| Friday, 12th July 2019, 5:28 pm

'യൂണിറ്റ് നേതൃത്വത്തിലുള്ളവര്‍ക്കടക്കം സംഭവവുമായി ബന്ധമുണ്ടെന്നാണ് പ്രാഥമികമായി മനസ്സിലായത്'- എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു

ഹരിമോഹന്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്നു രാവിലെ നടന്ന സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവത്തില്‍ എസ്.എഫ്.ഐക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കു പങ്കുണ്ടെന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു ?

സംഭവത്തില്‍ ഏതെങ്കിലും എസ്.എഫ്.ഐക്കാരന്‍ ഭാഗമായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. അത്തരമൊരു സംഭവമുണ്ടാകുന്നതു തടയാനോ പൊലീസ് കേസിലേക്കു പോകുന്നത് ഒഴിവാക്കാനോ കഴിയാത്ത സ്ഥിതിയാണ് യൂണിറ്റ് കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

അതിനര്‍ഥം യൂണിറ്റ് കമ്മിറ്റിക്ക് അതില്‍ പങ്കുണ്ടെന്നാണോ ?

യൂണിറ്റ് നേതൃത്വത്തിലുള്ളവര്‍ക്കടക്കം ഈ സംഭവവുമായി ബന്ധമുണ്ടെന്നാണു നമുക്കു പ്രാഥമികമായി കാണാനായത്. അപ്പോള്‍ അതുവെച്ചുകൊണ്ടുതന്നെ അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും.

യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചോ ?

യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടണമെന്ന നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്കു മുന്‍പാകെ നല്‍കിയിട്ടുണ്ട്. അവിടുത്തെ സ്ഥിതി കൂടി പരിശോധിച്ച് സംസ്ഥാന കമ്മിറ്റിയാണ് അതു നടപ്പാക്കേണ്ടത്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നതാണു പ്രധാനം.

ഇതില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല പ്രശ്‌നങ്ങളാണ് കാരണമെന്നൊരു വാദം കൂടി ഉണ്ടായിട്ടുണ്ടല്ലോ..

വ്യക്തിപരമായ ചില കാര്യങ്ങളാണ് ഇതില്‍ പ്രവര്‍ത്തിച്ചത് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്, നമ്മള്‍ അറിയുന്നത്. എന്നാല്‍ നേതൃത്വത്തില്‍ നില്‍ക്കുന്നയാളുകള്‍ വ്യക്തിപരമായാലും മറ്റെന്തിന്റെ പേരിലായാലും അക്രമം നടത്താന്‍ പാടില്ല എന്നാണു നമ്മള്‍ കാണുന്നത്. സംഘടനയുടെ ഉത്തരവാദിത്വത്തില്‍ നില്‍ക്കുന്നൊരാള്‍ എന്ന നിലയില്‍ അതിനു തിരിച്ചടിക്കാനും നേരിടാനും സംഘടനയുടെ പിന്‍ബലം കൂടി അവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാകാം.

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ പേരിലുയരുന്ന ആദ്യ ആരോപണമല്ലിത്. ഇതിനുമുന്‍പ് ഇത്തരം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ നേതൃത്വം ഇടപെട്ടിരുന്നോ ?

മുന്‍പ് ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ നമ്മള്‍ ഇടപെട്ടിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് ഒന്നും സംഭവിക്കാത്ത കോളേജാണെന്നൊന്നും നമ്മള്‍ പറയുന്നില്ല. അവിടെ അത്തരം പ്രശ്‌നങ്ങളുണ്ട്. മുന്‍പ് ഉണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ അതിലുള്‍പ്പെട്ട ആളുകള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയും യൂണിറ്റിലെ മുഴുവന്‍ ആളുകളെയും മാറ്റിക്കൊണ്ട് പുതിയൊരു യൂണിറ്റ് കൊണ്ടുവരുന്ന സ്ഥിതിയുണ്ടായി. അതിനുശേഷം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണു മനസ്സിലാക്കുന്നത്.

ഹരിമോഹന്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more