| Monday, 11th March 2019, 11:44 pm

കല്ല്യാണത്തിന്റെ പേരിലും വിമാനം വെെകിയതു കാരണവും പാര്‍ലമെന്റില്‍ പങ്കെടുക്കാത്ത  മോശം എം.പി ആയിരിക്കില്ല ഞാന്‍; വി.പി സാനു- വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറത്തെ യു.ഡി.എഫിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി പരിഹസിച്ച് വി.പി സാനു. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു പാര്‍ലമെന്റേറിയനായിരിക്കും താനെന്നും, കല്ല്യാണത്തിന്റേയും വിമാനം വൈകിയതിന്റേയും പേരില്‍ താന്‍ പാര്‍ലമെന്റില്‍ എത്താതിരിക്കില്ലെന്നും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സാനു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8ന് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് ചര്‍ച്ചയായിരുന്നു. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

“ഞാന്‍ എവിടെയാണോ എത്തേണ്ടത്, അവിടെ, ഏത് സമയത്താണോ എത്തേണ്ടത്, ആ സമയത്ത് എത്തിയിരിക്കും. എവിടെയാണോ ഞാന്‍ സംസാരിക്കേണ്ടത്, അവിടെ ഞാന്‍ സംസാരിച്ചിരിക്കും. എപ്പോഴാണോ ഞാന്‍ വോട്ടു ചെയ്യേണ്ടത്, അപ്പോള്‍ ഞാന്‍ വോട്ടു ചെയ്യും. ഞാന്‍ ഒരു വിമാനവും വൈകിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ എത്താതിരിക്കില്ല. ഒരു കല്ല്യാണത്തിന്റെ പേരിലും ഇന്ത്യന്‍ പാര്‍ലമെന്റ് മുടക്കി അറ്റന്‍ഡന്‍സില്ലാതെ ഏറ്റവും മോശം പാര്‍ലമെന്റേറിയന്‍ എന്ന പേര് സമ്പാദിക്കില്ല. ഒരു ചര്‍ച്ചയിലും പങ്കെടുക്കാതെ മാറി നില്‍ക്കില്ല”- വി.പി സാനു പറയുന്നു.

എന്നാല്‍ മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട് ഗൗരവമായ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതിനാലായിരുന്നു താനന്ന് പാര്‍ലമെന്റില്‍ എത്താതിരുന്നത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരുന്നു.

മുത്തലാഖ് ബില്‍ മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുമ്പ് പറഞ്ഞത്. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്ത് നില്‍പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും ബില്‍ പാസ്സാക്കുന്ന ദിവസം അദ്ദേഹം വിട്ടു നിന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസവും കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്നിട്ടുണ്ട്.

Image Credits: Vaishnav PKTR

We use cookies to give you the best possible experience. Learn more