| Thursday, 5th November 2015, 9:43 am

മലപ്പുറത്ത് വോട്ടിങ് യന്ത്രം തകരാറിലായത് അട്ടിമറി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തകരാറിലായത് 270ലേറെ കേന്ദ്രങ്ങളില്‍

മലപ്പുറം: മലപ്പുറത്ത് വോട്ടിങ് യന്ത്രം വ്യാപകമായി തകരാറിലായത് അട്ടിമറിയെന്ന് സംശയം. യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയതായി പരിശോധയില്‍ കണ്ടെത്തി. ഇതാണ് അട്ടിമറിയാണോയെന്ന് സംശയിക്കാന്‍ കാരണം.

തകരാറായ വോട്ടിങ് യന്ത്രങ്ങളില്‍ ചിലതില്‍ പേപ്പറുകള്‍ തിരുകിയതായും സ്റ്റിക്കറുകള്‍ ഒട്ടിച്ചതായും കണ്ടെത്തി. ഇതേത്തുടര്‍ന്ന് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. യന്ത്രം തകരാറിലാവുന്നതിനു തൊട്ടുമുമ്പ് വോട്ടുചെയ്തയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടുകള്‍ നടക്കുന്ന മണ്ഡലങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കൂടുതലായി തകരാറിലായത്. ഒരുവോട്ടുമാത്രം നടക്കുന്ന മുനിസിപ്പാലിറ്റികളില്‍ യന്ത്രത്തകരാറുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

270ഓളം ബൂത്തുകളില്‍ യന്ത്രത്തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം. ആസൂത്രിതമായ ശ്രമമാണ് യന്ത്രത്തകരാറുകള്‍ക്ക് കാരണമെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. മൂന്നൂറോളം സ്ഥലങ്ങളില്‍ യന്ത്രത്തകരാറുകള്‍ കാരണം വോട്ടെടുപ്പ് തടസ്സപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് യന്ത്രത്തിലെ തകരാറുകള്‍ ആസൂത്രിതമായ ശ്രമത്തിന്റെ ഫലമാണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ചശേഷം പറയട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more