യാര്‍ഥികളുടെ അച്ചടക്കത്തിനായാണ് വസ്ത്രധാരണ നിബന്ധനകളെന്നായിരുന്നു എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞത്. ഏതു തരം വസ്ത്രമാണ് സഭ്യമല്ലാത്തതെന്ന് പറയാന്‍ കഴിയില്ല. കേരളത്തില്‍ സാരി പൊതുവെ മാന്യമായ വസ്ത്രമാണ്, എന്നാല്‍ സാരി മോശം രീതിയില്‍ ധരിക്കുന്നവരും ഉണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല വസ്ത്രധാരണ നിബന്ധനകള്‍ ഉള്ളത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ആണ്‍കുട്ടികള്‍ക്കും വസ്ത്രധാരണ ചട്ടമുണ്ട്. മാന്യമായ വസ്ത്രധാരണം എന്നാണ് പറയുന്നത്. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അരോചകമെന്ന് തോന്നാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

മുഖാവരണം നിരോധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ച സംഭവത്തെ തുടര്‍ന്ന് ഫസല്‍ ഗഫൂറിനെതിരെ വധഭീഷണി ഉണ്ടായിരുന്നു. എം.ഇ.എസിനെ പിന്തുണച്ചും എതിര്‍ത്തും കേരളത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിഖാബ് നിരോധനത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയും ‘നിസ’ സംഘടനാ ഭാരവാഹിയുമായ വി.പി സുഹ്‌റ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

നിഖാബ് നിരോധനം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണല്ലോ ഇതിനെ എങ്ങനെ കാണുന്നു?

ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അപരിഷ്‌കൃതമായ രീതിയില്‍ വിദ്യാലയങ്ങളിലൊക്കെ പോകുക എന്ന് പറയുന്ന അവസ്ഥ ഭീകരമാണ്. അതിനോടെല്ലാം യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

അതിനുദാഹരണമായി പറയുന്നത് മുഖം മറച്ച് കണ്ണുപോലും കാണാത്ത രീതിയില്‍ ആളുകള്‍ നടക്കുമ്പോള്‍ കണ്ണിന്റെ ഭാഗത്ത് ഒരു നെറ്റ് പോലെ പിടിപ്പിക്കും. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അതൊക്കെ ഇസ്‌ലാമില്‍ ഒരിടത്തും പറയാത്ത കാര്യമാണ്. മുഖവും കൈയും മറയ്‌ക്കേണ്ടതില്ല എന്ന് എല്ലാത്തിലും പറയുന്നതാണല്ലോ.

കഅ്ബയില്‍ പോലും അങ്ങനെ മറയ്ക്കുന്നത് കണ്ടിട്ടില്ല, എന്നിട്ടുപോലും ഇവിടെ മറയ്ക്കുന്നു. ഈ ഖബറില്‍ നിന്ന് എഴുന്നേറ്റ് വരുന്ന ആളുകളെപ്പോലെയാണ് ഇവിടെയുള്ളവര്‍ കാണുന്നത്. സിനിമകളിലൊക്കെ ചിലപ്പോള്‍ കാണാം ഖബര്‍സ്ഥാനില്‍ നിന്നൊക്കെ ആളുകള്‍ എഴുന്നേറ്റ് വരുന്നത്. പ്രേതങ്ങളായിട്ടൊക്കെ വരുന്നത്. അതുപോലെയൊക്കെയാണ് ഇവര്‍ കൂട്ടമായി വരുമ്പോള്‍ നമുക്ക് തോന്നുന്നത്.

മതം ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള നിര്‍ബന്ധം നിഷ്‌കര്‍ഷിക്കുന്നുണ്ടോ?

അത്തരമൊരു നിര്‍ബന്ധം എവിടെയും ഇല്ല എന്ന് നേരത്തെ തന്നെ പറഞ്ഞുവല്ലോ. നമ്മുടെ സമുദായത്തിന്റെ നന്മയ്ക്ക് പകരം നമ്മളെ വിഷമിപ്പിക്കുകയാണ് ഇക്കാര്യങ്ങള്‍ കൊണ്ടൊക്കെ ചെയ്യുന്നത്. കാരണം നമ്മുടെ സമുദായത്തിലെ ആളുകളെല്ലാം ഇങ്ങനെയാണല്ലോ എന്ന ചിന്തയാണ് മറ്റുള്ളവര്‍ക്ക് വരുന്നത്. മുഖമില്ലാത്ത മനുഷ്യരായി മാറുക എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണ്.

പിടിച്ചുപറിയ്ക്ക് ആളുകള്‍ ഉപയോഗിക്കുന്നത് ഹെല്‍മറ്റാണ്. ഹെല്‍മറ്റ് ധരിച്ച് ആരെങ്കിലും ബൈക്കില്‍ പോകുമ്പോഴാണ് മാല പിടിച്ചുപറിക്കുന്നത്. അവര്‍ക്കും മുഖമില്ല. കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കുമെല്ലാം മുഖം മറയ്ക്കണം. നമ്മളെന്തിനാണ് മുഖം മറയ്ക്കുന്നത്. ആര്‍ക്കുവേണ്ടിയാണ് ഇത്. ഇതാണെന്റെ ചോദ്യം.

നിഖാബ് നിരോധനത്തിനെ ഇസ്‌ലാമിനെതിരായ ആക്രമണമായാണ് ചിത്രീകരിക്കുന്നത്

എന്തുപറഞ്ഞാലും ഇസ്‌ലാമിനെതിരെയുള്ളതായി ചിത്രീകരിക്കും. എല്ലാ വിഷയവും മതത്തിന്റെ ഭാഗമായി മാറ്റുകയാണ്. സ്ത്രീകളുടെ കാര്യം പ്രത്യേകിച്ച്. എല്ലാം മതവല്‍ക്കരിക്കപ്പെടുകയും പിന്നീട് മതത്തിന്റെ പേരില്‍ അനാവശ്യചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. സമുദായത്തില്‍ നിന്നും ആഗ്രഹിക്കുന്ന നന്മ ആചാരങ്ങള്‍ കാരണം ലഭിക്കാതെ പോകുന്നുണ്ട്.

മുന്‍പ് കാലത്ത് പര്‍ദ്ദ കേരളത്തില്‍ ഇല്ലായിരുന്നല്ലോ

എന്റെ ചെറുപ്പകാലത്തൊന്നും ആളുകള്‍ പര്‍ദ്ദ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്റെ ഉമ്മയും ഉമ്മാമയുമൊക്കെ തന്നെ നല്ല മതവിശ്വാസികളായിരുന്നു. അത് മാത്രമല്ല എന്റെ ഉമ്മാമയുടെ ആങ്ങളമാരൊക്കെ തന്നെ മതപണ്ഡിതന്‍മാരായിരുന്നു. അന്നത്തെ കാലത്ത് കോളേജിലൊക്കെ പോയി മതപരമായ വിശ്വാസം നേടി അത്രയും മതപണ്ഡിതരായ ആളുകളായിരുന്നു.

എന്നിട്ടും പോലും ആ വീടുകളിലൊന്നും ഞാന്‍ പര്‍ദ്ദ കണ്ടിട്ടില്ലായിരുന്നു. പരിശുദ്ധമായ മക്കയും കഅബയും നിലനില്‍ക്കുന്ന സ്ഥലമായത് കൊണ്ടസൗദിയില്‍ പര്‍ദ്ദ ധരിച്ചവരെ കാണാം. സൗദിയിലെ വിശ്വാസത്തിന് അനുയോജ്യമായിട്ടുള്ളതായിരിക്കാം, അല്ലെങ്കില്‍ അവിടത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിട്ടുള്ള വേഷവിദാനമാണ്. അവിടെയൊക്കെ ഹിന്ദുക്കളും മുസ്‌ലീങ്ങളും എല്ലാവരും പര്‍ദ്ദ ധരിക്കണം. ഞാന്‍ അവിടെ ജോലി ചെയ്യുന്ന സമയങ്ങളിലൊക്കെ കണ്ടിട്ടുണ്ട്. പക്ഷെ അവരാരും തന്നെ മുഖം മറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കഅബയിലും മുഖമില്ലാത്ത സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല.

കേരളത്തില്‍ പര്‍ദ്ദയ്ക്ക് ഇത്രയും വേരോട്ടമുണ്ടാകാനുള്ള കാരണം.

കുറച്ചുകാലത്തിനിപ്പുറം അതായത് ജമാ അത്തെ ഇസ്ലാമി, മുജാഹിദീന്‍ സംഘടനകളൊക്കെ വന്നതിന് ശേഷമാണ് ഇത് വ്യാപകമാവുന്നത്. മലപ്പുറം ജില്ലകളിലൊക്കെ തന്നെ കുറച്ചുകാലം മുന്‍പ് നിരന്തരമായി പര്‍ദ്ദയ്ക്കായി പ്രചരണം നടത്തുകയും പര്‍ദ്ദ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അത് കച്ചവടവത്കരിക്കപ്പെട്ടു. അതുകൊണ്ട് പര്‍ദ്ദ പലരീതിയിലും പല ഫാഷനിലും വിപണിയിലെത്തി തുടങ്ങി.

പര്‍ദ്ദ ഇന്ന് ഒരു ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചുകുട്ടികള്‍പോലും പര്‍ദ്ദ ധരിച്ച് പുറത്തിറങ്ങാറുണ്ട്

മദ്രസകളില്‍ നിന്ന് കൊച്ചുകുട്ടികളെ അവര്‍ക്ക് ശരീരത്തിനെ കുറിച്ചോ മനസിനെക്കുറിച്ചോ ഒന്നും പഠിക്കാനോ അറിയാനോ ആകാത്ത പ്രായത്തില്‍ തന്നെ പര്‍ദ്ദ ധരിപ്പിക്കുകയാണ്. ബാലാവകാശലംഘനമാണ് അത് എന്നാണ് പറയാനുള്ളത്. മദ്രസകളില്‍ ഈ കുട്ടികളെ പര്‍ദ്ദ ധരിപ്പിക്കുന്നത് വഴി ആ കുട്ടികള്‍ക്ക് തങ്ങളൊരു വ്യക്തിയല്ല മറിച്ച് എല്ലാവരില്‍ നിന്നും എന്തൊക്കയോ മറച്ച് പിടിക്കേണ്ടതുണ്ട് എന്ന തോന്നലിലേക്ക് കൊണ്ടുപോകുകയാണ്. പിന്നീട് ഇത് മാറ്റാന്‍ പറ്റിയെന്ന് വരില്ല.

ചില കുട്ടികളോട് സംസാരിച്ചാല്‍ കൈയ്യുപോലും പുറത്തുകാണിക്കാന്‍ പാടില്ല എന്ന രീതിയിലുള്ള സംസാരമാണ് വരുന്നത്. അങ്ങനെ കുട്ടികളെ ഒരുതരം ഒതുക്കലിലേക്ക് മാറ്റിനിര്‍ത്തുകയാണ്, അവര്‍ വ്യക്തികളായിട്ടല്ല വളരുന്നത്. മറ്റെന്തോ ഒരു വസ്തുവാണ്. എല്ലാവരില്‍ നിന്നും മറഞ്ഞിരിക്കേണ്ട വസ്തുവാണ് എന്ന തരത്തിലേക്ക് അവരുടെ മനസിനെ വളര്‍ത്തിയെടുക്കുകയും ബ്രെയിന്‍വാഷ് നടത്തി അവര്‍ വളരുന്നിടത്തോളം ഈ പര്‍ദ്ദയിലേക്ക് ആകൃഷ്ടരാകുകയും ചെയ്യുന്നുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് മോചനം കിട്ടാത്ത രീതിയിലേക്ക് വരുന്നുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്.

ഞാനിപ്പോള്‍ സാരി ധരിക്കാറുണ്ട്. തലയില്‍ സാരി കൊണ്ട് തട്ടമിടുന്നതിനെക്കുറിച്ചൊക്കെ പലരും എന്നോട് ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് പെട്ടെന്ന് സാരി ഈ തലയില്‍ നിന്ന് മാറ്റുന്നതിന് പറ്റാത്ത ഒരു സ്ഥിതിയുണ്ട്. കാരണം ഞാന്‍ ചെറുപ്പം മുതലെ ഉപയോഗിച്ചൊരു വേഷമാണിത്. പെട്ടെന്നൊരു നാള്‍ ഈ വേഷം മാറ്റണമെന്ന് പറയുന്നത് പ്രായോഗികമായ കാര്യമല്ല, കാരണം വസത്രവും മനുഷ്യന്റെ മനസുമെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്.

എനിക്കിപ്പോള്‍ വേണമെങ്കില്‍ ഈ തട്ടം മാറ്റിയാല്‍ ആരും ഒന്നും ചോദിക്കാന്‍ പോകുന്നില്ല. പക്ഷെ അത് ഒരു മതത്തിന്റെ ചിഹ്നമാണെങ്കിലും അല്ലെങ്കിലും ഞാന്‍ ചെറുപ്പം മുതലേ ഇത് ഉപയോഗിച്ച് വരുന്നത് കൊണ്ട് എനിക്കത് പെട്ടെന്ന് പറ്റില്ല എന്ന പറയുന്നത്. ഇത് തന്നെയാണ് കൊച്ചുമക്കളുടെ മനസില്‍ പര്‍ദ്ദയെക്കുറിച്ച് വരുന്ന ചിന്തയും.

മദ്രസകളില്‍ നിന്ന് തന്നെ പഠിപ്പിച്ച് അവരുടെ മനസില്‍ ഇത് അത്യാവശ്യമായ ഒരു ഘടകമാണ് എന്ന നിലയിലെത്തുകയും വളര്‍ന്നുവരുന്തോറും അത് മാറ്റാന്‍ പറ്റാതാകുകയും ചെയ്യുന്നു. അതിന് ഒരു കാരണം മതരാഷ്ട്രീയം തന്നെയാണ്, മറ്റൊന്നാണ് വ്യാപാരതാല്‍പ്പര്യം. ഇത് രണ്ടുംകൂടി യോജിപ്പിക്കപ്പെട്ടപ്പോള്‍ പര്‍ദ്ദ അങ്ങനെ വ്യാപകമായി.

പര്‍ദ്ദ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ടല്ലോ

പര്‍ദ്ദ എന്നതിന് ഒരു രാഷ്ട്രീയമുണ്ട്. മതരാഷ്ട്രീയമാണത്. ഇറാനിലെ ഷായ്‌ക്കെതിരായ വിപ്ലവത്തിന്റെ കാലത്ത് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ഒരുപകരണമായി പര്‍ദ്ദയെ വ്യാഖ്യാനിക്കുകയും ആയിരക്കണക്കിന് സ്ത്രീകള്‍ പര്‍ദ്ദ ധരിച്ച് വിപ്ലവരംഗത്തേക്ക് വരികയുമുണ്ടായി. എന്നാല്‍ ഇസ്ലാമിക വിപ്ലവം വിജയിച്ചപ്പോള്‍ ഈ പര്‍ദ്ദ അവര്‍ക്ക് താല്‍പ്പര്യമില്ലാതെ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയുമുണ്ടായി.

അവര്‍ വീടുകളില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഷായ്‌ക്കെതിരായ സാമ്രാജ്യത്വവിരുദ്ധ പരിപാടിയ്ക്ക് പോലും പര്‍ദ്ദ ഒരു ഉപകരണമാക്കി മാറ്റുന്നു എന്നുള്ളതാണ് അതിന്റെ രാഷ്ട്രീയം. ഈ മൂടുപടം ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ധരിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു വസ്തുത.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍