ഇനി പറയൂ… മുത്തലാഖ് എന്ന മരണം നിലനിര്‍ത്തി നാടൊട്ടുക്കും ഇനിയും ശായിറ ബാനുമാരെ സൃഷ്ടിക്കണോ? അതോ അത് നിരോധിച്ച് റിസ്വാന്‍മാരെ ഒരു പാഠം പഠിപ്പിക്കണോ?
തീര്‍ത്തും ഖുര്‍ആനിക വിരുദ്ധമായ മുത്ത്വലാഖിനെ എന്തിന്റെ പേരിലാണ് ഇന്ത്യയിലെ പുരുഷ സമുദായ സംഘടനകളും അവരുടെ അടിമകളായ വനിതാ സംഘടനകളും ന്യായീകരിക്കുന്നത്? ഞങ്ങള്‍ ഖുര്‍ആന്‍ പിന്‍പറ്റുന്നവരാണെന്ന് വേണ്ടിടത്തും വേണ്ടാത്തിടത്തും ആണയിടുന്നരാണ് ഇവരൊക്കെ. എന്നാല്‍, ഈയൊരൊറ്റ കാര്യത്തിലൂടെ തന്നെ ഇവര്‍ ദൈവിക ദീനിനെ ധിക്കരിച്ചിരിക്കുന്നു.
ഇസ്‌ലാമിന്റെ മൗലിക പ്രമാണമായ ഖുര്‍ആനിന്റെ ആശയാദര്‍ശങ്ങള്‍ക്ക് തീര്‍ത്തും കടക വിരുദ്ധമായ ഒന്നാണ് മുത്തലാഖ്. തീര്‍ത്തും ഖുര്‍ആനിക വിരുദ്ധവും അതുകൊണ്ട് തന്നെ സ്ത്രീവിരുദ്ധവുമായ ആശയങ്ങള്‍ ഇവരുടെയൊക്കെ ഉച്ഛി മുതല്‍ കാലടി വരെ തീണ്ടിയിരിക്കുന്നു. പുരുഷാധികാരം തലക്കു പിടിച്ച “ഉലമാ”ക്കളും അവരാല്‍ കുത്തിനിറക്കപ്പെട്ട ബോഡികളും അന്ധംകെട്ട എതിര്‍പ്പുമായി രംഗത്തു വരുമ്പോള്‍ അതില്‍ അല്‍ഭുതമില്ല. ഇത് ഇങ്ങനെ തന്നെയേ സംഭവിക്കൂ. 30 വര്‍ഷം മുമ്പ് ഷാബാനു കേസില്‍ ഇക്കൂട്ടര്‍ കൈകൊണ്ട സത്രീവിരുദ്ധ സമീപനം എന്താണോ അതില്‍ നിന്ന് തരിമ്പു പോലും മുന്നോട്ടു പോന്നിട്ടില്ല. അഥവാ, ഈ സമുദായം കാലത്തിനും എത്രയോ പതിറ്റാണ്ടുകള്‍ പിറകില്‍ തന്നെയാണെന്ന്.
ബറേല്‍വിയിലെയും ദാറുല്‍ ഉലൂം ദയൂബന്ദിലെയും പണ്ഡിതര്‍ക്ക് മുസ്‌ലിം സ്ത്രീകളുടെ മേലുള്ള കര്‍തൃത്വാവകാശം ആരാണ് വകവെച്ചു കൊടുത്തത്? മുത്തലാഖിന്റെ ഇരകളെ അധിക്ഷേപിക്കാനും അതിനെതിരില്‍ ശബ്ദിക്കുന്നവരെ പരിഹസിക്കാനും ആരാണ് നിങ്ങള്‍ക്കധികാരം തന്നത്?
മുത്തലാഖ് ഇസ്‌ലാമിക പ്രമാണമനുസരിച്ചാണെന്നും അത് കാലാകാലത്തേക്ക് നിലനിര്‍ത്തണമെന്നും വാദിക്കുന്നവരോട് പറയാനുള്ളത്! നിങ്ങള്‍ അധികാരത്തിന്റെ കോട്ടക്കൊത്തളങ്ങളില്‍ നിന്നും സുഖശീതളിമയില്‍ നിന്നും ഇറങ്ങിവന്ന് ഇവിടെയുള്ള സാധരണക്കാരും ദരിദ്രരുമായ മുസ്‌ലിംകള്‍ക്കിടയില്‍ ഒന്നു ജീവിച്ചുനോക്കണമെന്നാണ്. അപ്പോള്‍ കാണാം, നിങ്ങളൊക്കെ പുറപ്പെടുവിക്കുന്ന “ഫത്വ”കളുടെ ബലത്തില്‍ ചവിട്ടിപ്പുറത്താക്കപ്പെട്ടതിനാല്‍ കണ്ണീരിലും വേദനയിലും എരിഞ്ഞൊടുങ്ങുന്ന പെണ്‍ജീവിതങ്ങളെ. “തന്‍േറതല്ലാത്ത കാരണം കൊണ്ട്” പുരുഷന്‍ മൂന്നും ചൊല്ലി വീട്ടിലോ തെരുവിലോ തള്ളിയ എത്ര പെണ്ണുങ്ങളെ വേണമെങ്കിലും കാണാം രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ .
പണ്ടൊക്കെ മുഖദാവില്‍ ആണ് ഒറ്റയിരിപ്പിനു മൂന്നും ചൊല്ലി ഒഴിവാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ പരസ്പരം കാണുകപോലും വേണ്ട. വിദേശ രാജ്യങ്ങളില്‍ ഇരുന്ന് അവര്‍ വാട്‌സ്ആപ്പായും കത്തായും അയക്കുകയാണ് തലാഖ്. എന്നിട്ടവര്‍ മൂന്നാംപക്കം പോയി വേറെ പെണ്ണും കെട്ടും. എത്രയെളുപ്പം!! ഇതും ബഹുഭാര്യാത്വമാണ്. ആരും എന്തേ ഇതേക്കുറിച്ച് മിണ്ടുന്നില്ല. ഖുര്‍ആനിക വിരുദ്ധമായി ത്വലാഖ് ചെല്ലിയാല്‍, ഏത് മുഫ്തി അംഗീകരിച്ചാലും പടച്ചവന്‍ അത് അംഗീകരിക്കാന്‍ പോണില്ല. അപ്പോള്‍ അയാള്‍ ഒരു ഭാര്യയെ നിലനിര്‍ത്തിക്കൊണ്ടാണ് അടുത്ത ഇരയെ പിടിക്കുന്നത്. ബഹുഭാര്യാത്വം മുസ്‌ലിംകളുടെ ഇടയില്‍ കുറവാണെന്ന് എങ്ങനെയാണ് പറയുക? മുത്ത്വലാഖ് നിരോധിച്ചെങ്കില്‍ മാത്രമെ ഇത്തരം ബഹുഭാര്യാത്വം അവസാനിപ്പിക്കാനാവൂ.
കടവും കള്ളിയുമാക്കി ബാപ്പമാരും ആങ്ങളമാരും കെട്ടിച്ചുവിടുന്ന ഈ പെണ്‍കുട്ടികള്‍ പിന്നീട് എല്ലാവര്‍ക്കും ഭാരമായി കുഞ്ഞുങ്ങളുടെ കൈപിടിച്ചും അല്ലാതെയും വീടിന്റെ പടി കയറിവരാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ഇങ്ങനെ പുറന്തള്ളപ്പെടുന്ന പെണ്ണുങ്ങളുടെ വേദനയുടെ നൂറിലൊരംശം പോലും മനസ്സിലാക്കാന്‍ മതത്തിന്റെ ആധികാരിക വക്താക്കള്‍ എന്ന് പറഞ്ഞ് അധികാര ഗോപുരങ്ങളില്‍ ഞെളിഞ്ഞിരിക്കുന്ന പുരോഹിത പണ്ഡിത വര്‍ഗങ്ങള്‍ക്ക് കഴിയില്ല. അതിന് ആദ്യം ഇവരൊക്കെ പെണ്ണുങ്ങളുടെ മുഖത്തുനോക്കി സംസാരിക്കാന്‍ പഠിക്കണം.
കണ്ണില്‍ നോക്കി സംസാരിക്കാന്‍ ആര്‍ജ്ജവം കാണിക്കണം. അതെങ്ങനെയാ? പെണ്ണ് എന്നു പറഞ്ഞാന്‍ വെറും ശരീരമാണെന്നും അവളെ ഒന്നു നോക്കിപ്പോയാല്‍ തന്നെ ഇബ്ലീസ് ഇടയില്‍ കയറിവന്ന് വേണ്ടാത്തതു തോന്നിപ്പിക്കുമെന്നും പറയുന്ന ഇവര്‍ക്കതിന് കഴിയുമോ? കുഴപ്പം ഇവരുടേത് മാത്രമല്ല, ഇക്കൂട്ടര്‍ പഠിച്ചെടുത്ത ഇല്‍മിന്റേതു കൂടിയാണ്. അതുകൊണ്ട് ഇവരുടെ ആ ഇല്‍മ് തന്നെയാണ് ആദ്യം പൊളിക്കേണ്ടത്.
സുപ്രീംകോടതിയില്‍ മുത്വലാഖിനെതിരെ ഹരജി നല്‍കിയ സ്ത്രീകളെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തിരക്കിലാണ് സമുദായത്തിലെ ആണുങ്ങളും അവര്‍ക്ക് തലച്ചോറ് പണയം വെച്ച വനിതാ സംഘടനക്കാരും. നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ? അതിലെ ശായ്‌റ ബാനുവിന്റെ കഥ. കഥയല്ല, അതിനെയും തോല്‍പിക്കുന്നു അവരുടെ ജീവിതം.
ഉത്തരാഖണ്ഡുകാരിയായ ശായ്‌റ ബാനുവിനെ 2002ലാണ് യു.പിയിലെ അലഹബാദുകാരനായ സ്ഥലക്കച്ചവടക്കാരന്‍ റിസ്വാന്‍ മുഹമ്മദ് വിവാഹം കഴിക്കുന്നത്. പിന്നീടുള്ള 15 വര്‍ഷക്കാലം നരകത്തിലായിരുന്നു ആ സ്ത്രീയുടെ ജീവിതം. സത്രീധനമായി നല്‍കിയ സ്വര്‍ണത്തിനും ബൈക്കിനും വീട്ടുപകരണങ്ങള്‍ക്കും പുറമെ കാറും ലക്ഷങ്ങളും ആവശ്യപ്പെട്ട് അന്നു മുതല്‍ തുടങ്ങിയ മാനസിക ശാരീരിക പീഡനങ്ങള്‍.
ഇതിനിടയില്‍ രണ്ട് മക്കള്‍ പിറന്നു. ഇപ്പോള്‍ 15 വയസ്സുള്ള മകനും 11 കാരി മകളും. ഇതിനിടയില്‍ ആറോ ഏഴോ തവണ ബാനുവിനെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഓരോ തവണയും കടുത്ത ഡോസിലുള്ള വേദനാസംഹാരികള്‍ നല്‍കി. അവരുടെ ആരോഗ്യം തകര്‍ന്നു. നിത്യരോഗിയായി.
ബാനുവിന്റെ സഹോദരിയുടെ വിവാഹം അവരുടെ അതേ നഗരത്തില്‍ വെച്ചു നടന്നു. റിസ്വാന്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അര മണിക്കൂര്‍ മാത്രം യാത്ര ചെയ്താല്‍ മതി സഹോദരിയുടെ താമസസ്ഥലത്തേക്ക്. ഒരിക്കല്‍ പോലും അവരെ പരസ്പരം കാണാന്‍ അനുവദിച്ചില്ല.
രോഗം കലശലായതിനൊടുവില്‍ കഴിഞ്ഞ വര്‍ഷം റിസ്വാന്‍ അവരെ ഉപേക്ഷിച്ചു. ചെറിയ ബാഗില്‍ സാധനങ്ങള്‍ പാക്ക് ചെയ്യാനും വഴിയില്‍ മൊറാദാബാദില്‍ ബാനുവിന്റെ ബാപ്പ വന്ന് കൂട്ടിക്കൊണ്ട് പൊയ്‌ക്കോളും എന്നും പറഞ്ഞു. പിന്നെ അയാള്‍ അവരെ തിരിഞ്ഞു നോക്കിയില്ല.
ആരോഗ്യം തിരിച്ചു കിട്ടിയപ്പോള്‍ ബാനു റിസ്വാനെ വിളിച്ചു. അയാള്‍ വന്നില്ല. മാത്രമല്ല, സ്വന്തം കസ്റ്റഡിയില്‍ വെച്ച മക്കളെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. ഒരു ദിവസം ബാനുവിനെ തേടിയെത്തി. റിസ്വാന്റെ ത്വലാഖ്. ഇതുമായി അടുത്തുള്ള മുഫ്തിയുടെ അടുത്തു പോയി . അയാള്‍ പറഞ്ഞത്രെ തലാഖ് നിലവില്‍ വന്നു എന്ന്!!! ഇതിനിടയില്‍ ശായിറക്കുക്കൂടി അവകാശപ്പെട്ട സ്വത്തും അവരെ അറിയിക്കാതെ അയാള്‍ വിറ്റിരുന്നു.
ഇതാണ് നിങ്ങള്‍ പരിഹസിക്കുന്ന ശായറ ബാനുവിന്റെ എഴുതിഫലിപ്പിക്കാനാവാത്ത ജീവിതത്തിന്റെ രത്‌നച്ചുരുക്കം. ഇനി പറയൂ… മുത്തലാഖ് എന്ന മരണം നിലനിര്‍ത്തി നാടൊട്ടുക്കും ഇനിയും ശായിറ ബാനുമാരെ സൃഷ്ടിക്കണോ? അതോ അത് നിരോധിച്ച് റിസ്വാന്‍മാരെ ഒരു പാഠം പഠിപ്പിക്കണോ?