ഏക സിവില്‍കോഡ് തന്നെയാണിത്, ഏകീകൃത സിവില്‍ കോഡല്ല. ഏക സിവില്‍ കോഡ് എന്ന ആര്‍.എസ്.എസ് അജണ്ട ഏകീകൃത സിവില്‍ നിയമങ്ങളാണെന്ന വ്യാജ പ്രതീതി ജനിപ്പിക്കാന്‍ ‘ഏകീകൃത സിവില്‍കോഡ്’ എന്നാക്കി അവതരിപ്പിക്കുന്നതില്‍ തന്നെ പ്രശ്‌നമുണ്ട്. ഏകമാണത്. നേരത്തെ പ്രഖ്യാപിച്ചതിന് വിരുദ്ധമായി മറ്റെല്ലാ ജാതിമത വിഭാഗങ്ങളെയും ഒഴിവാക്കിക്കൊണ്ട് മുസ്‌ലിങ്ങളെ മാത്രം ഉന്നമിടുന്ന സിവില്‍ നിയമകോഡ്.
ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള അതിവേഗ പാതയാണ് ഈ ഏക സിവില്‍കോഡ്.
ഈ നിയമത്തെക്കുറിച്ച് ബി.ജെ.പി സര്‍ക്കാര്‍ തന്നെ മുമ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭാവിയില്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമായി പുതിയ നിയമ നിര്‍മാണം ആവശ്യമായി വന്നാല്‍ അതാലോചിക്കുമെന്നാണ് ഒന്നാം മോദി സര്‍ക്കാറിലെ നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് മുത്വലാഖ് നിരോധനത്തിന്റെ വേളയില്‍ പറഞ്ഞത്. സമീപസ്ഥമായ ഹിന്ദുത്വ രാഷ്ട്രത്തില്‍ ഏതു കോഡും പുഷ്പം പോലെ ഒരു രാപ്രഖ്യാപനത്തിലൂടെ നടപ്പാക്കാന്‍ കഴിയുമെന്നിരിക്കെ, ഇവരെന്തിനാണ് ഇടക്കിടക്ക് ഏക സിവില്‍കോഡ് കൊണ്ടുവരുമെന്ന് ഇങ്ങനെ വിളിച്ചു പറയുന്നത്?
അതാണ് കാതലായ വശം. ഏകസിവില്‍കോഡ് നിലവിലുള്ള ചെറു പ്രതിഷേധങ്ങളെയും ഏതുസമയത്തും സംഭവിച്ചേക്കാവുന്ന വന്‍ പ്രതിഷേധങ്ങളെയും പൂട്ടിക്കെട്ടാനുള്ള ഒന്നാന്തരം മരുന്നാണ്. എടുത്തു വീശുമ്പോളൊക്കെ മുസ്‌ലിങ്ങള്‍ മാത്രം ചാടിവീഴണമെന്നതുതന്നെയാണ് അവരുടെ ഒളിയജണ്ട. ഏതെങ്കിലും ഘട്ടത്തില്‍ ഇതിന്റെ അപായം മനസ്സിലാക്കി മറ്റുള്ളവര്‍ എതിര്‍ക്കാനൊരുമ്പെട്ടാല്‍ അതപകടമാണ്.
കാമ്പിനോടടുത്തപ്പോള്‍, ബഹുസ്വര പ്രതിഷേധത്തിന്റെ നാമ്പുകള്‍ മുളപൊട്ടുന്നുവെന്ന് മനസ്സിലാക്കി അതിനെ നുള്ളിക്കളയാന്‍ ക്രിസ്ത്യന്‍, ഗോത്ര വിഭാഗങ്ങളെ കോഡില്‍ നിന്നൊഴിവാക്കുമെന്ന പ്രഖ്യാപനം ഉടനടി വന്നു. ഉന്നം മുസ്‌ലിങ്ങള്‍ തന്നെയെന്ന് ദ്യോതിപ്പിക്കുകവഴി രണ്ടു കാര്യങ്ങള്‍ ഒരേസമയം സംഭവിക്കും. ഏക സിവില്‍കോഡിനെതിരായി ഉയര്‍ന്നുവരുന്ന ബഹുസ്വര പ്രതിഷേധങ്ങള്‍ തണുക്കും.
മറ്റൊന്ന്, മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം ജ്വലിപ്പിച്ചു നിര്‍ത്തുന്നതിന്റെ തുടര്‍ച്ചയിലൂടെ ഹിന്ദുത്വവാദികളെയും അവര്‍ക്ക് ആശയം കൊണ്ടും കര്‍മം കൊണ്ടും പ്രത്യക്ഷമായും മനസ്സുകൊണ്ടും പരോക്ഷമായും ആശീര്‍വാദം നല്‍കുന്ന ഒരു വലിയ ജനവിഭാഗത്തിന്റെയും പിന്തുണ ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള വഴിയെ പുഷ്ടിപ്പെടുത്തും.
ഏറ്റവും പ്രധാനമായത്, ബഹുജന പ്രതിഷേധത്തിന് കാരണമായേക്കാവുന്ന ഒരുപിടി പ്രശ്‌നങ്ങളില്‍ നിന്ന് അടിയന്തരമായും കനപ്പെട്ട മറ സൃഷ്ടിച്ചുംകൊണ്ടുള്ള ശ്രദ്ധതിരിക്കലാണ്.
ഉദാഹരണത്തിന് മണിപ്പൂര്‍ വംശഹത്യ, അന്യായമായ വിലക്കയറ്റം, കോര്‍പറേറ്റുകളുടെ വിഭവക്കൊള്ള, അശാസ്ത്രീയ വികസനത്തിന്റെ ഫലമെന്നോണം ഉത്തരേന്ത്യയിലെ അതിരൂക്ഷമായ പ്രകൃതിക്ഷോഭങ്ങള്‍, രാജ്യം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, അതിര്‍ത്തിമേഖലയില്‍ ചൈനയുടെ കടന്നുകയറ്റം, റഫാലിനു സമാനമായ പുതിയ കരാര്‍ തുടങ്ങിയ ഗൗരവതരമായ പ്രശ്‌നങ്ങളില്‍ നിന്ന് സുന്ദരമായി ശ്രദ്ധയെ വഴിതിരിച്ചുവിടല്‍.
കോഡില്‍ നിന്ന് ഒഴിവാക്കിനല്‍കുക വഴി രാജ്യത്തിന്റെ ഗോത്രമേഖലകളില്‍ നിന്നുയരുന്ന പ്രതിഷേധത്തെയടക്കം ആറിത്തണുപ്പിക്കല്‍.
അതേസമയം, മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ഏക സിവില്‍കോഡിനെ എങ്ങനെ നേരിടണം എന്ന് അറിയാത്ത അവസ്ഥയുണ്ട്. എവിടെനിന്ന് തുടങ്ങണമെന്നോ ഏതുവഴി നീങ്ങണമെന്നോ ആരെ കൂടെക്കൂട്ടണമെന്നോ പോലും അറിയാത്തവിധം ആശയക്കുഴപ്പത്തില്‍ ചാടിയിരിക്കുകയാണ് അവരെ നയിക്കുന്നുവെന്ന് പറയുന്ന സംഘടനകള്‍. കാര്യങ്ങളെ വിവേകത്തോടെ കണ്ട് നയിക്കാന്‍ ശേഷിയുള്ള ഒരു ദേശീയ നേതൃത്വം ഈ രാജ്യത്തെ മുസ്‌ലിങ്ങള്‍ക്കില്ല.
അപ്പുറത്താവട്ടെ, എല്ലാ തന്ത്രങ്ങളും നവീന സന്നാഹങ്ങളുമായി മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന പതിറ്റാണ്ടുകളുടെ പരിശീലനം നേടിയവരാണുതാനും. ഒന്നിച്ചുനിന്ന് എതിരിടാന്‍ കഴിയാത്ത വിധമുള്ള വിജഭജനയുക്തികളെ അതിന്റെ മൂര്‍ധന്യത്തില്‍ എത്തിച്ചുകൊണ്ടുള്ള കളിയാണിപ്പോള്‍ അവര്‍ കളിക്കുന്നത്. കേരളത്തില്‍ ഇന്നരങ്ങേറുന്നത് അതിന്റെ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല.
ശരീഅത്ത് വിവാദ കാലത്തുതന്നെ മുസ്‌ലിങ്ങളെ വിവേകത്തോടെ നയിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ ഇവിടെ ഇല്ലായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണിപ്പോഴും. കാലാനുസൃതമായ നവീകരണങ്ങള്‍ ചിന്തയിലും പ്രവര്‍ത്തിയും തൊട്ടുതീണ്ടിയില്ലാത്ത ഉത്തരേന്ത്യന്‍ മുല്ലാമാരും മൗലാനമാരും അധികാരത്തിന്റെ തണലില്‍ മയങ്ങുന്ന വരേണ്യ സംഘടനകളും വ്യക്തിനിയമ ബോര്‍ഡുമാണ് ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ ഏറ്റവും വലിയ ഗതികേട്.
രാജ്യത്തെ ഇതര ജനവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോഴും മുസ്‌ലിം വ്യക്തിനിയമം ‘ഇസ്‌ലാമിന്റെ അടിത്തറയാണെ’ന്നും പറഞ്ഞ് അതിന്മേല്‍ അടയിരുന്നതിന്റെ വിലയാണിന്ന് ഏക സിവില്‍കോഡിനുവേണ്ടി ഒടുക്കേണ്ടിവരുന്നത്. എല്ലാ പ്രതിരോധവും പാളിപ്പോവുന്നതിന്റെ അടിസ്ഥാന കാരണവും അതുതന്നെയാണ്.
സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വടക്കേഇന്ത്യയില്‍ പുഴുക്കളെ പോലെ നരകിക്കുന്ന മുസ്‌ലിം ജനസമൂഹം തന്നെ ഏറ്റവും വലിയ തെളിവായി നമുക്കു മുന്നിലുണ്ട്. അടുത്തിടെ പുറത്തുവന്ന സാമ്പത്തിക സര്‍വേ പോലും ഈ ഗതികെട്ട മനുഷ്യരുടെ അവസ്ഥ പുറത്തുകൊണ്ടുവന്നതാണ്. ഈ ജനവിഭാഗത്തിന് അന്തസ്സോടെ ഒന്നു നിവര്‍ന്ന് നില്‍ക്കാന്‍പോലും വഴിയൊരുക്കാത്തവര്‍ മുസ്‌ലിം സ്ത്രീയെ മൂടിപ്പുതപ്പിക്കുന്ന തിരക്കിലായിരുന്നു ഇത്രയും കാലം.
ഹിജാബും മുഖാവരണവുമാണ് മുസ്‌ലിം സ്ത്രീയുടെ ഏറ്റവും പരമമായ തെരഞ്ഞെടുപ്പെന്ന് അവര്‍ പഠിപ്പിച്ചും പ്രചരിപ്പിച്ചും വൃഥാ കാലംകഴിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ ഇക്കൂട്ടരുടെ എല്ലാ ദുര്‍ബലാവസ്ഥകളെയും മറയ്ക്കാനുള്ള ഏറ്റവും നല്ല ഉരുപ്പടിയായിരുന്നു സ്ത്രീയുടെ മേലുള്ള ഒരു തുണിക്കഷ്ണം. വ്യക്തി നിയമങ്ങള്‍ക്കകത്തും പുറത്തുമുള്ള സ്ത്രീവിരുദ്ധവും അതുകൊണ്ടുതന്നെ ഇസ്‌ലാമിക വിരുദ്ധവുമായ ആശയങ്ങളെ പ്രത്യക്ഷമായിത്തന്നെ പിന്തുണച്ചു.
ശരീഅത്ത് വിവാദ കാലത്ത് തുടങ്ങി മുത്ത്വലാഖ് നിരോധന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറങ്ങിപ്പോള്‍ വരെയും അതുകണ്ടതാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഷാബാനു എന്ന മുസ്‌ലിം സ്ത്രീ നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത വിധിക്കെതിരെ ഉറഞ്ഞു തുള്ളിയവര്‍, യഥാര്‍ഥത്തില്‍ അന്നു തന്നെ രാജ്യത്തെ മുസ്‌ലിങ്ങളുടെ ഇനിയങ്ങോട്ടുള്ള അവസ്ഥ കൃത്യമായി വെളിവാക്കുകയായിരുന്നു.
പ്രത്യക്ഷമായും പരോക്ഷമായും ശത്രുപാളയത്തില്‍ നില്‍ക്കുന്നവര്‍ക്ക് അളന്നെടുക്കാന്‍ പാകത്തില്‍ തന്നെ. പിന്നീടിങ്ങോട്ട് അതൊരിക്കലും തെറ്റിയിട്ടുമില്ല.
ഇന്ത്യന്‍ ഭരണഘടന വിശാലാര്‍ഥത്തില്‍ വിഭാവനം ചെയ്ത സമൂഹ്യനീതിയിലേക്ക് ഇസ്‌ലാമിക ഗ്രന്ഥത്തിന്റെ വെളിച്ചത്തില്‍ മുസ്‌ലിം സ്ത്രീ കൈപിടിച്ച് ഉയര്‍ത്തപ്പെട്ടപ്പോള്‍ അതിനോടുള്ള സമീപനത്തിലും പ്രയോഗത്തിലും തുടങ്ങിയ പിഴവ് തിരിച്ചറിയാനോ തിരുത്താനോ ഉള്ള ചെറിയ ശ്രമം പോലും അവിടുന്നിങ്ങോട്ട് ഈ രാജ്യത്തെ മുസ്‌ലിം ആണധികാര കേന്ദ്രങ്ങളുടെ ഭാഗത്തു നിന്നുണ്ടായില്ല എന്നിടത്തു തന്നെയാണ് ഏക സിവില്‍ കോഡ് പ്രശ്‌നത്തിന്റെ മര്‍മം കിടക്കുന്നത്.
ചര്‍ച്ചകളും സംവാദങ്ങളും അരങ്ങുതകര്‍ക്കുമ്പോള്‍തന്നെ ആരും തൊടാതെ ഇരിക്കുന്ന ഒരു സ്ഥാപനമുണ്ട്. ഏറ്റവും അടിസ്ഥാനപരമായ ചോദ്യം തറഞ്ഞു നില്‍ക്കുന്നത് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എന്ന സംവിധാനത്തിന്റെ മുഖത്തിനുനേര്‍ക്ക് തന്നെയാണ്. ഷാബാനു കേസിനുശേഷം എത്രയോ തവണ ‘മുസ്‌ലിം സ്ത്രീ’ വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചു.
പതിറ്റാണ്ടുകള്‍ ആയി നിലനില്‍ക്കുന്ന ഈ നീതിനിഷേധം പുറംസമൂഹം ചര്‍ച്ച ചെയ്യുമ്പോഴെല്ലാം അത് ഇസ്‌ലാമിനെ കരിവാരിത്തേക്കാനെന്നു പറഞ്ഞ് പുറംതിരിഞ്ഞു നില്‍ക്കുകയും യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്ത ചരിത്രമാണ് മുസ്‌ലിം സംഘടനകളുടേത്. ഏതെങ്കിലും കാലത്ത് തങ്ങള്‍ക്ക് തന്നെ ഇത് തിരിച്ചടിയാകും എന്ന തിരിച്ചറിവില്ലാത്തവരായിരുന്നോ ഇത്രയുംകാലം ഇന്ത്യാ മഹാരാജ്യത്തെ മുസ്‌ലിങ്ങകളെ നയിച്ചുപോന്നത്?
മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ട ഏതു വിഷയം ഉയര്‍ന്നുവരുമ്പോഴും/ ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴും അതിന്റെ കാലാനുസൃതമായ നവീകരണത്തെക്കുറിച്ച് ചിന്തിക്കാതെ ‘ഏകസിവില്‍കോഡ് വരുന്നേ’ എന്ന് ആര്‍ത്തു കരഞ്ഞ ഈ വിഭാഗം എതിരാളികളുടെ അജണ്ടകളെയും ലക്ഷ്യങ്ങളെയും അടിക്കടി ഊട്ടിയുറപ്പിച്ചു കൊടുക്കുകയായിരുന്നു.
മുത്ത്വലാഖ് അടക്കമുള്ള വിഷയങ്ങള്‍ എടുത്തിട്ടലക്കാനും അതുവഴി പ്രതിഛായാ നിര്‍മാണം നടത്താനും സംഘ്പരിവാര്‍ ഭരണകൂടത്തിന് പരവതാനി വിരിച്ചത് ഇക്കൂട്ടര്‍ തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല.
നമ്മുടെ ഉള്ളിലുള്ള ദൗര്‍ബല്യങ്ങളുടെ ആഴം ഏവരാലും തിരിച്ചറിയപ്പെടുന്ന കാലത്ത്, അവ പരസ്യമായി വിചാരണ ചെയ്യപ്പെടുന്ന കാലത്ത് വീണ്ടും വീണ്ടും അതിന്മേല്‍ അടയിരുന്ന് തല്‍പര കക്ഷികളുടെ നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതില്‍ നിന്ന് പിന്‍മാറാന്‍ എന്നിട്ടും ഇവര്‍ തയ്യാറാവുന്നില്ല എന്നതാണ് വേദനകരം. ‘പരസ്പര സഹായ സഹകരണ സംഘങ്ങള്‍’ എന്ന നിലയില്‍ ഇരുകൂട്ടരും മുന്നേറുകയായിരുന്നു.
ആര്‍.എസ്.എസിന്റെ പ്രത്യക്ഷ അധികാരത്തിലേക്കുള്ള വഴിയില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച ഒന്നായിരുന്നു ഏകസിവില്‍കോഡ്. എല്ലാ ജനവിഭാഗങ്ങളെയും വലയം ചെയ്യുന്ന ഒരു സിവില്‍ കോഡ് ഇവിടെ ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ല എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ജാതികളാലും ഉപജാതികളാലും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ഘടനയില്‍ ഹൈന്ദവ ആചാരങ്ങളെയും അവകാശങ്ങളെയും പോലും ഒരൊറ്റ ചരടിലേക്ക് കോര്‍ത്തുകെട്ടുക എന്നത് ഒരിക്കലും നടപ്പാക്കാനാവാത്ത ഒന്നാണ്. അതിന് ഏറ്റവും വിഘാതം നില്‍ക്കുക ഇവിടെയുള്ള ഹൈന്ദവ സമൂഹം തന്നെയായിരിക്കുമെന്ന് നിയമ വിദഗ്ധര്‍ അടക്കം നേരത്തെ പറഞ്ഞുറപ്പിച്ചിട്ടുണ്ട്?. പ്രശ്‌നം കാമ്പിനോടടുക്കുന്നുവെന്ന തോന്നലില്‍ ഇന്നത് ദൃശ്യമാവുന്നുമുണ്ട്.
എന്നാല്‍, വ്യക്തി നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട എന്തു വാദം വരുമ്പോഴും ഒരു നേര്‍ച്ച പോലെ മുസ്‌ലിം സംഘടനകള്‍ ആദ്യമേ തന്നെ സ്വന്തം നെഞ്ചിനുനേര്‍ക്കുള്ള ഉണ്ടയായി വ്യാഖ്യാനിക്കും. എന്നിട്ട് കുത്തിയിളക്കലുകള്‍ നടത്തും. ഇതു തന്നെയാണ് യഥാര്‍ഥത്തില്‍ ഭണകൂടത്തിന് വേണ്ടിയിരുന്നതും. കഴിഞ്ഞ പാര്‍ലമന്റ് തെരഞ്ഞെടുപ്പിലൂടെ നരേന്ദ്രമോദിയും അതുകഴിഞ്ഞ് യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥും കൊയ്തത് ഈ ഒച്ചപ്പാടിന്റെ ഫലം കൂടിയാണെന്ന് അറിയാത്തവര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല എന്നതാണ് നേര്.
രാജ്യത്തെ ഇതര സ്ത്രീജനങ്ങള്‍ക്ക് തുല്യ നീതിയും അവകാശവും ലഭിക്കുന്നുണ്ടോ എന്ന മറുചോദ്യം കൊണ്ടാണ് എല്ലായ്‌പോഴും മുസ്‌ലിം സ്ത്രീകളുടെ അവകാശബോധത്തെ ഇതിനകത്തുള്ളവര്‍ തന്നെ വിചാരണ ചെയ്യാറുള്ളത്.
ഇതര വിഭാഗങ്ങളില്‍ ഉണ്ടായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവരിലെ മറുപാതിയെ വലിയൊരളവില്‍ സ്വാധീനിച്ചപ്പോള്‍തന്നെയും മുസ്‌ലിം സമുദായത്തിനകത്ത് നീതിനിഷേധം സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയായിരുന്നു. മറ്റേത് ജനവിഭാഗത്തിലെ സ്ത്രീകളെക്കാളും, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുര്‍ആനില്‍ അങ്ങേയറ്റം പരിഗണിക്കപ്പെട്ട ഒരു വിഭാഗമാണ് സ്ത്രീകള്‍.
എന്നാല്‍, പതിറ്റാണ്ടുകളായി തുല്യനീതിയിലും അവകാശങ്ങളിലും എല്ലാവര്‍ക്കും പിന്നില്‍ മുഖം കുനിച്ചു നടക്കേണ്ട ദൗര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണ് ഉള്ളത്. ഒരു നിയമവും ഒരു സമൂഹത്തിന്റെയും ലക്ഷ്യമല്ല. നീതിയെന്ന ലക്ഷ്യത്തിലേക്കുള്ള വഴികള്‍ മാത്രമാണ്. ഉണരാന്‍ തുടങ്ങുന്ന ഒരു ജനതക്ക് അത് നല്‍കുന്ന ചങ്കുറപ്പ് അത്ര ചെറുതായിരിക്കില്ല. അനിവാര്യമായ ആ ഉണര്‍വിലേക്ക് മറ്റു സ്ത്രീ വിഭാഗങ്ങളെ പോലെ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് നടന്നുകയാറാനായില്ല എന്നത് കൈപ്പേറിയ യാഥാര്‍ഥ്യമാണ്.
രാജ്യത്തിന്റെ വിശാലമായ ഭൂമികയില്‍ ഏറ്റവും അധസ്ഥിത വിഭാഗങ്ങളിലൊന്നായി നിലകൊള്ളുന്ന മുസ്‌ലിങ്ങളുടെ ഇടയില്‍ അതിനേക്കാള്‍ പതിതരായി ജീവിതം തള്ളിനീക്കുന്ന ഒട്ടൊരുപാട് പെണ്‍ ജന്മങ്ങളുണ്ട്. നിര്‍വചനങ്ങളാലും വിശേഷണങ്ങളാലും പലകൂട്ടരുടെ പിടിവലികള്‍ക്കും അജണ്ടകള്‍ക്കുമിടിയില്‍ ജീവിതം കൊരുത്തുപോയ ഈ വിഭാഗത്തിനുവേണ്ടി അതിനകത്തു നിന്നുതന്നെ അവഗണിക്കാനാവാത്ത ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ട് കാലമെത്രയോ ആയി.
മുത്ത്വലാഖ് വിഷയത്തിലടക്കം അതു സംഭവിച്ചു. ഈ ഇരകളെ ഗൗനിക്കാന്‍ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അടക്കം തയ്യാറായില്ല. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് വനിതാ പ്രതിനിധികളെതന്നെ അയച്ച് പെണ്ണുങ്ങളെ ചെന്നുകണ്ട് മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാക്കി മുത്ത്വലാഖിന് അനുകൂലമായി ഒപ്പുശേഖരണം നടത്തുകയായിരുന്നു ബോര്‍ഡ് അന്ന് ചെയ്തത്.
അത്തരമൊരു സന്ദര്‍ഭത്തിലാണ് മുസ്‌ലിം സ്ത്രീകളുടെ ‘രക്ഷക’ വേഷം ചമഞ്ഞ് സംഘ്പരിവാര്‍ ഭരണകൂടം രംഗപ്രവേശം ചെയ്യുകയും അതൊരു അവസരമാക്കി മാറ്റുകയും ചെയ്തത്.
മുസ്‌ലിം സ്ത്രീക്കും പുരുഷനും പ്രതിലോമകരമായി തീര്‍ന്ന മുത്ത്വലാഖ് നിയമത്തെക്കുറിച്ച് പിന്നെ പറയേണ്ടതില്ലല്ലോ? എന്നിട്ടുപോലും വ്യക്തിനിയമത്തിനകത്തെ അപാകതകള്‍ പരിഹരിക്കാന്‍ ഇവരാരും മുതിര്‍ന്നില്ല! മുസ്‌ലിങ്ങളുടെ മൊത്തം ഉടമാവകാശം ഏറ്റെടുത്ത ഈ ബോര്‍ഡിന് കേവലം ഒരു എന്‍.ജി.ഒ യുടെ വിലയല്ലാതെ മറ്റൊന്നുമില്ല എന്നുകൂടി അന്നു തെളിഞ്ഞു.
ശരീഅത്ത് നിയമങ്ങള്‍ മാറ്റത്തിന് വിധേയമാക്കാന്‍ പാടില്ലെന്ന് ഇവര്‍ പറയുന്നിടത്ത്, മുസ്‌ലിം പുരുഷന്‍മാന്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവയില്‍ കാലാകാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക അവകാശ- അധികാരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭീതി തന്നെയാണ്. കുടുംബം നോക്കല്‍ ബാധ്യതയല്ലാത്ത കാലത്തുപോലും ഇസ്‌ലാം സ്ത്രീയെ സ്വത്തില്‍ പാതിയുടെ അവകാശിയാക്കിയെങ്കില്‍, സ്വന്തമായി ജോലി ചെയ്ത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയേല്‍ക്കേണ്ടിവരുന്ന നവ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ അവകാശത്തിന് അര്‍ഹതയുണ്ടെന്ന നീതിപൂര്‍വമായ ഖുര്‍ആനിക പക്ഷം അതില്‍ കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടെന്നുമല്ല അത്.
എതിരാളിയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്താണ് ഫാഷിസം എല്ലാകാലത്തും വളര്‍ന്നിട്ടുള്ളത്.
ഈ ദൗര്‍ബല്യങ്ങളെ കെട്ടിപ്പൊതിഞ്ഞുവെക്കുന്നിടത്തോളം കാലം അവര്‍ ദംഷ്ട്രകള്‍ പ്രയോഗിച്ചു കൊണ്ടിരിക്കും. വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിച്ച നിരവധി മുസ്‌ലിം രാഷ്ട്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവിടെയൊന്നും ഇസ്‌ലാം തകര്‍ന്നതായി അറിവില്ല. എടുത്തും കൊടുത്തും കൊണ്ടല്ലാതെ നിയമത്തിന് വളരാനാവില്ല. നിയമം എന്നത് ഒരു കാലത്തില്‍ നിശ്ചലമായി നില്‍ക്കേണ്ടതുമല്ല. അതു മുന്നോട്ടു പോവുന്ന സമൂഹത്തെ പിന്നോട്ടു വലിക്കാനുള്ളതുമല്ല. ആ അര്‍ഥത്തില്‍ ചില ഖുര്‍ആനിക നിയമങ്ങളില്‍ ‘ഇജ്തിഹാദ്’ (ഗവേഷണം) അടക്കം ആവശ്യമായി വരും.
ഒപ്പുശേഖരണ നാടകത്തിനു പകരം മുസ്‌ലിം സ്ത്രീകളുടെ ഇടയില്‍ സത്യസന്ധമായ ഒരു ഹിത പരിശോധന നടത്തി അതിനനുസൃതമായ നീക്കങ്ങള്‍ക്ക് അടിത്തറ പാകിയിരുന്നുവെങ്കില്‍ മുത്ത്വലാഖില്‍ മോദി സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത ‘പ്രതിഛായ’ നേരെ തിരിഞ്ഞ് ഈ ബോര്‍ഡില്‍ ചെന്നു നില്‍ക്കുമായിരുന്നു. മുത്ത്വലാഖ് അടക്കം മുസ്‌ലിം സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ പരിശോധനാ വിധേയമാക്കാനുള്ള സമിതിയെ നിയോഗിക്കാമായിരുന്നു.
മുന്‍വിധികളും പക്ഷപാതിത്വങ്ങളും സങ്കുചിതത്വങ്ങളും മാറ്റിവെച്ച് എന്താണ് അവര്‍ പറയുന്നതെന്നും അതില്‍ നിന്ന് സ്വീകാര്യമായവ എന്താണെന്നും പരിശോധിക്കാന്‍ തയാറാവണമായിരുന്നു. നിയമജ്ഞരും മുസ്‌ലിം വനിതാ പ്രതിനിധികളും ഇസ്‌ലാമിക പണ്ഡിതന്‍മാരും പണ്ഡിതകളും സാമൂഹ്യ ശാസ്ത്രജ്ഞരും പൊതു ജനപ്രതിനിധികളും അടക്കം പല വ്യക്തിത്വങ്ങളെ ഉള്‍കൊള്ളുന്ന ഒരു സംവിധാനത്തിലൂടെ പരിഷ്‌കാര ശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കണമായിരുന്നു.
അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് മുത്വലാഖ് അനിസ്‌ലാമികമാണെന്നും അത് നിരോധിക്കണമെന്നോ കര്‍ശനമായി നിയന്ത്രിക്കണമെന്നോ ഉള്ള ആവശ്യം നേരെ മുന്നോട്ടുവെച്ചിരുന്നുവെങ്കില്‍ (അടിയുറഞ്ഞ ആണധികാരണ ഘടനയില്‍ അങ്ങനെ സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നതുതന്നെ മൂഢത്വമാണ് എന്നറിയാഞ്ഞിട്ടല്ല?) ഇന്ന് രാജ്യത്തെ മുസ്‌ലിങ്ങകള്‍ക്ക് ഇത്ര വേവലാതിപ്പെടേണ്ടി വരുമായിരുന്നില്ല. അതിനേക്കാള്‍ ഉപരി ഫാഷിസ്റ്റുകള്‍ ഇത്രകാലം കൊണ്ട് നടന്ന മൂര്‍ച്ചയേറിയ ആയുധത്തിന്റെ മുന സമര്‍ഥമായി ഒടിക്കലുമാകുമായിരുന്നു അത്.
കേവല മതാധികാര ബോഡി എന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഏറ്റവും പുരോഗമനപരമായ വഴിയില്‍ നയിക്കുക എന്ന ചുമതല ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയാത്ത ഇങ്ങനെയൊരു ബോര്‍ഡിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഇനി കേരളത്തിലേക്ക് വന്നാല്‍, ഭരണകക്ഷിയും ഹിന്ദുത്വ ഫാഷിസത്തെ ശത്രുവായി കാണുകയും ചെയ്യുന്ന സി.പി.ഐ.എം ഏകസിവില്‍കോഡ് വിഷയത്തില്‍ എടുത്ത നിലപാട് അനുകൂലവും പ്രതികൂലവുമായ ഒരുപാട് അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാവുന്നുണ്ട്.
ഒരു മതേതര പാര്‍ട്ടിയെന്ന നിലയില്‍ അവര്‍ പ്രതിരോധമുഖം തുറക്കുന്നതില്‍ തെറ്റുപറയാനാവില്ല. പുതിയ സാഹചര്യത്തില്‍ അത് അനിവാര്യവുമാണ്. പക്ഷെ, അതിന്റെ യാഥാര്‍ഥ ലക്ഷ്യവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ മുഖവിലക്കെടുക്കാതിരിക്കാനുമാവില്ല. മുസ്‌ലിം സംഘടനകളെയടക്കം വിളിച്ചുചേര്‍ത്ത ഏകസിവില്‍ കോഡിനെതിരായ ദേശീയ ജനകീയ സെമിനാര്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മുസ്‌ലിം ലീഗ് വിട്ടുനിന്നതും മുസ്‌ലിം സ്ത്രീ പ്രാതിനിധ്യമില്ലാത്തതുമടക്കം പല തരത്തിലുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍കൂടിയാണ് ഇത് ചേരുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുസ്‌ലിങ്ങളുടെ ഇടയിലെ വിശ്വാസ്യത ഉയര്‍ത്തുന്നതില്‍ പാര്‍ട്ടിക്കു സംഭവിച്ച അപചയം പരാമര്‍ശിക്കാതിരിക്കാനാവില്ല. ഒരു ഉദാഹരണം മാത്രം. ഇടതുപക്ഷ സാംസ്‌കാരിക നായകനും പ്രഭാഷകനുമായ കെ.ഇ.എന്നിനുനേര്‍ക്ക് അടുത്തിടെയായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളുടെ സ്വഭാവം നോക്കിയാല്‍ മതി.
ഒരു സെക്കുലര്‍ സമൂഹത്തില്‍ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന രണ്ടാംകിട പൗരത്വത്തെക്കുറിച്ചും വിവേചനത്തെയും കുറിച്ച് അദ്ദേഹം പറഞ്ഞുതുടങ്ങുന്നതുമുതല്‍ പാര്‍ട്ടിക്കകത്തുനിന്നുപോലും അദ്ദേഹം ഒറ്റപ്പെട്ടുപോയതുപോലെയുള്ള പ്രതീതി ഉണ്ടായിട്ടുണ്ട്. ഇന്ന് നടക്കുന്ന സെമിനാറില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധേയവുമാണ്. മുസ്‌ലിം സ്വത്വം പേരില്‍ പോലും എടുത്തണിയാത്ത കെ.ഇ.എന്‍ സമൂഹ മാധ്യമങ്ങളില്‍ തീവ്രവാദി വിളികളാല്‍ ആക്രമിക്കപ്പെടുന്നതില്‍ നല്ലൊരളവ് പാര്‍ട്ടി അണികളില്‍ നിന്നുകൂടിയാണ്.
ഇടതുപക്ഷം അനിവാര്യമായും ഉള്‍ചേര്‍ത്തിരിക്കേണ്ട സ്വത്വ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞുതുടങ്ങിയ ആളാണ് കെ.ഇ.എന്‍.
അതേറ്റവും ഉജ്ജ്വലമായ രാഷ്ട്രീയമായിരുന്നു. എന്നാല്‍, അതിനുശേഷം അദ്ദേഹം പല നിലക്ക് ഒറ്റപ്പെടുകയോ അരികുവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വിഭിന്ന വര്‍ഗങ്ങളെപോലെ വിഭിന്ന സ്വത്വങ്ങളില്‍ പെട്ടവരെയും ഇടതുപരിപ്രേക്ഷ്യത്തിലേക്ക് ഉള്‍ചേര്‍ത്ത് പാര്‍ട്ടിയെയും അതുവഴി ജനാധിപത്യത്തെയും ശക്തിപ്പെടുത്തേണ്ടതിന് പകരം അന്യവല്‍ക്കരണമാണ് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കടക്കം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അനുഭവിക്കേണ്ടിവന്നത്.
അതിന്റെ ഒരു പ്രത്യാഘാതമായി, ഇടതുവിരുദ്ധത മുഖമുദ്രയാക്കിയ മുസ്‌ലിം സംഘടനകള്‍ ഈ ജനതയുടെ സംരക്ഷകരായി രംഗപ്രവേശം ചെയ്യുന്നതായി വന്നു. അതുവഴി അപകടകരമായ സ്വത്വ രാഷ്ട്രീയം മുസ്‌ലിങ്ങളിലെ ന്യൂനാല്‍ ന്യൂനപക്ഷങ്ങളിലേക്ക് കുടിയേറി. പാര്‍ട്ടിയുടെ വലതുപക്ഷ വ്യതിയാനവും ചില വിഭാഗങ്ങളോടുള്ള അസ്പൃശ്യതയും ഒക്കെ അതിനു വളമേകി.
പാര്‍ട്ടിയില്‍ മുസ്‌ലിങ്ങള്‍ക്ക് അവിശ്വാസം മുളപൊട്ടി എന്നത് യാഥാര്‍ഥ്യമാണ്.ഇക്കാലയളവില്‍ സംഘ്പരിവാരത്തെ എതിരിടാന്‍ വിശ്വസിച്ച് നില്‍ക്കാവുന്ന ചേരി എന്നതില്‍ അവരില്‍ സംശയമുണ്ടായി. വോട്ടുബാങ്ക് രാഷ്ട്രീയതിനപ്പുറം പാര്‍ട്ടിയുടെ സംഘ് വിരുദ്ധത മൂര്‍ത്തമായതല്ല എന്ന് പല സന്ദര്‍ഭങ്ങളില്‍ വെളിപ്പെട്ടു.
സി.എ.എ വിരുദ്ധ സമരകാലത്തില്‍ ഈ സര്‍ക്കാര്‍ എടുത്ത ഡസന്‍ കണക്കിനു കേസുകള്‍ പിന്‍വലിക്കാതെ കിടക്കുന്നതൊക്കെ എടുത്തുപറയേണ്ടതു തന്നെയാണ്.
ഈ അവിശ്വാസത്തെ മറികടക്കാന്‍ ഇപ്പോള്‍ വീണു കിട്ടിയ അവസരമായി യു.സി.സിയെ പാര്‍ട്ടി ഉപയോഗിക്കുക്കയാണെന്ന ആരോപണവും ശക്തമാവുന്നത് അതുകൊണ്ടൊക്കെ കൂടിയാണ്. രക്ഷാകര്‍തൃത്വത്തിനുവേണ്ടിയുള്ള പിടിവലിയില്‍ വിട്ടുകൊടുക്കാന്‍ മുസ്ലിം ലീഗും തയ്യാറല്ല.
എല്ലാ സംഘടനകളിലേക്കും ഗ്രൂപുകളിലേക്കുമുള്ള സംഘ്പരിവാരത്തിന്റെ നുഴഞ്ഞുകയറ്റം ഇടതു പാര്‍ട്ടികളിലും സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേരത്തെതന്നെ സംഘ്പരിവാരത്തിന്റെ ബി ടീമെന്നവണ്ണം പ്രവര്‍ത്തിച്ച് മുസ്‌ലിം വിരുദ്ധതയില്‍ പല സന്ദര്‍ഭങ്ങളിലായി യോഗ്യത തെളിയിച്ചുകഴിഞ്ഞതാണ്.
മറ്റൊന്ന്, സി.പി.ഐ.എമ്മിന്റെ തീവ്രത പോരാഞ്ഞ് അതില്‍ നിന്നും വിട്ടുപോയ ആര്‍.എം.പിക്കാര്‍ രണ്ടുവര്‍ഷം മുമ്പ് കോഴിക്കോട് നടത്തിയ വിജയന്‍ മാഷ് അനുസ്മരണത്തില്‍ നടന്ന ഒരു സംഭവം. അന്ന് പ്രമുഖ ആക്ടിവിസ്റ്റ് പ്രഫ. നീര ചന്ദോക്ക് നടത്തിയ അനുസ്മര പ്രഭാഷണത്തില്‍ കശ്മീര്‍ വിഭജനത്തിന്റെയും പ്രത്യേകാവകാശ നിയമം എടുത്തുകളഞ്ഞതിനെയും വിമര്‍ശിച്ചു സംസാരിച്ചപ്പോള്‍ അതിനെതിരെ എഴുന്നേറ്റുനിന്ന് ചോദ്യം ചെയ്ത് ക്ഷുഭിതനായി സംസാരിച്ചത് ഒരു ആര്‍.എം.പി മെമ്പര്‍ ആയിരുന്നു! ആശയമായും ആളായും ഇന്‍ഫില്‍ട്രേഷന്‍ അത്രത്തോളം ആഴത്തില്‍ സംഭവിച്ചുകഴിഞ്ഞു എന്നതിന് ഇതൊക്കെ പോരെ തെളിവ്?
ഹിന്ദുത്വ രാഷ്ട്രം എന്നത് സൂപ്പര്‍ കോര്‍പറേറ്റ് രാഷ്ട്രമായിരിക്കുമെന്നും അവിടെ 80 ശതമാനം ജനങ്ങളും നിലവിലുള്ളതിനേക്കാള്‍ മോശമായ അവസ്ഥയില്‍ കൊള്ളയടിക്ക് വിധേയരായി ജീവിക്കേണ്ടിവരുമെന്നമുള്ള ബോധമാണ് അടിയന്തരമായി ഉണ്ടോവേണ്ടത്. ജാതി മത ഭേദമന്യേ ഇന്ത്യന്‍ ജനതക്ക് അനുഭവിക്കാനുള്ള ഭൂസമ്പന്നത്തും ഇതര വിഭവങ്ങളും തൊഴില്‍ സ്ഥിരതയും ഒക്കെ കൊള്ളയടിക്കാനായി തീറെഴുതുന്ന തിരക്കിലാണിവരെന്നുമുള്ള കോര്‍പറേറ്റ് വിരുദ്ധ പൊതുബോധം ഉണ്ടാക്കാനെങ്കിലും ഈ പാര്‍ട്ടികള്‍ക്കു കഴിഞ്ഞിരുന്നുങ്കെില്‍ യു.സി.സിയുടെ പേരില്‍ ഇങ്ങനെ ഇരുട്ടില്‍ തപ്പേണ്ട ഗതികേടുണ്ടാവുമായിരുന്നില്ല.
കഴുത്തറ്റം മുങ്ങിയ ഈ അവസ്ഥയില്‍ ഇനിയെങ്കിലും അധികാര-വോട്ടു ബാങ്കു രാഷ്ട്രീയം മാറ്റിവെച്ച് യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കുനേരെ അവശേഷിക്കുന്ന ജനാധിപത്യ വിശ്വാസികളെയും ഇരകളാക്കപ്പെടുന്ന നാനാ ജാതി മത വിഭാഗങ്ങളെയും മുന്നില്‍ കണ്ട് മാസ് കാമ്പയിന്‍ നടത്താന്‍ ഇറങ്ങിയാല്‍ കൊള്ളാം. വോട്ടു ബാങ്ക് രാഷ്ട്രീയം മാറ്റിവെക്കൂ. ചുവരുണ്ടെങ്കിലല്ലേ ചിത്രം വരയ്ക്കാനാവൂ. ചുവരുകള്‍ അതിവേഗം പൊളിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധ്യമെങ്കിലും ഈ സന്ദര്‍ഭത്തില്‍ ഉണ്ടാവട്ടെ.
content highlights: vp rajeena writes about Uniform Civil Code