കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ആര്‍.എസ്.എസ് അനുകൂല സംഘടനയുടെ മുന്‍ നേതാവായിരുന്ന ഒരു അധ്യാപകന്‍ അങ്ങേയറ്റം വര്‍ഗീയപരവും വംശീയപരവും പ്രാദേശിക വാദത്തില്‍ ഊന്നുന്നതുമായ ഒരു പരാമര്‍ശം നടത്തിയിരിക്കുകയാണ്. കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ഉണ്ടത്രേ!
കഴിഞ്ഞ കുറേ നാളുകളായി ദല്‍ഹി സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നേടുന്ന മലയാള വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരുന്നുണ്ട്.
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും ഒരു പ്രൊഫഷനല്‍ കോഴ്സ് എന്ന നിലയില്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍ മേഖലകള്‍ ലക്ഷ്യം വെച്ച് തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലായിരുന്നു മുന്‍പ് പഠിച്ചിരുന്നത്. എന്നാല്‍ ഇന്നത് മാറി.
ഇന്ന് ദല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ സര്‍വകലാശാലകളില്‍, വിവിധ ഇടങ്ങളില്‍ മലയാളികളായ വിദ്യാര്‍ത്ഥികള്‍ അപ്ലൈഡ് അല്ലാത്ത പ്യുവര്‍ സയന്‍സ് എന്ന് പറയാവുന്ന വിഷയങ്ങളും അതുപോലെ തന്നെ മാനവിക വിഷയങ്ങള്‍, ഭാഷ ഇതെല്ലാം പഠിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കണം. അങ്ങനെ വരുമ്പോഴാണ് അവര്‍ക്ക് എല്ലാവരുടെയും സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ സാധിക്കൂവെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞിരുന്നു.
അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ ഇത്തരം ഇടങ്ങളില്‍ പ്രവേശനം നേടുന്നുണ്ട്.
ദല്‍ഹി സര്‍കലാശാലയുടെ കാര്യം പരിശോധിച്ചാല്‍ ചില കോളേജുകളില്‍ 100 ശതമാനമാണ് കട്ട് ഓഫ് മാര്‍ക്ക് വെച്ചിരിക്കുന്നത്. ഈ 100 ശതമാനം കട്ട് ഓഫ് വച്ചിട്ടുള്ള കോളേജില്‍ മലയാളികള്‍ മാത്രമല്ല പ്രവേശനം നേടുന്നത്. മറ്റു ഇടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും പ്രവേശനം നേടുന്നുണ്ട്.
ഇപ്പോള്‍ കേരളത്തില്‍ മാത്രമാണോ ഇത്തരത്തില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് വാരിക്കോരി കൊടുക്കുന്ന സ്ഥിതിയുള്ളത്. സമൂഹത്തില്‍ ഏറ്റവും വരേണ്യരായിട്ടുള്ള വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസുകളില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് വരുന്ന കുട്ടികളാണ് പലപ്പോഴും ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ എത്തുന്നത്.
ദക്ഷിണേന്ത്യയുടെ കാര്യം എടുത്താല്‍ പ്രത്യേകിച്ച് കേരളത്തില്‍ നിന്നാണ് സാധാരണക്കാരുടെ മക്കള്‍ എന്ന് പറയാവുന്ന അടിസ്ഥാന വിഭാഗത്തില്‍ നിന്നടക്കമുള്ള കുട്ടികള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടാറുള്ളത്. അത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഒരു കരുത്ത് തന്നെയാണ്. അതാണ് ഇപ്പോള്‍ ജിഹാദ് എന്ന പേരില്‍ പറയുന്നത്. ഇത് ഒരു അര്‍ത്ഥത്തില്‍ പ്രാദേശിക വാദമാണ്.
ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദല്‍ഹിയിലെയും ഉത്തരേന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുള്ളതാണ്, നിങ്ങള്‍ തെക്കന്‍ ഇന്ത്യക്കാര്‍ ഇവിടെ വന്ന് പഠിക്കേണ്ടതില്ല എന്നും കേരളീയര്‍ ഇങ്ങോട്ട് വരേണ്ടതില്ല എന്നുമുള്ള പറഞ്ഞുവെക്കലാണ്. അതൊരു പ്രദേശിക വാദമാണ്. അതോടൊപ്പം തന്നെ വംശീയതയുമാണ്.
ഉത്തരേന്ത്യേ-ദക്ഷിണേന്ത്യ എന്ന് വേര്‍തിരിക്കുന്നതിലൂടെ വംശീയപരമായ ഒരു പരാമര്‍ശമാണ് നടത്തുന്നത്. ലവ് ജിഹാദിനും നാര്‍ക്കോട്ടിക്ക് ജിഹാദിനും ശേഷമാണ് മാര്‍ക്ക് ജിഹാദ് വരുന്നത്. കേരളം ഇത്തരം മതതീവ്രവാദികളുടെ ഒരു ആലയമാണ് എന്ന് വരുത്തി തിര്‍ക്കാനുള്ള ഒരു വലിയ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്.
അതിനെ മതനിരപേക്ഷ സമൂഹം ഒരുമിച്ച് നേരിടേണ്ടതാണ്. ഒരു സമയത്ത് കാശ്മീരിനെയാണെങ്കില്‍ പിന്നീട് ലക്ഷദ്വീപിനെയാണ് അവര്‍ ലക്ഷ്യമിട്ടത്. അതിന് മുമ്പും ശേഷവും ഇപ്പോഴും എപ്പോഴും അവര്‍ ലക്ഷ്യമിടുന്ന സംസ്ഥാനമാണ് കേരളം. ആ കേരളത്തെ മോശമാക്കുക എന്നുള്ളത് അവരുടെ ലക്ഷ്യമാണ്.
കേരളം മതതീവ്രവാദത്തിന്റെ നാടാണ് എന്ന് വരുത്തുകയെന്ന കൃത്യമായ അജണ്ട പറഞ്ഞുവെക്കുന്നുണ്ട്. ദല്‍ഹിയിലെ അല്ലെങ്കില്‍ ഉത്തരേന്ത്യയിലെ പ്ലസ് ടൂ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ സീറ്റ് കിട്ടുന്നില്ല എന്നുണ്ടെങ്കില്‍ അവിടെ ചെയ്യേണ്ടത് സീറ്റുകള്‍ വര്‍ധിപ്പിക്കുക അല്ലെങ്കില്‍ പുതിയ കോളേജുകള്‍ ആരംഭിക്കുക എന്നുള്ളതാണ്.
അല്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്കാരും വരേണ്ടതില്ല, പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് ആരും വരേണ്ടതില്ല എന്ന് പറയുന്ന നിലപാടിലൂടെ വംശീയവാദവും വര്‍ഗീയവാദവുമാണ് വെളിവാകുന്നത്.
ആര്‍.എസ്.എസിന്റെ അധ്യാപക സംഘടനയുടെ നേതാവ് മാത്രമല്ല അദ്ദേഹം. ഒരു അധ്യാപകന്‍ കൂടിയാണ്.
അത്തരമൊരു വ്യക്തിയില്‍ നിന്ന് ഒരിക്കലും വരാന്‍ പാടില്ലാത്തതാണ് ഈ പരാമര്‍ശം. അദ്ദേഹം നിരുപാധികം ആ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്ത പക്ഷം അദ്ദേഹത്തിനെത്തിരെ നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാവണം എന്നതാണ് എസ്.എഫ്.ഐക്ക് ആവശ്യപ്പെടാനുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: VP Sanu on Mark Jihad statement by Delhi University Professor