കിടപ്പറ മുതല്‍ തോറ്റുപോവുമോ എന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട സദാചാര 'നവ വൃദ്ധ'രോട്
Opinion
കിടപ്പറ മുതല്‍ തോറ്റുപോവുമോ എന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട സദാചാര 'നവ വൃദ്ധ'രോട്
വി.പി റജീന
Friday, 21st December 2018, 4:18 pm

 

കേരളത്തിലെ മുസ്‌ലിം സമുദായത്തിനകത്തെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എത്തി നില്‍ക്കുന്ന രണ്ട് ധ്രുവങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ്  കിളിനക്കോട് സംഭവം. ഒന്ന് ഒരുവിഭാഗത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ അധ:പതനത്തിന്റെ ആഴമാണെങ്കില്‍ മറുവശത്ത് സമൂഹത്തിന്റെ തുറസ്സുകളിലേക്ക് ചിന്താശേഷി കൊണ്ടും ഭാഷ കൊണ്ടും ആര്‍ജ്ജവത്തോടെ കയറിവരുന്ന കാലടിയൊച്ചകള്‍ ആണ്.

യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ പലയിടങ്ങളിലും ഇന്ന് കിളിനക്കോടുകള്‍ ഉണ്ട്. സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത “പുരോഗതി”യുടെ നിഴലില്‍ സുന്ദരമായി ഒളിച്ചിരുന്ന കിളിനക്കോടുകള്‍. അത്തരത്തിലൊന്നിന്റെ യഥാര്‍ഥ മുഖം വലിച്ചു പുറത്തിടുകയായിരുന്നു ആ പെണ്‍കുട്ടികള്‍. ആ നാടും ആ പെണ്‍കുട്ടികളും അതിനൊരു നിമിത്തമായെന്നു മാത്രം. എന്നാല്‍, അതിന്റെ പേരില്‍ അവര്‍ നേരിട്ടതോ, നേരിട്ടുകൊണ്ടിരിക്കുന്നതോ ആയ അധിക്ഷേപങ്ങളും പരിഹാസങ്ങളും അപമാനങ്ങളും ഇതിലേക്ക് ചേര്‍ത്തുവെക്കുമ്പോഴാണ്‌ സദാചാരത്തിന്റെ കാവല്‍ക്കാരായ നല്ലാങ്ങളമാരുടെ “സവിശേഷാവസ്ഥ” ഇത്തരമൊരു ഘട്ടത്തിലെങ്കിലും വിചാരണ ചെയ്യപ്പെടാതെ പോവാന്‍ പാടില്ല എന്നു തോന്നിയത്.

കാലത്തിന്റെ കാറ്റോട്ടം കിട്ടിയിട്ടില്ലാത്ത ഈ തരം ചെറുപ്പക്കാരെ നവ വൃദ്ധര്‍ എന്ന് വിളിക്കുന്നതാവും ഏറ്റവും അനുയോജ്യം. വിശ്വാസ പ്രമാണ വ്യാഖ്യാനങ്ങള്‍ എന്ന പേരില്‍ നൂറ്റാണ്ടുകളായി വ്യാജമായി നിര്‍മിച്ചെടുത്ത സ്ത്രീ വിരുദ്ധത വൃദ്ധരില്‍ നിന്നും ഒന്നുമാലോചിക്കാതെ ഏറ്റെടുത്ത് അത് പ്രചരിപ്പിക്കുന്ന ചെറുപ്പക്കാരെ “നവ വൃദ്ധര്‍” എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

ഈ സംഭവത്തോടെ ഒരു കാര്യം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. സമുദായത്തിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ സാമൂഹ്യമായ ഉയര്‍ച്ചയിലും സാംസ്‌കാരികമായ ഇടപെടലുകളിലും ആശയവിനിമയങ്ങളിലും ഒന്നും തന്നെ ഈ സമുദായത്തിനകത്തെ ഒരു മത സംഘടനകള്‍ക്കും കാര്യമായ പങ്കില്ല എന്ന കാര്യം.

കാരണം, കിളിനക്കോട്ടെത്തിയ പെണ്‍കുട്ടികളെ സദാചാരവും സംസ്‌കാരവും പഠിപ്പിക്കാനിറങ്ങിവര്‍ ഏതെങ്കിലും തരത്തില്‍ ഇവിടെയുള്ള മത സംഘടനകളുമായി ബന്ധമുള്ളവരാണ്. മുസ്‌ലിം സമുദായത്തിലെ സ്ത്രീ വിരുദ്ധത പൊതു സമൂഹത്തില്‍ വലിച്ചുകീറപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം തന്നെ അതിനെ പ്രതിരോധിക്കാന്‍ എടുത്തലക്കുന്ന ഒന്ന് പെണ്‍കുട്ടികളുടെ സാമൂഹ്യ പുരോഗതിയാണ്. നിങ്ങള്‍ ചൊവ്വയിലേക്കു പോവാന്‍ ഒരുങ്ങുന്ന, നാസയില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടിളെ നോക്കൂ എന്നാണവര്‍ ആവേശത്തോടെ തൊണ്ട കീറാറുള്ളത്. എന്നാല്‍, അതേ ആളുകള്‍ തന്നെയാണ് തട്ടമിട്ട ഈ പെണ്‍കുട്ടികള്‍ അഴിഞ്ഞാടാന്‍ വന്നവരാണെന്നും അവര്‍ കാലത്തിനും നേരത്തിനും വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കേണ്ടവരാണെന്നും ഒളിഞ്ഞും തെളിഞ്ഞും ആക്രോശിക്കുന്നത്. ഈ വൈരുധ്യാവസ്ഥ തന്നെ മുസ്‌ലിം പുരുഷനെ, അവനെ രൂപെപ്പടുത്തിയെടുത്ത മത സംഘടനകളുടെ കടുത്ത സ്ത്രീ വിരുദ്ധത പ്രതലത്തെ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.

ചൊവ്വയില്‍ പോവാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ആര്‍ജ്ജവം നേടിയിട്ടുണ്ടെങ്കില്‍ അവള്‍ക്കതിനുള്ള തുറസ്സുകള്‍ കിട്ടിയത് ഇത്തരം ആണധികാര ചിന്തയില്‍ അടിയുറച്ചുകാലം കഴിക്കുന്ന ഒരു സമുദായത്തിന്റെ അകത്തുനിന്നാണെന്ന് ചിന്തിക്കുന്നതില്‍പരം മൗഢ്യം മറ്റെന്തുണ്ട്?
“പെണ്ണ് എത്ര ചാടിയാലും മേുട്ടോളം” എന്ന കടുത്ത പ്രതിലോമകരമായ സ്ത്രീവിരുദ്ധത പേറുന്നവരാണ് മുസ്‌ലിം സമുദായത്തിലെ നല്ലൊരളവുമെന്ന് ഈ ഘടനക്കകത്ത് ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് പറയാനാവും.

Also read:അഭിമുഖം- പുന്നല ശ്രീകുമാര്‍: കീഴാള സംഘടനകളും കീഴാള ബുദ്ധിജീവികളും ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം 

കാരണം, മറ്റേത് മതവിശ്വാസികളെ സംബന്ധിച്ചുള്ളതിനേക്കാള്‍ പെണ്ണിനെയും നരകത്തെയും ചേര്‍ത്തുവെച്ചുകൊണ്ട് ദൈവ സങ്കല്‍പങ്ങളും വിശ്വാസ പ്രമാണങ്ങളും വളച്ചൊടിച്ച് അതിനെ ആഘോഷിക്കുന്നവരാണിവര്‍. പെണ്ണ് നരകത്തിലെ വിറകുകൊള്ളിയാണെന്നും അടങ്ങിയൊതുങ്ങി കഴിയേണ്ടവളാണെന്നും ഉള്ള സദാചാര വാളോങ്ങലുകളില്‍ നിന്ന് ഇതിനകത്തെ ഒരു സംഘടനയും മുക്തമല്ല. മാത്രമല്ല, മുസ്‌ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് പര്‍ദയും മഫ്തയും മാത്രമെന്നതിലേക്ക് ചുരുട്ടിക്കെട്ടിയ നവയാഥാസ്ഥികത്വം ഓരോ സംഘടനയിലും കൂടുതല്‍ ആഴത്തില്‍ വേരോടുന്നുണ്ട്.

അവനെ അല്ല, അവളെ മാത്രമാണ് അവര്‍ക്കെല്ലാം അഭിസംബോധന ചെയ്യാനുള്ളത്. രാപ്രസംഗങ്ങളെ മാത്രമല്ല, നിര്‍മിതിയില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലാത്ത ആധുനിക സങ്കേതങ്ങളെ കൂടി അതിനുവേണ്ടി കൂട്ടു പിടിക്കുന്നതില്‍ തെല്ലും ജാള്യവുമില്ല.
ഇപ്പോഴും കിളിനക്കോട് സംഭവത്തിലും തെറിപറയാനും ഈ പെണ്‍കുട്ടികളെ സദാചാര വിരുദ്ധരായി പ്രചരിപ്പിക്കാനും ആണുങ്ങള്‍ വ്യാപകമായി ഉപയോഗിച്ചത് നവ സാമൂഹ്യ മാധ്യമങ്ങള്‍ ആണ്.

അതേ സമൂഹ്യ മാധ്യമങ്ങളിലൂടെ സമുദായത്തിലെ ആണ്‍കുട്ടികള്‍ വിളിച്ചുപറയുന്നതും കാട്ടിക്കൂട്ടുന്നതും ഇവിടെ സദാചാര വിരുദ്ധമാവുന്നില്ല. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികളില്‍ എത്ര പേര്‍ രാത്രി വീടിനകത്ത് ഉണ്ടെന്ന് ഈ സദാചാര കാവല്‍ക്കാര്‍ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും? അവര്‍ തലപൂഴ്ത്തി നില്‍ക്കുന്ന വിഡിയോകള്‍ എന്താണെന്ന് ഒന്ന് അറിയുന്നത് നന്നായിരിക്കും. ഒരര്‍ത്ഥത്തില്‍ ഗള്‍ഫ് വഴി ഒഴുകിയെത്തുന്ന മുതലാളിത്ത പണം പെണ്‍കുട്ടികളേക്കാള്‍ സമുദായത്തിലെ ആണ്‍കുട്ടികളെയാണ് ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നത് ആര്‍ക്കും അറിയാത്ത കാര്യമല്ല. ആണ്‍ വര്‍ഗം എന്ന പ്രിവിലേജില്‍ നാളിതുവരെയായി അനുഭവിച്ചുപോന്ന സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് അത്യാധുനിക മൊബൈല്‍ ഫോണുകളും ബൈക്കും കാശും കയ്യില്‍ കിട്ടിത്തുടങ്ങിയതോടെ അവര്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഏറെഅകലെയുള്ള ലോകങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു.

(ഒരു കാര്യം ശ്രദ്ധിക്കണം. കിളിനക്കോട് സംഭവം നടന്നതിന്റെ പിറ്റേ ദിവസം മലപ്പുറം ജില്ലയില്‍ തന്നെ ഓട്ടോറിക്ഷയില്‍ രണ്ട് മുസ്‌ലിം യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. സാഹചര്യത്തെളിവുകള്‍ വെച്ച് മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതൊന്നും ഈ സദാചാരക്കാരുടെ ഉറക്കം കെടുത്തുന്ന ഒന്നല്ല. ഒരു മുസലിയാരും അതിനെതിരെ വില്ലു കുലയ്ക്കുന്നില്ല)

അതേസമയം, അതുവരെ അടഞ്ഞു കിടന്ന ലോകത്തുനിന്ന് പുതിയ കാലം തുറന്നിട്ട തുറസ്സുകളിലേക്ക് ഇറങ്ങി നടക്കുകയായിരുന്നു മാപ്പിളപ്പെണ്‍കുട്ടികള്‍. വിദ്യാഭ്യാസത്തിലുടെ, സാമൂഹ്യ അവബോധത്തിലൂടെ, വായനയിലൂടെ എഴുത്തിലൂടെ ഇന്ന് കേരളീയ സമൂഹം അതെല്ലാം നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. കിളിനക്കോട്ടെത്തിയ ഒരുപറ്റം വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ക്കുണ്ടായ കയ്‌പേറിയ അനുഭവത്തില്‍ നിന്നും അതിനോട് പ്രതികരിക്കാന്‍ രൂപപ്പെടുത്തിയ ഭാഷ മാത്രം നോക്കിയാല്‍ മതി. എത്ര മനോഹരമാണ് അത്! “ഈ നാട്ടിലേക്ക് വരുമ്പോള്‍ ഒരു എമര്‍ജെന്‍സി ലൈറ്റ് കയ്യില്‍ കരുതുക” എന്നത് അത്യുജ്ജ്വലമായ ഒരു ആശയമല്ലേ? അങ്ങനെ പറയണമെങ്കില്‍ അവര്‍ ആര്‍ജ്ജിച്ചെടുത്ത ബൗദ്ധികമായ ബോധം എന്തു മാത്രമാണ്. ഒരു ട്രോള്‍ സമാനമായ ആ വാക്കുകള്‍ മനസ്സിലാക്കാനുള്ള ബൗദ്ധിക ശേഷി ഇല്ലാത്ത യുവാക്കള്‍ അല്ലെ ആ വിഡിയോയ്ക്ക് അര്‍ഹിക്കാത്ത പ്രചാരം കൊടുത്തത്.

പൊതു സമൂഹത്തോട് സംവദിക്കാനും പ്രതികരിക്കാനുമുള്ള ശക്തമായ ഭാഷയും ആശയവും മുസ്‌ലിം പെണ്‍കുട്ടികള്‍ സ്വായത്തമാക്കിയിരിക്കുന്നു എന്നതിന് ഇതില്‍ പരം ഇനിയെന്തു തെളിവുവേണം. വിശ്വാസത്തിലേക്കും വിജ്ഞാനത്തിലേക്കും പള്ളികളിലേക്കും പിന്നാമ്പുറങ്ങളിലൂടെ കടന്നുചെല്ലുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന രണ്ടാംകിട പൗരത്വം തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരായിരുന്നു മാപ്പിളപ്പെണ്ണുങ്ങള്‍ ഇതുവരെ. അവരെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ടും അത്തരം വേദികള്‍ വിപുലപ്പെടുത്തിയും നടത്തുന്ന വ്യാജമായ സമുദായ “പരിഷ്‌കരണത്തെ”യും “നവോത്ഥാനത്തെ”യും ശരിയ്ക്കും തിരിച്ചറിയാന്‍ ശേഷിയുള്ള വലിയൊരു വിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍ ഇന്ന് ഇതിനകത്ത് ഉയര്‍ന്നു വരുന്നുണ്ട് എന്നതിന്റെ സൂചനയാണിത്.

അതുകൊണ്ടുതന്നെ ആ തിരിച്ചറിവിനെ മറ്റെന്തിനേക്കാളും ഭയക്കുന്നത് സമുദായത്തിനകത്തെ “ദീനീ”പുരുഷന്‍മാരാണ്. അതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ “വിശ്വാസികള്‍ക്കൊപ്പം” എന്ന് പറഞ്ഞ് ചാടിപ്പുറപ്പെടാന്‍ ഇവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരാതിരുന്നത്. ആ അര്‍ത്ഥത്തില്‍ എല്ലാ മതത്തിലെയും പുരുഷകേന്ദ്രീകൃത സദാചാരത്തിനൊപ്പം ഇവര്‍ ഐക്യമുന്നണിയായി നിലകൊള്ളും. കാരണം, ഈ നടപ്പു സദാചാരത്തില്‍ അധികാരമുണ്ട്.

കിടപ്പറ മുതല്‍ തങ്ങള്‍ അനുഭവിച്ചുവരുന്ന സവിശേഷാധികാരങ്ങള്‍ നഷ്ടപ്പെടുമോ , അവിടം മുതല്‍ പരാജയപ്പെടുമോ എന്ന കടുത്ത ഭീതിയില്‍ നിന്നാണ് പെണ്‍കുട്ടികളെ മാത്രം അത് പഠിപ്പിക്കാന്‍ ഇവര്‍ ഒരുമ്പെട്ടിറങ്ങുന്നത്. ഇനി അവരുടെ വസ്ത്രധാരണ രീതി നിങ്ങള്‍ക്ക് പിടിച്ചില്ലെങ്കില്‍ അതിന്റെ കാരണക്കാര്‍ അവര്‍ മാത്രമല്ല എന്ന് ഓര്‍ക്കുക. ഈ ജനവിഭാഗത്തെ വലിയൊരളവില്‍ ഗ്രസിച്ചിരിക്കുന്ന ഉപഭോഗ ത്വരയും ആര്‍ഭാഡങ്ങളെ മൊത്തമായി വിലകെട്ടിയെടുത്ത ഈ സമുദായത്തിന്റെ തന്നെ പ്രതിഫലനമാണ് അത്. അതില്‍ നിന്ന് പെണ്‍കുട്ടികള്‍ മാത്രമായി എങ്ങനെ മുക്തമാവും?

മുസ്‌ലിം സമുദായം അതീവ ഗുരുതരമായ ഒരു പ്രതിസന്ധിയെയാണ് സമീപ ഭാവിയില്‍ അനുഭവിക്കാന്‍ പോവുന്നതെന്ന് പല സന്ദര്‍ഭങ്ങളില്‍ തോന്നിയിട്ടുണ്ട്. അത് ഇതിനകത്തു വളര്‍ന്നു വരുന്ന ആണ്‍കുട്ടികളിലൂടെയായിരിക്കും എന്നത് ഏതാണ്ട് ഉറപ്പാണ്. മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള കാമ്പസുകളില്‍ പല തവണ പോയപ്പോഴും അല്ലെങ്കില്‍ അവരെ അഭിസംബോധന ചെയ്യേണ്ട ഘട്ടം വന്നപ്പോഴുമാണ് ഇത് തോന്നിയിട്ടുള്ളത്.

വളരെ ചടുലമായ ചോദ്യങ്ങള്‍, അത് എന്തു വിഷയവുമാവട്ടെ കൂടുതലും ഉയരുക പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നാണ്. കല, സിനിമ, രാഷ്ട്രീയം തുടങ്ങി പലേപ്പാഴും നമ്മളെ അമ്പരപ്പിക്കുന്ന തരത്തിലുള്ള വിഷയങ്ങളില്‍ അവര്‍ സംസാരിക്കുന്നു. കൂടുതല്‍ ആണ്‍കുട്ടികളും പലപ്പോഴും സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നിടത്ത് പെണ്‍കുട്ടികള്‍ അതിനെ ക്രിയാത്മകമായി വിനിയോഗിക്കുകയാണ്. എഴുത്തിലൂടെയും വരയിലൂടെയും, പറച്ചിലൂടെയുമൊക്കെ അമ്പരിപ്പിക്കുന്ന മാപ്പിളപ്പെണ്‍കുട്ടികളാല്‍ സമ്പന്നമാണ് ഇന്ന് സമൂഹ മാധ്യമങ്ങള്‍. അവര്‍ മനോഹരമായി സംസാരിക്കാന്‍ പാകപ്പെടുമ്പോള്‍ ആണ്‍കുട്ടികള്‍ എങ്ങനെ തെറിവിളിയില്‍ ഡോക്ടറേറ്റ് നേടാമെന്നാണ് നോക്കുന്നത്.

ഇത്രയും കാലം അടച്ചുപൂട്ടപ്പെട്ട മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തരായി സ്വാതന്ത്ര്യത്തിന്റെ പുതു വെളിച്ചം തേടുന്ന സന്തോഷത്താല്‍ തിളങ്ങുന്ന മുഖങ്ങള്‍ ആണ് ആ പെണ്‍കുട്ടികളുടേത്. ഉള്‍വെളിച്ചം കെട്ടുപോവാതെ ഉന്‍മേഷവതികളായി ചിരിച്ചുകൊണ്ട് നടന്നുവരുന്ന കിളിനക്കോട്ടെ പെണ്‍കുട്ടികള്‍ ശരിയ്ക്കും ഒരു പ്രതീകമാണ്. കാമ്പസുകളില്‍, പൊതുവിടങ്ങളില്‍, സേവന രംഗങ്ങളില്‍, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ എല്ലാം വരും കാലം ഉറച്ച കാലടികളോടെ അടയാളപ്പെടുത്താന്‍ തങ്ങള്‍ക്കാവും എന്നാണ് അവര്‍ തെളിയിക്കുന്നത്.

വി.പി റജീന
മാധ്യമപ്രവര്‍ത്തക