| Friday, 8th March 2024, 5:35 pm

ഇസ്‌ലാമോഫോബിയ തുരുമ്പ് പിടിച്ച പിച്ചാത്തി

വി.പി റജീന

ഇന്നത്തെ ഭീകരമായ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തെ കേവലം ഇസ്‌ലാമോഫോബിയ ഉന്നയിച്ചുകൊണ്ട് തോല്‍പ്പിക്കാന്‍ കഴിയുന്നതല്ല. അത് വളരെ വളരെ ആഴത്തില്‍ വേരുകളുള്ളതാണ്. ആ വേരുകളാവട്ടെ പലതുമായും കെട്ടുപിണഞ്ഞു കിടക്കുന്നതും.

അപരവല്‍ക്കണം എന്നത് അതിന്റെ ബാഹ്യമായ പുറന്തോട് മാത്രമാണ്. അതുകൊണ്ട് ഇസ്‌ലാമോഫോബിയ പറഞ്ഞുകൊണ്ട് ഫാസ ിസത്തെയോ നവ സാമ്രാജ്യത്വ അജണ്ടകളെയോ തോല്‍പിക്കാമെന്നത് ഏറ്റവും വലിയ മൗഢ്യമാണ്. തൊലിപ്പുറത്തെ ഈ ചികിത്സ ഫലിക്കാന്‍ പോണില്ല. അതിന്റെയൊക്കെ സമയം കഴിഞ്ഞിരിക്കുന്നു.

എന്തിനെയാണോ എതിര്‍ക്കുന്നത് അതിനെ ഉറപ്പിച്ചെടുക്കുക എന്നുള്ളതാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയതന്ത്രം. അഥവാ നെഗറ്റീവ് പബ്ലിസിറ്റി. ഇത് ലോകത്തുടനീളം തീവ്ര വലതുപക്ഷക്കാര്‍ പരീക്ഷിച്ച് വിജയം കണ്ടതാണ്.

സംഘപരിവാറുകാര്‍ വിളമ്പുന്ന വിഡ്ഢിത്തം പോലും അവരെ അജണ്ടകളുടെ കേന്ദ്രബിന്ദുവില്‍ തറപ്പിച്ചു നിര്‍ത്താനുള്ള തന്ത്രങ്ങളായിരുന്നു എന്നോര്‍ക്കണം. ആ വിഡ്ഢിത്തങ്ങള്‍ ട്രോളുകളായും ഹാസ്യമായും ഫോര്‍വേഡുകളായും തള്ളിവിടുമ്പോള്‍ അവര്‍ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ ആളുകളില്‍ ഉറയ്ക്കുകയായിരുന്നു.

നാലുനേരം ‘ഇസ്‌ലാമോഫോബിയ’ എന്ന് മുസ്‌ലിങ്ങളെക്കൊണ്ട് വിളിച്ചുപറയിക്കുന്നതും ആ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇനിയും തിരിച്ചറിയാത്തവരാണ് ഇവിടെയുള്ള മുസ്‌ലിങ്ങള്‍.

ഈ തന്ത്രം അവര്‍ ഇവിടെ പയറ്റുന്നത് മുസ്‌ലിങ്ങളുടെ ‘രക്ഷകരായി’ കുപ്പായമിട്ടുനടക്കുന്ന സംഘടനകളെക്കൊണ്ടാണ്. അവര്‍ക്ക് സൈദ്ധാന്തിക അടിത്തറയുണ്ടാക്കിക്കൊടുക്കുന്ന ബുദ്ധിജീവികളെയും അക്കാദമിക്കുകളെയും ഗവേഷകരെയും കൊണ്ടാണ്.

വിവേകത്തെ ഉദ്ദീപിപ്പിച്ച് കാതലായ പ്രശ്‌നത്തെ അഡ്രസ് ചെയ്യാന്‍ കഴിയാത്ത വിധം വൈകാരിക വിക്ഷുബ്ദതയിലേക്ക് നയിച്ച് ഈ ജനവിഭാഗത്തിന്റെ ശ്രദ്ധയെയും ഐക്യത്തെയും ചിതറിത്തെറിപ്പിക്കുക എന്ന അവരുടെ തന്ത്രവും അതിന്റെ ഫലം കൊയ്തുതുടങ്ങിയിരിക്കുന്നു.

നാരായവേരില്‍ തൊടാത്ത ദിശതെറ്റിയ എതിര്‍പ്പുകളെ സ്വാഗതം ചെയ്യുകയും ആ എതിര്‍പ്പുകള്‍ കണ്ട് ഉള്ളാലെ അത്യാഹ്ലാദത്തില്‍ ചിരിക്കുകയുമാണ് വാസ്തവത്തില്‍ സംഘപരിവാരം ചെയ്യുന്നത്.

കാലാനുസൃതവും ആഴത്തിലുള്ളതുമായ പ്രതിരോധങ്ങളിലേക്ക് കടക്കേണ്ടതിനു പകരം കാലഹരണപ്പെട്ട വഴികളിലൂടെ തന്നെ സഞ്ചരിക്കുകയാണ് മുസ്‌ലിങ്ങള്‍.

ഇസ്‌ലാമോഫോബിയ എന്ന തൊലിപ്പുറ ചികില്‍സ കൊണ്ട് ഈ ഭീകര വ്യവസ്ഥക്ക് ഒരു പോറലേല്‍പിക്കാന്‍ പോലുമാവില്ല. മാത്രമല്ല, മാനവരാശിയുടെ ശത്രുക്കള്‍ ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്.

അകത്തേക്ക് കയറാന്‍ ഭയപ്പെടുന്ന, പുറംവാതില്‍ക്കല്‍ നിന്ന് ചുറ്റിക്കറങ്ങി തങ്ങള്‍ക്കനുകൂലമായ മറ ഒരുക്കി നല്‍കുന്നവരെ തന്നെയാണ് അവര്‍ക്കു വേണ്ടതും. നവ ഫാഷിസ്റ്റ്-കൊളോണിയല്‍ വ്യവസ്ഥക്കെതിരെ എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുന്ന മത-സംഘടനാ നേതൃത്വങ്ങളുടെ കയ്യിലെ ഏക ആയുധമായിക്കഴിഞ്ഞിരിക്കുന്നു ഇസ്‌ലാമോഫോബിയ. അത് തുരുമ്പ് പിടിച്ച് ഒടിയാറായ പിച്ചാത്തിയല്ലാതെ മറ്റൊന്നുമല്ല.

ലോകത്ത് ഇന്ന് ആഘോഷിക്കപ്പെടുന്ന മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിനു വേണ്ടി കാര്യമായ സംഭാവന നല്‍കിയും കുറുമുന്നണി രൂപീകരിച്ചും അകത്തും പുറത്തും ഐക്യപ്പെടുന്ന ‘സത്യവേദക്കാരെ’യും അവരുടെ നേതാക്കളും പ്രായോജകരുമായ അറബ്-അറബ് ഇതര മുസ്‌ലിം ഭരണകൂടങ്ങളെയും തൊടാതെയും വിചാരണ ചെയ്യാതെയും നിങ്ങള്‍ക്ക് ഒരു നൈതികതയെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കാനാവില്ല.

യഥാര്‍ഥത്തില്‍, ഹിന്ദുത്വ ഫാഷിസത്തെ ഉടുക്ക് കൊട്ടി പേടിപ്പിക്കാനിറങ്ങിയിരിക്കുകയാണ് ഈ സംഘടനാ വ്യവഹാരികള്‍.
ഫാഷിസ്റ്റ് ഭരണകൂടം എന്തെങ്കിലും തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും നടപ്പാക്കുമ്പോഴും മാത്രം വിജ്രംഭിക്കുന്നതാണ് ഈ കൂട്ടരുടെയൊക്കെ പ്രതിരോധം.

നൂറ് വര്‍ഷത്തിലേറെയായി ഇവിടെ നിശബ്ദമായി പണിയെടുക്കുന്ന സംഘപരിവാരത്തെ തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് അപ്പപ്പോള്‍ തോന്നുന്ന വികാരത്തള്ളിച്ചയില്‍ സമ്മേളന മഹാമഹങ്ങളും ഒച്ചപ്പാടുകളുംകൊണ്ട് അണികളെ കബളിപ്പിക്കുന്ന പണി അന്നും ഇന്നും തുടരുകയാണ്.

ഫാഷിസത്തിനെതിരെ ഉറഞ്ഞുതുള്ളി നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളുടെ തിരതള്ളല്‍കൊണ്ട് സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പുളകിതമാവുന്ന കാഴ്ചയില്‍ ‘ഇതാ ഫാഷിസം മുട്ടുമടക്കാന്‍ പോവുന്നു’ എന്ന സന്തോഷത്തില്‍ നിര്‍വൃതിയടഞ്ഞ് തത്ക്കാലത്തേക്ക് എല്ലാം മാറ്റിവെച്ച് നേതാക്കള്‍ വേറെ പണിക്കുപോവും.

പ്രത്യേകിച്ച്, മതത്തിനകത്തെ പെണ്ണുങ്ങളെ നന്നാക്കലാണ് അതിലെ മുഖ്യയിനം. യൂട്യൂബ്-വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികള്‍ വന്നതോടെ ആ കച്ചവടം പഴയതിലും പൊടിപാറ്റുന്നു. ചിലര്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് പഴയ കളി പൂര്‍വാധികം ശക്തിയില്‍ തുടരുന്നു.

മറ്റു ചിലര്‍ അധികാരത്തിന്റെ ദല്ലാള്‍ കുപ്പായമിടുന്നു. എന്നാല്‍, തുടങ്ങിയതില്‍നിന്ന് ശ്രദ്ധ അണുവിട മാറ്റാതെ ഭരണകൂടം അപ്പോഴും പണിയെടുക്കുന്നു. അങ്ങനെ അടുത്ത നയമോ നിയമമോ വരുമ്പോള്‍ വീണ്ടും ഉറഞ്ഞുതുള്ളും. ഇതാണ് കാലങ്ങളായി മുസ്‌ലിം സംഘടകള്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

അതിന്റെ ഏറ്റവും ഒടുക്കം കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ഇത്രകാലം ഒന്നിച്ചുനിന്ന് പോരാടാന്‍ മനസ്സുവെക്കാത്തവരിപ്പോള്‍ സമുദായ ഐക്യത്തിനുള്ള ആഹ്വാനങ്ങള്‍ നടത്തുന്നു.

യഥാര്‍ഥത്തില്‍ വൈകി ഉദിക്കുന്ന ബുദ്ധി, കോടതി പിരിഞ്ഞതിനുശേഷമുള്ള ലോ പോയിന്റ് എന്നീ പ്രയോഗങ്ങള്‍ക്ക് എവിടെയെങ്കിലും സ്‌കോപ്പുണ്ടെങ്കില്‍ അതിവിടെയാണ്. വാസ്തവത്തില്‍ മുസ്‌ലിം സംഘടനകളുടെ കയ്യില്‍ ഫാഷിസത്തെ പ്രതിരോധിക്കാന്‍ എന്തെങ്കിലുമുണ്ടോ? ഒന്നുമില്ലെന്ന് മാത്രമല്ല, അവ കേവലം ഓട്ടക്കലങ്ങള്‍ മാത്രമാണെന്നതിന് തെളിവാണ് മുസ്‌ലിങ്ങളുടെ സമകാലീന സാഹചര്യം. അപ്പോള്‍ പിന്നെ ഇസ്‌ലാമോഫോബിയ എന്ന തുരുമ്പിച്ച കത്തിയെടുത്ത് വീശുകയല്ലാതെ വേറെ നിവൃത്തിയില്ല.

ഈ കണ്ണോടെ മാത്രം ഏതൊരു നീക്കത്തെയും കാണുമ്പോള്‍ സംഭവിക്കുന്നത്, വീണ്ടും വീണ്ടും എതിരാളികളുടെ തന്ത്രത്തില്‍ തലവെച്ചു കൊടുക്കുന്നു എന്നതാണ്.

യഥാര്‍ഥത്തില്‍ കേവലമായ ഇസ്‌ലാമോഫോബിയ അല്ല ഇവിടെയുള്ളത്. അതിബൃഹത്തായ ഹിഡന്‍ അജണ്ടകളോടെയുള്ള ഏറ്റവും നിന്ദ്യവും നികൃഷ്ടവുമായ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന്റെ അടിത്തറ മുസ്‌ലിം വിദ്വേഷം മാത്രമല്ല, മറിച്ച് നവലോകക്രമത്തിന്റെ അജണ്ടകള്‍ വേവിച്ചെടുക്കല്‍ കൂടിയാണ്.

അതിനുവേണ്ടി സമര്‍ഥമായി ഉപയോഗിക്കപ്പെടുന്ന ഇരകളെന്ന നിലയില്‍ അതൊരിക്കലും തിരിച്ചറിയാനുള്ള ശേഷിയുണ്ടായില്ല എന്നതാണ് മുസ്‌ലിം ലോകത്താകമാനമുള്ള പ്രതിരോധ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ വീഴ്ച.

വേട്ടക്കാരുടെ ചേരിയിലേക്ക് ‘കോര്‍പറേറ്റ് ഇസ്‌ലാമിന്റെ’ വക്താക്കളും ഫാഷിസ്റ്റ് വിധേയത്വ ‘സത്യവേദ’ക്കാരുമൊക്കെ ചെന്നു നില്‍ക്കുന്നത് ഇന്നുമവര്‍ക്ക് ഇസ്‌ലാമോഫോബിയ പോലെ ചര്‍ച്ച ചെയ്യേണ്ട വിഷയമേയല്ല.

ഇനി, ഇസ്‌ലാമോഫോബിയ എന്നത് ഒരു കടുത്ത യാഥാര്‍ഥ്യമാവണമെങ്കില്‍ അങ്ങനെ പേടിക്കേണ്ടതും ഇല്ലാതാക്കേണ്ടതുമായ ഒരു ഇസ്‌ലാം ഇന്നിവിടെ ഉണ്ടെങ്കിലല്ലേ? ഇക്കാണുന്ന മത പ്രമാണിത്വം വ്യാഖ്യാനിച്ചതാണോ ആ ഇസ്‌ലാം?

സാമാന്യ വിവേകമോ ചിന്തയിലും ആശയത്തിലും കാലാനുസൃതമായ പുതുക്കലുകളോ അപായങ്ങളെ മുന്‍കൂട്ടി കാണാനുള്ള ശേഷിയോ വിശകലന ശേഷിയോ ഒന്നുമില്ലാത്തവരാല്‍ നയിക്കപ്പെടുന്ന, ആധുനികമായ എല്ലാതരം അധികാര വ്യവസഥയോടും സ്ഥാനങ്ങളോടും രാജിയാവുന്ന, സാമൂഹ്യ നീതി-തുല്യത തുടങ്ങിയ മൂല്യങ്ങളെ മുഖവിലക്കെടുക്കാന്‍ കൂട്ടാക്കാത്ത, ഒരു മതവിഭാഗം എന്നനിലയില്‍ ഒന്നിക്കാനാവാതെ സ്വന്തം വിശ്വാസം കൊണ്ട് വിഭജന യുക്തികള്‍ തീര്‍ത്ത ഈ ദുര്‍ബല ‘ഇസ്‌ലാമി’നെ ശത്രുക്കള്‍ എന്തിന് ഭയക്കണം?

ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസമുണ്ട് ഖുര്‍ആന്‍ പ്രസരിപ്പിക്കുന്ന ആശയ ദര്‍ശനമായ ഇസ്‌ലാമും നിലവില്‍ ലോകം ആചരിച്ചുവരുന്ന പ്രബലരുടെ ‘ഇസ്‌ലാമും’ തമ്മില്‍. അതുകൊണ്ട് ഈ ഇസ്‌ലാമിനെ ഒരു ശത്രുവിനും പേടിയില്ല.

പേടിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം പഴന്തുണിയായി കീറിപ്പറിഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ രക്ഷകവേഷത്തെ അനുയായി വൃന്ദത്തിനകത്തും പുറത്തും ഊട്ടിയുറപ്പിക്കലാണ്. ‘നിങ്ങള്‍ അപായത്തിലകപ്പെടുമ്പോള്‍ ഞങ്ങള്‍ മാത്രമേ രക്ഷകരായുണ്ടാവൂ’ എന്ന ഏറ്റവും പരിമിതമായ അജണ്ട സ്ഥാപിച്ചെടുക്കലാണ് ലക്ഷ്യം.

ഇതുതന്നെയാണ് സംഘപരിവാരം രാജ്യത്തെ ഒരു വിഭാഗത്തോടും പറയുന്നത്. ആ പ്രചാരണത്തില്‍ വീഴുന്ന ജനങ്ങളിലൂടെ വേവിച്ചെടുക്കുന്ന ‘അപരവല്‍ക്കരണം’ ഇസ്‌ലാം ഭീതിയുടേതല്ല, മറിച്ച് ആഴത്തില്‍ വേരോടിയതും വമ്പന്‍ അജണ്ടകളിലൂന്നിയതുമായ മുസ്‌ലിം വിരുദ്ധത രാഷ്ട്രീയത്തിന്റെ ഉത്പന്നമാണ്.

ഖുര്‍ആന്‍ വിരുദ്ധവും അതുകൊണ്ടുതന്നെ മനുഷ്യവിരുദ്ധവുമായ എല്ലാതരം വ്യവസ്ഥയോടും രാജിയാവുന്ന ‘ഇസ്‌ലാം’ ആണ് അറേബ്യന്‍ മണ്ണിലടക്കം ഇന്നുള്ളത്. അവിടെനിന്ന് കയറ്റുമതി ചെയ്യപ്പെട്ട ‘നവ കോര്‍പറേറ്റ് ഇസ്‌ലാം’ സന്ധി ചെയ്തതും മനുഷ്യവിരുദ്ധമായ അധികാര വ്യവസ്ഥയുമായിട്ടാണ്.

അതുകൊണ്ടാണ് ആ അധികാര വ്യവസ്ഥ അതിലൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുമ്പോഴും ലോകത്ത് മുസ്‌ലിങ്ങള്‍ക്ക്? കൈയുംകെട്ടി നോക്കിനില്‍ക്കാന്‍ കഴിയുന്നതും.

ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത വിധം ഗസയില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണത്തിനു പിന്നില്‍ ഇസ്രാഈല്‍ എന്ന ജൂത രാഷ്ട്രത്തിന്റെ അജണ്ടകള്‍ മാത്രമല്ല. അത് ലോകത്തുടനീളം വ്യാപിച്ചുകിടക്കുന്ന സയണിസത്തിന്റെ കൂട്ടാളികളായ നവ തീവ്ര വലതുപക്ഷത്തിന്റെ കച്ചവടതാത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

അതില്‍ പ്രബലരായ അറബ് ഭരണകൂടങ്ങളും ഉണ്ടെന്നതാണ് മുകളില്‍ ചൂണ്ടിക്കാട്ടിയ ‘കോര്‍പറേറ്റ് ഇസ്‌ലാമിന്റെ’ മറഞ്ഞിരിക്കുന്ന ബീഭത്സമുഖം.

ഈ ഇസ്‌ലാമിനെ പിന്‍പറ്റുന്ന പ്രബല സംഘടനകളും ജനവിഭാഗങ്ങള്‍ക്കുമാണ് എല്ലായിടത്തും മേല്‍ക്കൈ. അങ്ങനെയുള്ള പ്രിവിലേജ് ഇല്ലാത്തവരാണ് ഫലസ്തീനികള്‍. അതുകൊണ്ട് അവരിലെ ഒടുവിലത്തെ കുഞ്ഞും മരിച്ചു തീരുന്നതുവരെ ‘പ്രാര്‍ഥന’ കൊണ്ടുള്ള പ്രതിരോധത്തിനു മാത്രം ആഹ്വാനം ചെയ്യാനുള്ള ത്രാണിയേ ഈ പൗരോഹിത്യ-അധികാര വ്യവസ്ഥക്കുള്ളൂ.

നിങ്ങളുടെ പ്രാര്‍ഥനയല്ല, പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഗസക്കാര്‍ ഗതികെട്ട് വിളിച്ചുപറയുന്നതും തങ്ങള്‍ക്കൊപ്പം മുസ്‌ലിം ലോകത്താരുമില്ല എന്ന വലിയ തിരിച്ചറിവിലാണ്. ഫലസ്തീനികളെ പോലെ പ്രിവിലേജ്ഡല്ലാത്ത ഹൂതികളും മാനവികതയുടെ പുതുവഴികള്‍ ലോകത്തിനു മുന്നില്‍ വരച്ചിടുന്ന പടിഞ്ഞാറന്‍ ജനതയും, ഇസ്രാഈല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധത്തിന്റെ തീപ്പന്തമായി സ്വയം എരിയുന്ന ആരോണ്‍ ബുഷ്‌നെല്‍മാരിലുമാണ് പ്രതീക്ഷകള്‍ ബാക്കിവെക്കുന്നത്.

പടിഞ്ഞാറന്‍ സിവില്‍ സമൂഹം തെരുവിലിറങ്ങി പൊരുതുകയും പ്രബല രാജ്യങ്ങളിലെ അറബ് ജനത മാളത്തിലൊളിക്കുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ടല്ലോ. സാമൂഹ്യ സമത്വവും തുല്യതയും സാഹോദര്യവും ആരില്‍നിന്നാണ് പുറപ്പെടുന്നതെന്ന് ലോകം കാണുന്നുണ്ട്. ഏതുതരം സൈദ്ധാന്തിക വാദങ്ങള്‍ കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചാലും അത് പുറത്തു വരും.

വിശ്വാസ സാഹോദര്യത്തിന്റെ തണലും ആശ്രയവും നിഷേധിക്കപ്പെട്ട ഫലസ്തീന്‍ ജനതക്ക് സമാനമായ അവസ്ഥയിലേക്ക് ഇന്ത്യന്‍ മുസ്‌ലിങ്ങളും എത്തപ്പെടുമെന്നുറപ്പായിക്കഴിഞ്ഞു. ഒരു പ്രവിലേജുമില്ലാത്ത ഉത്തരേന്ത്യയിലെ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഒരു കുറവുമില്ലാത്ത ഈ കേരളത്തിലടക്കം സംഭവിച്ചുകൊണ്ടിരിക്കുന്നു.

ആധുനിക ആത്മീയ തീര്‍ഥാടകന്‍മാര്‍ മാത്രമല്ല, സത്യവേദക്കാരും വിശ്വാസം വിറ്റ് തടിച്ചുവീര്‍ത്തവരും ‘ത്വാഗൂത്തിനു’ മുന്നില്‍ മുട്ടുമടക്കാത്ത ഏകദൈവ വിശ്വാസ പ്രചാരകരും വോട്ടുകച്ചവടത്തിലൂടെ അധികാരാസക്തരായവരും ഒക്കെ അവസാനം തലകുമ്പിട്ട് എവിടേക്കാണ് ചെന്നടിയുകയെന്നത് കാത്തിരുന്ന് കാണാം.

Content Highlight: VP Rajeena writes about Islamophobia

വി.പി റജീന

മാധ്യമപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more