പ്രവാചകന്റെ ഭാര്യ യുദ്ധത്തിന് പോയപ്പോള്‍ ആരും തടഞ്ഞില്ലല്ലോ?; സ്ത്രീകള്‍ സമര രംഗത്തേക്കിറങ്ങേണ്ടതില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വി.പി സുഹ്‌റ
കോഴിക്കോട്: സ്ത്രീകള്‍ സമര രംഗത്തേക്കിറങ്ങേണ്ടതില്ലെന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയും നിസാ ഭാരവാഹിയുമായ വി.പി സുഹ്‌റ. സ്ത്രീകള്‍ പുറത്തിറങ്ങി മുഷ്ടി ചുരുട്ടിയാല്‍ പുരുഷന്‍മാരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുമെന്നായിരിക്കും അവര്‍ കരുതുന്നതെന്നും സുഹ്‌റ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘പ്രവാചകന്റെ മാതൃകയാണ് ഇവര്‍ സ്വീകരിക്കുന്നതെങ്കില്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല. പ്രവാചകന്റെ ഭാര്യ തന്നെ യുദ്ധത്തിനിറങ്ങിയിട്ടുണ്ട്. ചരിത്രം അങ്ങനെയാണ് പറയുന്നത്. രാഷ്ട്രീയപരമായും എല്ലാ കാര്യങ്ങളിലും പുരുഷന്‍മാരോടൊപ്പം സ്ത്രീകളുമുണ്ടായിട്ടുണ്ട്. ഇസ്‌ലാം അത് നിരോധിക്കുന്നുണ്ട് എന്ന് പറയാനേ പറ്റില്ല. പിന്നെ വേറെ ഒരു കാര്യമുള്ളത് സ്ത്രീകളൊക്കെ പുറത്ത് വന്ന് മുഷ്ടി ചുരുട്ടിക്കഴിഞ്ഞാല്‍ പുരുഷന്‍മാരുടെ കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പോലെയാണ് അവര്‍ക്ക് തോന്നുന്നത്. കാരണം ഇവര്‍ ചോദ്യം ചെയ്യപ്പെടും.’, വി.പി സുഹ്‌റ പറഞ്ഞു.
“നാട് കത്തുമ്പോഴും പെണ്ണുങ്ങള്‍ അടുക്കളയില്‍ ഇരുന്നാ മതിയെന്നാണോ ഇവര്‍ പറയുന്നത്. ആ കാലം മാറി സ്ത്രീകളൊക്കെ തന്നെ വിദ്യാ സമ്പന്നരായിട്ടുണ്ട്.”- അവര്‍ക്ക് പൊതുബോധമുണ്ട്. ആ ബോധത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ പറ്റില്ലെന്നും സുഹ്‌റ കൂട്ടിച്ചേര്‍ത്തു.
‘മതസംഘടനകളായാലും രാഷ്ട്രീയപാര്‍ട്ടികളായാലും പറയുന്നത് സ്ത്രീകളെന്നും അടുക്കളയിലിരുന്നാല്‍ മതി, കുട്ടികളെ നോക്കിയാല്‍ മതിയെന്നാണ്. ഇത്തരം പ്രശ്‌നങ്ങളുടെ കാലത്ത് സ്ത്രീകള്‍ ഇറങ്ങേണ്ട എന്നാണെങ്കില്‍ നബിയുടെ കാലത്ത് നബി അങ്ങനെ എന്തുകൊണ്ട് പറഞ്ഞില്ല. എന്തുകൊണ്ട് ആയിഷ, അലിയുടെ ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു.’, വി.പി സുഹ്‌റ പറഞ്ഞു.
സ്ത്രീകള്‍ പുരുഷന്‍മാരെപ്പോലെ മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞിരുന്നു.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമര്‍ശിച്ച് സമസ്ത കേരള സുന്നി യുവജന (എസ്.വൈ.എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്തെത്തിയിരുന്നു.
‘എന്റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി, പുരുഷന്മാരും സാക്ഷാല്‍ നമ്മുടെ സഹോദരിമാരും ഇടകലര്‍ന്ന് നീങ്ങുന്ന പ്രകടനത്തില്‍ നമ്മുടെ മഹല്ലിന്റെ ഉത്തരവാദപ്പെട്ട പ്രമുഖരുമുണ്ട്. മുന്‍നിരയില്‍ പോലും വനിതാ പ്രാതിനിധ്യമുണ്ട്. ഇതെന്ത് മാത്രം ഖേദകരമാണ്? ഈ സംസ്‌കാരം അപകടസൂചനയാണ്.’ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ പരസ്യ പ്രതിഷേധങ്ങള്‍ക്കിറങ്ങുന്ന മുസ്‌ലിം സ്ത്രീകള്‍ പരിധി വിടരുതെന്ന് സമസ്ത കേരള ഇ.കെ വിഭാഗവും പ്രസ്താവന ഇറക്കിയിരുന്നു.
മുസ്‌ലിം സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതും അറസ്റ്റിനും മറ്റും ഇടവരുത്തുന്ന വിധം പരിധി വിടുന്നതും ഇസ്‌ലാമിക വിരുദ്ധമാണെന്നായിരുന്നു പ്രസ്താവന. മുസ്‌ലിം സ്ത്രീകള്‍ പ്രക്ഷോഭങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും ബന്ധപ്പെട്ട സംഘടനകള്‍ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിക്കരുതെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.