സ്ത്രീ ലൈംഗികതയെ അടുത്തറിയാത്ത മൗലവിമാരും സ്വാമിമാരും പാതിരിമാരും എഴുതിവിടുന്ന ലൈംഗിക സാഹിത്യങ്ങള്‍ വായിച്ചും, ലാഭേച്ഛ തലക്കുപിടിച്ച ക്രിമിനല്‍ മൂലധന വിപണി വന്‍തോതില്‍ പടച്ചുവിടുന്ന പോണ്‍ ചിത്രങ്ങളും വിഡിയോകളും കണ്ടും, ഇതാണ് യഥാര്‍ത്ഥ ലൈംഗികതയെന്ന്തെറ്റിദ്ധരിച്ച് അതിന്റെ വൈകൃതങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വീടിനകത്തും പുറത്തും തെറിപ്പിച്ചു കൂട്ടുന്നവരുടെ എണ്ണം പെരുകിപ്പെരുകി വരികയാണ്. എന്നാല്‍ സെക്സിനെ ശരിയായി അറിഞ്ഞ് അതിലേര്‍പ്പെടുന്ന ഒരു വ്യക്തിക്ക്, ഒരു പങ്കാളിയില്‍ നിന്ന് തന്നെ എത്രയും തവണ പകുത്തെടുക്കാനും പകുത്ത് നല്‍കാനും ആവുന്ന ഒന്നാണതെന്ന് അധികമാരും അറിയാതെ പോവുന്നു.
മൃഗങ്ങള്‍ ശരീരം കൊണ്ട് മാത്രം സെക്‌സില്‍ ഏര്‍പ്പെടുന്നു. മനുഷ്യരാവട്ടെ അതിന്റെ തെരഞ്ഞെടുപ്പിലും പ്രക്രിയയിലും തലച്ചോറിനെ കൂടി പങ്കാളിയാക്കുന്നു. തലച്ചോര്‍ ഉപയോഗിക്കാത്തത് കാരണം എതിര്‍ലിംഗത്തില്‍ പെട്ട ആരുമായും, അമ്മയായാലും കൂടപ്പിറപ്പായാലും മൃഗങ്ങള്‍ കീഴ്‌പ്പെടുത്തി ഭോഗിക്കും.
അതേസമയം തലച്ചോറിന്റെയും ചിന്തയുടെയും വികാസ പരിണാമത്തില്‍ മനുഷ്യര്‍ എത്രയോ ദൂരം മുന്നോട്ടുനടന്നു. അതുകൊണ്ടാണ് അതിക്രമിക്കുന്ന പുരുഷനെ നോക്കി ‘നിനക്കൊന്നും അമ്മയും പെങ്ങന്‍മാരുമില്ലേ’ എന്ന് ഇന്നത്തെ ഏതൊരു സമൂഹവും ചോദിക്കുന്ന നിലയെത്തിയത്. ലൈംഗികാതിക്രമികളെ ‘മൃഗങ്ങള്‍’ എന്ന് തന്നെ അധിക്ഷേപിക്കുന്നത്.
നാടോടിയായിരുന്ന മനുഷ്യന്റെ വികാസ പരിണാമ വഴിയില്‍ എപ്പൊഴോ ഒരൊറ്റ പങ്കാളി എന്നത് കൂടുതല്‍ സ്വീകാര്യത നേടി. ലൈംഗിക പങ്കാളി എന്നത് നിശ്ചിത സമയത്തേക്ക് ഭോഗിക്കാനുള്ള കേവല ശരീരമല്ലെന്നും ഒരു ശക്തമായ വൈകാരിക ബോണ്ട് ലൈംഗിക കേളിയെ കൂടുതല്‍ ആസ്വാദ്യകരമാക്കും എന്നതുമൊക്കെയുള്ള തിരിച്ചറിവിലേക്ക് ആധുനിക മനുഷ്യനെ കൊണ്ടെത്തിച്ചത് ഇതേ തലച്ചോര്‍ തന്നെയാണ്.
കാശ് കൊടുത്ത് വാങ്ങുന്നതും ചതിച്ച് വശത്താക്കുന്നതും ബലാല്‍ക്കാരമായി പിടിച്ചുപറിക്കുന്നതും നൈമിഷികമായ ചോദനയും സുഖവും അന്യായവും അക്രമവുമൊക്കെയാണെന്ന് തിരിച്ചറിയപ്പെട്ട കാലഘട്ടങ്ങളുമുണ്ടായി. എന്നിട്ടും തികച്ചും ഏകപക്ഷീയമായ ലൈംഗികതയും ആണിന്റെ അധികാരപ്രയോഗത്തിന്റെ ഭീകര ചിത്രങ്ങളും ചേര്‍ന്ന് ചരിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ടേയിരുന്നു.
പെണ്ണിനെ തകര്‍ക്കാന്‍ കെല്‍പുള്ള ഉഗ്രായുധമായി അവന്‍ സെക്‌സിനെ അന്നും ഇന്നും പ്രയോഗിക്കുന്നു. അവന്റെ ലൈംഗിക ശേഷിയുടെ ദൗര്‍ബല്യത്തിന്റെയും പരിമിതിയുടെയും പര്യായങ്ങളായി അവയൊക്കെയും തുറന്നുകാട്ടപ്പെട്ട സന്ദര്‍ഭങ്ങളില്‍ പോലും അതിന് ശമനമുണ്ടായില്ല.
മുമ്പൊരിക്കല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ കോളത്തില്‍ വായിച്ചതോര്‍മ വരുന്നു; മനുഷ്യവംശത്തിന്റെ ആദിമ ഘട്ടങ്ങളില്‍ ആണും പെണ്ണും ഒരുപോലെ ഇര തേടാനിറങ്ങിയിരുന്നു. അവള്‍ക്ക് തന്നില്‍ നിന്ന് വ്യത്യസ്തമായി ഗര്‍ഭപാത്രമുണ്ടെന്നും പ്രസവം എന്ന പ്രഹേളികയുമൊക്കെ തന്റെ അശക്തിയുടെ ആഴത്തെകുറിച്ചുള്ള ബോധ്യങ്ങളായി മാറിയ പുരുഷന്‍, ആ അപകര്‍ഷതാ ബോധം മറികടക്കാന്‍ പെണ്ണിനെ അകത്തിരുത്തി ഉലകസഞ്ചാരത്തിനിറങ്ങുകയായിരുന്നു.
അതിനവന്‍ കുടുംബം എന്ന വ്യവസ്ഥയെ സൃഷ്ടിച്ചു. അങ്ങനെ അവന്‍ പോരാളിയായി, വിവരമുള്ളവനായി, ഭരിക്കുന്നവനായി എന്ന്. ഇതിലേക്കല്‍പം കൂടി ചേര്‍ത്താല്‍ പെണ്ണിന്റെ ലൈംഗികതയുടെ ശക്തി തിരിച്ചറിഞ്ഞ പ്രാചീന മനുഷ്യന്റെ അപകര്‍ഷതയും ഭീരുത്വവും ആധുനിക പുരുഷനെയും വേട്ടയാടുന്നുവെന്നും വായിച്ചെടുക്കാം.
കുടുംബത്തിനകത്തെ ബലാല്‍ക്കാരങ്ങള്‍
നാടോടിയായ മനുഷ്യന്‍ കൃഷിയും കുടുംബവുമായി ഒരിടത്ത് വസിക്കാന്‍ തുടങ്ങിയപ്പോള്‍ സംഭവിച്ചത്, ആ ഘടനക്കകത്ത് ദാമ്പത്യത്തില്‍ സെക്‌സിലെ തുല്യ പങ്കാളിത്തം പെണ്ണിന് വളരെ പരിമിതമാക്കപ്പെടുകയോ തീര്‍ത്തും നിഷേധിക്കപ്പെടുകയോ ചെയ്തു എന്നതാണ്. ഓരോ സമൂഹങ്ങളിലും ഇതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുണ്ടായെന്നല്ലാതെ ഒരിടത്തും അത് സ്വാഭാവിക നീതിയോടെ പുലര്‍ന്നില്ല എന്ന് പരിശോധിച്ചാല്‍ ബോധ്യമാവും.
എന്നുമാത്രമല്ല, കുടുംബം എന്ന ഏറ്റവും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഘടനക്കകത്ത് സമൂഹത്തിന്റെ സമ്മതിയോടെയുള്ള ബലാല്‍ക്കാരങ്ങള്‍ ഭദ്രമായി സംരക്ഷിക്കപ്പെട്ടു. അവിടെ രണ്ട് കൂട്ടരുടെയും ശരീരത്തിന്റെയും തലച്ചോറിന്റെയും തുല്യ പങ്കാളിത്തം ഇല്ല എന്നല്ല മറിച്ച് അപകര്‍ഷത പേറുന്ന ആണിന്റെ കീഴടക്കലും പെണ്ണിന്റെ വിധേയപ്പെടലും ഏറ്റവും കടുപ്പത്തില്‍ തന്നെ നടന്നു. ഇന്നുമത് നടക്കുന്നു.
ഇതിനെല്ലാം ‘ലെജിറ്റിമൈസ്’ ചെയ്യുന്ന ഒരു അധീശത്വ വ്യവസ്ഥ നേരത്തെ തന്നെ മതബന്ധിതമായും പ്രമാണബന്ധിതമായും കാവ്യപരികല്‍പനകളായും ഈ ഘടനക്കകത്ത് വാഴിക്കപ്പെട്ടതിനാല്‍ പ്രതിരോധമേതുമില്ലാതെ വിധേയപ്പെടലും ബലാല്‍ക്കാരങ്ങളും ഇന്നും കുടുംബങ്ങള്‍ക്കകത്ത് നിര്‍ബാധം തുടരുകയാണ്.
അത്തരത്തിലൊരു ഘട്ടത്തില്‍ പിറന്ന ‘കാമസൂത്ര’ മഹാ കാവ്യമായി വാഴ്ത്തപ്പെട്ടു. യഥാര്‍ത്ഥത്തില്‍ പെണ്ണിന്റെ ലൈംഗികതയുടെ ശക്തിയില്‍ പതറിപ്പോയ/ ഭയപ്പെട്ടുപോയ ഒരു പുരുഷന്റെ ദുര്‍ബലമായ ദുര്‍വ്യാഖ്യാന സമാഹാരമല്ലേ കാമസൂത്രം? സെക്‌സിന് പെണ്ണിന്റെ സമ്മതം പോലും ആവശ്യമില്ലെന്നും സെക്‌സിനിടെ അവളെ ആക്രമിക്കാനുള്ള അവകാശമുണ്ടെന്നും അവളുടെ കരച്ചില്‍ വേദനയല്ല, സ്വാഭാവിക പ്രതികരണമാണെന്നും വ്യഖ്യാനിക്കുന്ന കാമസൂത്ര, ബ്രാഹ്മണപുരുഷന്റെ ശക്തിയെ നായകസ്ഥാനത്ത് നിര്‍ത്തുന്നു.
ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കാണണമെന്ന് ആവശ്യപ്പെട്ട്, വീട്ടുകാര്യങ്ങള്‍ നോക്കി, അവന്റെ ഇഷ്ടത്തിനനുസരിച്ച് പാചകം ചെയ്ത്, അവനുറങ്ങിയതിന് ശേഷം മാത്രം ഉറങ്ങുകയും അവന്‍ എഴുന്നേല്‍ക്കുന്നതിനുമുമ്പ് എഴുന്നേറ്റും, കിടക്കക്കകത്തും പുറത്തും അനുസരണയുള്ളവളായിക്കൊണ്ടും, ഒരു സ്ത്രീ അവന്റെ ശക്തിമത്തായ ജീവിതത്തില്‍ ‘സജീവമായ’ പങ്ക് വഹിക്കണമെന്നുമാണത് ആവശ്യപ്പെടുന്നത്.
എങ്ങനെയാണ് സെമിറ്റിക് മതങ്ങള്‍ സ്ത്രീ ലൈംഗികതയുടെ രണ്ടാംകിട പദവിക്ക് അടിത്തറ പാകിയതെന്ന് മുമ്പൊരിക്കല്‍ വിശദമായി എഴുതിയിട്ടുണ്ട്. അതിനെ ഇങ്ങനെ സംഗ്രഹിക്കാം; ജൂതന്‍മാരിലവതരിച്ച പഴയ നിയമം, ക്രിസ്ത്യാനികളുടെ ബൈബിള്‍, മുസ്‌ലിങ്ങളുടെ കയ്യിലുള്ള ഖുര്‍ആന്‍ എന്നിവയിലെല്ലാം ഒരുപോലെ പരാമര്‍ശിക്കപ്പെട്ട ആദിമ മനുഷ്യനാണ് ആദം. സെമിറ്റിക് മതക്കാര്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ ഒരുപോലെ വിശ്വസിക്കുന്ന ആദമിന്റെ ഭാര്യ/ ഇണയായ ഹവ്വ ഉള്‍പെട്ട ആദിപാപ കഥയിലൂടെയാണ് ഇന്നീ കാണുന്ന മതബന്ധിതമായ ലൈംഗിക അസമത്വത്തിന്റെ തുടക്കം.
ദൈവം ആദ്യം ആദമിനെ മണ്ണില്‍ നിന്നും സൃഷ്ടിക്കുകയും ഏദന്‍ തോട്ടത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നിട്ട് ഒരു മരം ചൂണ്ടിക്കാട്ടി അത് നന്മതിന്മകളുടെ വൃക്ഷമാണെന്നും അതിനെ സമീപിക്കരുതെന്നും അതിലെ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്നും പറഞ്ഞു. അതിനുശേഷം ആദമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെയും സൃഷ്ടിച്ചു. എന്നാല്‍, ഹവ്വയെ സര്‍പ്പത്തിന്റെ രൂപത്തില്‍ വന്ന സാത്താന്‍ പ്രലോഭിപ്പിച്ചു. അതിന്റെ ഫലമായി ഹവ്വ വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും അത് ആദമിനെക്കൊണ്ട് ഭക്ഷിപ്പിക്കുകയും ചെയ്തു. ഇതോടെ ഇരുവരെയും ഏദന്‍ തോട്ടത്തില്‍ നിന്ന് ദൈവം പുറത്താക്കി.
ഈ കാലംവരെയും ഇനി പിറക്കാനിരിക്കുന്ന കാലത്തോളവും നിലനില്‍ക്കുന്ന ഭൂമിയിലെ സ്ത്രീവിരുദ്ധതയുടെ പ്രഭവകേന്ദ്രമാണ് ഹവ്വയെയും ആദിപാപത്തെയും കൂട്ടിയിണക്കുന്ന ഈ കഥ. സാത്താനിക പ്രലോഭനത്തിന്റെ കേന്ദ്രം, പെണ്ണിന്റെ പ്രകൃതത്തിലെ വക്രത, ലൈംഗിക ബിംബം തുടങ്ങിയ മനുഷ്യവിരുദ്ധമായ വിശേഷണങ്ങള്‍ എല്ലാം ആരോപിക്കപ്പെടുന്നതിന്റെ അടിത്തറ മേല്‍പറഞ്ഞ മതങ്ങള്‍ പാകപ്പെടുത്തിയത് വ്യാജമായ ഈ ജൂത നാടോടിക്കഥയില്‍ നിന്നുമാണ്. സ്ത്രീയുടെ ലൈംഗികത പാപമാണെന്നതും സ്ത്രീ തന്നെ ജന്മം കൊണ്ട് വക്രതയുള്ളവളാണെന്നും അടിയുറച്ച് പോയവര്‍ക്ക് അവരുടെ വിശ്വാസത്തെ തിരുത്താതെയും നവീകരിക്കാതെയും ഈ വിഷയത്തെ ജനാധിപത്യ ബോധത്തോടെ സമീപിക്കാനാവില്ല.
ഇങ്ങനെയൊക്കെ മതപാട്രിയാര്‍ക്കി അടിച്ചേല്‍പിക്കപ്പെട്ട കുടുംബത്തിനകത്തെ സെക്‌സിന്റെ ഗുണഭോക്താക്കള്‍ പുരുഷന്‍മാര്‍ മാത്രമായിരുന്നു. അതിന്റെ ഫലം സെക്‌സ് എന്താണെന്ന് ശരിയായി അറിയാത്ത/ ആസ്വദിക്കാന്‍ കഴിയാതെ പോയ, നിര്‍ഭാഗ്യങ്ങളാലും വാതില്‍ക്കല്‍വരെ എത്തി ഇതാണ് യഥാര്‍ത്ഥ സെക്‌സ് എന്ന് തെറ്റിദ്ധരിക്കുന്ന പുരുഷന്‍മാരാലും ദാമ്പത്യം ‘സമ്പുഷ്ടമായി’ എന്നതാണ്.
അപ്പോഴും സ്വന്തം സുഖംതേടി അവന്‍ പുറത്തേക്കും സഞ്ചരിച്ചു. ഇന്ന് തങ്ങള്‍ക്കുമതാവാമെന്ന് പറഞ്ഞ് പൊട്ടിച്ചിറങ്ങുന്ന സ്ത്രീകളുടെ എണ്ണവും ഏറുന്നു. സ്വന്തം സംതൃപ്തിക്കും സന്തോഷത്തിനും പുരുഷന്‍ നേരത്തെ കണ്ടെത്തിയ വഴികള്‍ സ്ത്രീകളും പരീക്ഷിച്ച് തുടങ്ങിയിരിക്കുന്നു.
ഭാര്യാ ഭര്‍ത്താക്കന്‍മാരായിരിക്കെ പുറം പങ്കാളികളെ തേടുന്നതില്‍ അസ്വാഭാവികതകള്‍ കാണാനാവാത്ത വിധം സാമൂഹ്യ മനോഭാവങ്ങളിലും മാറ്റങ്ങള്‍ വന്നു. വിവാഹേതര ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് അടുത്തിടെ സുപ്രീംകോടതിയും പറഞ്ഞുവെച്ചല്ലോ. ഭര്‍ത്താവ് സ്ത്രീയുടെ യജമാനന്‍ അല്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ്, അതുവരെ ക്രിമിനല്‍ കുറ്റമായിക്കണ്ടിരുന്ന 497ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയത്.
ജനാധിപത്യം, സമത്വം, അഭിമാനം തുടങ്ങിയ മൂല്യങ്ങളിലൂന്നിക്കൊണ്ടുള്ള ഇത്തരം തിരിച്ചറിവുകളും തിരുത്തുകളും ആധുനിക സമൂഹങ്ങളില്‍ നടന്നുവരുന്നുണ്ട്. എന്നാലത് സ്വീകരിക്കപ്പെടുന്ന സാമൂഹ്യാവസ്ഥകള്‍ കൂടി വിശകലന വിധേയമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
സ്വതന്ത്ര ലൈംഗികതയില്‍ എത്രമാത്രം സ്വാതന്ത്ര്യമുണ്ട്?
ദാമ്പത്യത്തിന്/ ഒറ്റപ്പങ്കാളിക്ക് പുറത്തെ സെക്‌സ് ആണ് മറ്റൊന്ന്. അതില്‍ സൗഹൃദത്തിന്റെയും താങ്ങിന്റെയും ആകര്‍ഷണത്തിന്റെയും ഒക്കെ അംശങ്ങള്‍ ഉള്‍ചേര്‍ന്ന വൈകാരികമായ ബോണ്ടില്‍ രണ്ടുപേര്‍ തുല്യരൂപത്തില്‍ അറിഞ്ഞാസ്വദിക്കുന്നതടക്കം ഉണ്ടായി. എന്നാല്‍ ഈ ഗണത്തില്‍ പോലും സെക്‌സിലെ തുല്യത അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമായി ആധുനിക സമൂഹത്തെ പോലും നോക്കി പല്ലിളിക്കുന്ന കാഴ്ച സര്‍വത്രയാണ്.
പീഡന- താഡനങ്ങളുടെയും സാമ്പത്തികമായും വൈകാരികമായും ഒക്കെയുള്ള ചൂഷണത്തിന്റെയും ഭീഷണിയുടെയും അവിശ്വാസത്തിന്റെയും കുരുക്കുവലയില്‍ നിന്ന് അതും മുക്തമല്ലെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു. മതബന്ധിതമായ ചൂഷണത്തിലേക്ക് കച്ചവട കേന്ദ്രീകൃതമായ മുതലാളിത്തവും കൂടി കണ്ണു വെച്ചതോടെ ലൈംഗികതയുടെ ഏറ്റവും വിഷലിപ്തമായ, അക്രമോത്സുകമായ അവസ്ഥാന്തരങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചു. ക്രിമിനല്‍ മൂലധനവ്യവസ്ഥ അതിന് വെള്ളവും വളവുമേകി. അതിന്റെ ഏറ്റവുമൊടുവില്‍ പ്രതിരോധമെന്ന നിലയില്‍ ആധുനിക സമൂഹം കേള്‍ക്കാന്‍ തുടങ്ങിയ പ്രഖ്യാപനമാണ് ‘മീ ടൂ’.
ഇന്നത്തെ സമൂഹങ്ങള്‍ മേന്മ ദര്‍ശിച്ച ‘സ്വതന്ത്ര ലൈംഗികത’ എന്ന ആശയവും പ്രതിസന്ധികളില്‍ നിന്ന് മുക്തമാണോ എന്ന് പരിശോധിക്കാതിരിക്കാനാവില്ല. ലൈംഗികതയില്‍ പരമമായത് പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്ന ആശയം പ്രത്യക്ഷത്തില്‍ പുരോഗമനപരമായിരുന്നു. എന്നാല്‍, വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് കൊണ്ടുള്ള വിപണിയധിഷ്ഠിത ലാഭേച്ഛയിലും, തങ്ങളുടെ ലൈംഗിക ദൗര്‍ബല്യങ്ങള്‍ക്ക് സിദ്ധാന്തവല്‍ക്കരണം ചമയ്ക്കാന്‍ പലരും തരംപോലെ സ്വതന്ത്ര ലൈംഗികതയെ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ, പ്രകൃതിപരമായ സെക്ഷ്വല്‍ നീഡ് എന്നതില്‍ നിന്ന് സ്ത്രീ അവിടെയും കൂടുതല്‍ വിട്ടുവീഴ്ച ചെയ്യേണ്ടവളും പരിക്കേറ്റുവാങ്ങേണ്ടവളുമായി. അതുതെളിയിക്കുന്നതായിരുന്നു ഹോളിവുഡിലടക്കം ഉയര്‍ന്നുകേട്ട ‘മീ ടൂ’.
പക്വവും ആരോഗ്യകരവുമായ ലൈംഗികത ഉണ്ടെന്ന് അവകാശപ്പെട്ട സമൂഹമായിരുന്നു അത്. അത്രപോലും ബോധവും ബോധ്യങ്ങളും ഉറക്കാത്ത ഏത് സമൂഹത്തിലും സ്വതന്ത്ര ലൈംഗികത പലതരം പ്രതിസന്ധികള്‍ കൊണ്ടുവരുമെന്നതില്‍ തര്‍ക്കമില്ല. അറിഞ്ഞോ അറിയാതെയോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇയാള്‍/ ഇവള്‍ പിന്നീടെപ്പോഴെങ്കിലും ദുരുപയോഗം ചെയ്യുമോ, എന്ന്, പങ്കാളിയുടെ നേര്‍ക്ക് സംശയദൃഷ്ടിയോടെ നോക്കേണ്ടി വരുന്ന തരം അവസ്ഥകള്‍ വാര്‍ത്തകളായും സംഭവങ്ങളായും പ്രവഹിക്കുന്ന ഒരു കാലം കൂടിയാണിത്. ഇങ്ങനെ സ്വാഭാവികമായ സെക്‌സിനുള്ള സാഹചര്യമാണ് പല തരം കാരണങ്ങളാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
ഇന്നത്തെ കൗമാര പ്രണയങ്ങള്‍ക്കിടയിലുള്ള ആദ്യഘട്ടം തന്നെ സെക്‌സ് ആവുന്നതും അതിനൊപ്പം മാരകമായ ലഹരികള്‍ ചേരുവയായെത്തുന്നതും സര്‍വ സാധാരണമായിരിക്കുന്നു എന്നതാണ് മറ്റൊരു അപകടം. ഇത് വലിയ തലവേദനകള്‍ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലെ പല തലക്കെട്ടുകളും പൊലീസ് സ്റ്റേഷനുകളില്‍ കുമിയുന്ന കേസുകെട്ടുകളും കുടുംബങ്ങളെയും സാമൂഹ്യബന്ധങ്ങളെയും പൂര്‍വാധികം ഉലയ്ക്കുന്ന അസ്വാരസ്യങ്ങളും എല്ലാം ചില സൂചനകള്‍ നല്‍കുന്നുണ്ട്, ഈ പോക്ക് എന്തിലേക്കാണ് എന്നതിന്റെ.
സുരക്ഷിതമായ ലൈംഗികത അന്യം നിന്നുപോവുന്നു എന്നത് എത്രമേല്‍ അപകടകരമാണ്? പറഞ്ഞുവരുന്നത്, പാട്രിയാര്‍ക്കല്‍ ഘടനയില്‍ ഉണ്ടാക്കിയ തറ പൊളിക്കാതെ അതിന്മേല്‍ തന്നെ കെട്ടിപ്പൊക്കിയുണ്ടാക്കിയ ഏത് ലൈംഗിക സ്വാതന്ത്ര്യവും വെറും വാചാടോപമായിരിക്കും. ഗുണാത്മകമായ മാറ്റത്തേക്കാളേറെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തന്നെ അത് പരിക്കേല്‍പ്പിക്കുമെന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്.
സ്വതന്ത്ര ലൈംഗികതയില്‍ എത്രകണ്ട് സ്വാതന്ത്ര്യമുണ്ടെന്ന് പുരോഗമന സമൂഹത്തോട് തിരിച്ച് ചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല. പക്ഷെ, അങ്ങനെ ചോദിക്കുന്നവരില്‍ പണ്ടേക്കുപണ്ടേ തീറ്റിപ്പോറ്റുന്ന മതാധികാര പാട്രിയാര്‍ക്കിയുടെ ലൈംഗിക ഗുണഭോക്താക്കളും ചൂഷകരും താങ്ങുകാരുമായി നില്‍ക്കുന്നവരുണ്ടെങ്കില്‍ ആ ചോദ്യത്തിലടങ്ങിയ കാപട്യം എങ്ങനെയും പുറത്തുചാടും. അതോടെ ആരോഗ്യകരമായ ലൈംഗികതയുമായി ബന്ധപ്പെട്ട ഗുണപരമായ ചര്‍ച്ചയുടെ സാധ്യതകള്‍ തന്നെ കൊട്ടിയടക്കപ്പെടുകയും ചെയ്യും. ആ മട്ടിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്.
‘ലിബറല്‍’ എന്ന് അവകാശപ്പെടുന്നവരുടെ ഇടത്തിലെ ലൈംഗികതയുടെ പൊള്ളത്തരങ്ങളെയും വ്യാജോക്തികളെയും കുറിച്ച് അതിനേക്കാള്‍ വികലമായ മത പാട്രിയാര്‍ക്കിയുടെ അനുയായി വൃന്ദങ്ങളും, നേരെ തിരിച്ചുമുള്ള ചെളിയേറും പരിഹാസവും ആരോപണവും ഈ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് കാണാനാവുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തു കടക്കാതെ നിവൃത്തിയില്ല. കാരണം വരും തലമുറയുടെ ജീവിതം പരമപ്രധാനമാണല്ലോ!
സ്ത്രീ ലൈംഗികതയെ അടുത്തറിയാത്ത മൗലവിമാരും സ്വാമിമാരും പാതിരിമാരും എഴുതിവിടുന്ന ലൈംഗിക സാഹിത്യങ്ങള്‍ വായിച്ചും, ലാഭേച്ഛ തലക്കുപിടിച്ച ക്രിമിനല്‍ മൂലധന വിപണി വന്‍തോതില്‍ പടച്ചുവിടുന്ന പോണ്‍ ചിത്രങ്ങളും വിഡിയോകളും കണ്ടും, ഇതാണ് യഥാര്‍ത്ഥ ലൈംഗികതയെന്ന് തെറ്റിദ്ധരിച്ച് അതിന്റെ വൈകൃതങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വീടിനകത്തും പുറത്തും തെറിപ്പിച്ചു കൂട്ടുന്നവരുടെ എണ്ണം പെരുകിപ്പെരുകി വരികയാണ്. പ്രത്യേകിച്ച് മൊബൈല്‍ ഫോണ്‍ കൈവെള്ളയിലുള്ള കൗമാരങ്ങള്‍.
ഇങ്ങനെ സെക്‌സിനെ അറിയുന്നതിനേക്കാള്‍ നല്ലതല്ലേ അതിനെക്കുറിച്ച് ശാസ്ത്രീയവും ആരോഗ്യപരവുമായ തുറന്ന ചര്‍ച്ചകള്‍ക്ക് ഇടമൊരുക്കുന്നത്? ഏറ്റവും വികലവും ദുര്‍ബലവുമായ രീതിയില്‍ സെക്‌സ് ആചരിക്കുന്ന ജനതയില്‍ നിന്ന് ആരോഗ്യമുള്ള തലമുറകളെ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ്. കാരണം സെക്‌സ് ഒരു മനുഷ്യന്റെ ജീവിതത്തെ പല തലത്തില്‍ സ്വാധീനിക്കുന്നുവെന്ന് ആധുനിക പഠനങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
സെക്‌സ് മനോഹരമായ ഒരു കലയാണ്
വാസ്തവത്തില്‍ സെക്‌സ് എന്നത് അതിമനോഹരമായ ഒരു കലയാണ്. അതിന് പല അടരുകളും കോണുകളും ആഴവും ചുഴിയും വെളിച്ചവും ഇരുളും ശാന്തതയും രൗദ്രതയും ഒക്കെയുണ്ട്. അതിനകത്ത് മേല്‍പറഞ്ഞ അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും നേരിയ അംശം പോലും ഉണ്ടാവാതിരുന്നാല്‍ ആ ജൈവിക കര്‍മത്തോളം മനോഹരമായ മറ്റൊരു ആസ്വാദ്യതയും ലഹരിയും ഈ ലോകത്തില്ല. ശരീരങ്ങള്‍ എന്നത് അപ്രസക്തമാവുന്നതും അപ്രത്യക്ഷമാവുന്നതുമായ ഒരു ഘട്ടം/ പല ഘട്ടങ്ങള്‍ ഉണ്ടതില്‍.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരേ വ്യക്തിയില്‍ പോലും Explore ചെയ്ത് തീരാത്ത വൈവിധ്യങ്ങള്‍ സെക്‌സില്‍ ഉണ്ടെന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ അത് പതിന്മടങ്ങായി ഉണ്ട്. പക്ഷെ, സ്വന്തം ലൈംഗികതയ്ക്ക് മേല്‍ അവനേക്കാള്‍ ശക്തമായ കണ്‍ട്രോള്‍ അവള്‍ക്കുള്ളതിനാല്‍ അത് കുറേക്കൂടി പക്വത കാണിക്കുന്നു. ആണിനെ പോലെ അനവസരത്തിലുള്ള പ്രയോഗത്തേക്കാള്‍ അനുകൂലമായ ഒരു സാഹചര്യത്തിനുള്ള ഒരു തേട്ടമതിലുണ്ട്. അങ്ങനെ ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ കെട്ടഴിച്ചുവിട്ട കൊടുങ്കാറ്റായി അത് സ്വയം മാറുകയും മറ്റൊരാളിലേക്ക് പടരുകയും ചെയ്യും.
എന്നാലിവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. കേവലമായതും ഉപരിപ്ലവവുമായ ലൈംഗികതയില്‍, ഉപയോഗിച്ച് തേയ്മാനം സംഭവിച്ച ഒരു വസ്തുവിനോടെന്ന പോലുള്ള മടുപ്പ് ഒരാളെ ആ ബന്ധത്തിന് പുറത്തേക്ക് മറ്റൊന്നിനെ അന്വേഷിച്ച് പോവുന്നതിലേക്ക് നയിക്കും. അത്തരത്തില്‍ ‘വെറൈറ്റി’ തേടുന്നവരുടെ എണ്ണം ഇന്ന് കൂടുതലായി കാണാം. അങ്ങനെയുള്ളവരെല്ലാവരും പത്തിലും നൂറിലും പോലും സംതൃപ്തനായിരിക്കണമെന്നില്ല.
എന്നാല്‍, സെക്സിനെ ശരിയായി അറിഞ്ഞ് അതിലേര്‍പ്പെടുന്ന ഒരു വ്യക്തിക്ക്, ഒരു പങ്കാളിയില്‍ നിന്ന് തന്നെ എത്രയും തവണ പകുത്തെടുക്കാനും പകുത്ത് നല്‍കാനും ആവുന്ന ഒന്നാണതെന്ന് അധികമാരും അറിയാതെ പോവുന്നു. സെക്‌സിനോളം, രണ്ടുപേര്‍ ചേര്‍ന്നുള്ള മറ്റൊരു ആസ്വാദനത്തിലും അത്രക്കും ശക്തിയും വൈവിധ്യവും അടുപ്പവും കണ്ടെത്താനാവില്ല.
ലൈംഗികതാ വ്യവസായം
എന്നാല്‍ പലവിധ ആണധികാര അധീശത്വ ആശയങ്ങളാലും (മതപരവും മുതലാളിത്തപരവും) സാമ്പത്തിക താല്‍പര്യങ്ങളാലും ഇതെല്ലാം ഉള്‍ച്ചേര്‍ന്ന ക്രിമിനല്‍ വ്യവസ്ഥകളാലും ഏറ്റവും കൂടുതല്‍ വികലമാക്കപ്പെട്ട ഒന്നായി സെക്‌സ് മാറിക്കഴിഞ്ഞു. പച്ചയായ കച്ചവടത്തിനും അതിക്രമത്തിനുമുള്ള സമ്മതി നിര്‍മിതിയാണ് ഇക്കണ്ട കാലം പലവിധ മാര്‍ഗേന ഈ അധീശത്വ വ്യവസ്ഥകള്‍ ഉണ്ടാക്കിയെടുത്തത്.
അതിന്റെ പ്രതിഫലനം പെണ്‍ശരീരത്തിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളായും അശ്ലീല പ്രയോഗങ്ങളായും കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളായും പ്രണയപ്പകയായും പുറത്തേക്ക് നീണ്ടുവരുന്നു. വികലവും വികൃതവുമായ ധാരണകളെ തിരുത്താത്തിടത്തോളം, സെക്‌സ് അധീശത്വം പലവിധ മാര്‍ഗേന ആധുനിക സമൂഹത്തിന്റെ സ്വസ്ഥത നശിപ്പിക്കാനുതകുന്ന മാരകായുധമായി മാറും എന്നതില്‍ തര്‍ക്കമില്ല.
വെറി പിടിച്ചോടുന്ന മനുഷ്യരുടെ ലൈംഗിക നൈരാശ്യങ്ങളെയും ആവശ്യങ്ങളെയും മുന്‍നിര്‍ത്തി വന്‍ വിപണിയാണ് മുതലാളിത്തം ഒരുക്കുന്നത്. സെക്‌സ് ഇന്‍ഡസ്ട്രിയുടെ അമ്പരപ്പിക്കുന്നതും ഒരുവേള ഭയപ്പെടുത്തുന്നതുമായ ആധിക്യമാണ് ഇതിലൊന്ന്. അതില്‍തന്നെ ആണിന്റെ കാമനകളെയും ഫാന്റസിയെയും തൃപ്തിപ്പെടുത്തുന്ന സെക്‌സ് ടോയ്‌സുകള്‍ ഉണ്ടാക്കി വിറ്റഴിക്കുന്ന ആഗോള ബ്രാന്‍ഡുകള്‍ക്കുള്ള സ്വീകാര്യത. സ്വാഭാവിക രീതിയിലുള്ള സെക്‌സില്‍ നിന്നുള്ള മനുഷ്യരുടെ അന്യവല്‍ക്കരണം മൂലമുണ്ടാകുന്ന പലതരം പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പഠനങ്ങള്‍ തന്നെ വന്നുകഴിഞ്ഞു.
ആഗ്രഹിക്കുന്ന തരം സെക്‌സിനായി വരും തലമുറക്ക് മുന്നിലേക്ക് യന്ത്രവനിതകളെ ഉല്‍പാദിപ്പിച്ചിറക്കുന്ന ലോകക്രമത്തിലെത്തി നില്‍ക്കുന്നു ഇന്ന് നമ്മള്‍. അത് വില കൊടുത്ത് വാങ്ങാനാവാതെ പുറന്തള്ളപ്പെടുന്നവര്‍ കൂടുതല്‍ അക്രമവാസനയോടെ സെക്‌സ് പിടിച്ചെടുക്കുമെന്നതായിരിക്കും വരാനിരിക്കുന്ന മറ്റൊരു വലിയ അപകടം. മറുപുറത്ത് ഹ്യൂമനോയ്ഡുകള്‍ നടത്താനിടയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടി ഈ രംഗത്തെ വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മതങ്ങള്‍ പൊളിയുമെന്നോ പുരോഗമനവും ഫെമിനിസവും ഒക്കെ ഇടിഞ്ഞ് വീഴുമെന്നോ ഉള്ള ധാരണകളിലും അഹന്തകളിലും പെട്ട് ഇവിടെ സംഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും അപകടങ്ങളും വേണ്ടവിധം അഡ്രസ് ചെയ്യപ്പെടാതെ പോവുകയാണ്.
എന്താണ് പ്രതിവിധി?
മനുഷ്യന്റെ നൈസര്‍ഗികമായ ചോദന എന്ന നിലയില്‍ സെക്‌സിനെയും അതേക്കുറിച്ചുള്ള സംവാദത്തെയും അശ്ലീലമായി കാണുന്നത് തന്നെയാണ് മേല്‍പറഞ്ഞ പ്രതിസന്ധികളെ മറികടക്കാനാവാത്തതിലെ ഏറ്റവും വലിയ കടമ്പ. യഥാര്‍ത്ഥത്തില്‍ ലൈംഗികതയെ ആദരവോടെ സമീപിക്കുകയല്ലേ വേണ്ടത്? വയറിന്റെ വിശപ്പാറ്റുന്ന ഭക്ഷണത്തെ ആദരവോടെ സമീപിക്കുന്ന ജനത അങ്ങേയറ്റം മൂല്യബോധമുള്ളവരും സംസ്‌കാര സമ്പന്നരുമായിരിക്കുമെന്നതില്‍ തര്‍ക്കമില്ലല്ലോ. സെക്‌സ് തെറ്റായ എന്തോ ഒന്നാണെന്നും അശ്ലീലമാണെന്നുമുള്ള പഴകിപ്പതിഞ്ഞ ധാരണകളെ തിരുത്തുക എന്നതാണ് ആദ്യപടി.
ഈ വിഷയത്തില്‍ വൈകാരികമായും വിചാരപരമായും വിഭിന്ന ശ്രേണിയില്‍ നില്‍ക്കുന്ന ജനതയെ ബോധവല്‍കരിക്കാന്‍ വിദ്യാഭ്യാസത്തോളം ശക്തമായ മാര്‍ഗം വേറെയില്ല. ദാമ്പത്യത്തിലായാലും സൗഹൃദത്തിലായാലും പ്രണയത്തിലായാലും സംഭവിക്കുന്ന സെക്‌സില്‍ അനിവാര്യമായും വേണ്ടതെന്തെന്ന് ഇനിയുള്ള തലമുറയെയെങ്കിലും പഠിപ്പിച്ചേ മതിയാവൂ. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം ചെറുപ്പത്തിലേ അവര്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക എന്നതാണ്.