| Saturday, 27th February 2021, 1:16 pm

വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ; കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയായിരിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണ ഫോട്ടോ പതിപ്പിച്ച സ്ലിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സാഹചര്യമായതിനാല്‍ ഇത്തവണ ഒരു മണിക്കൂര്‍ അധികമായി പോളിങ് സമയം നീട്ടിയിട്ടുണ്ട്. പരമ്പരാഗതമായി കേരളത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. ഇത്തവണ ഒരു മണിക്കൂര്‍ അധികം നല്‍കിയതിനാല്‍ അത് ഏഴ് മുതല്‍ ഏഴ് വരെയായിരിക്കും. നക്‌സല്‍ ബാധിത മേഖലകള്‍ ഒഴികെയുള്ള എല്ലാ സ്ഥലത്തും ഈ സമയം ബാധകമായിരിക്കും.

കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കും. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, മില്‍മ, ജയില്‍- എക്‌സൈസ് തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കായിരിക്കും പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുണ്ടാകുക.

കമ്മീഷന്‍ അനുവദിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആയിരിക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനാവുക. പോസ്റ്റല്‍ വോട്ടിന് ആഗ്രഹമുള്ളവര്‍ 12- D ഫോം പൂരിപ്പിച്ചു നല്‍കണം. പോസ്റ്റല്‍ വോട്ട് ചെയ്യുമ്പോള്‍ വീഡിയോ ഗ്രാഫ് നിര്‍ബന്ധമായിരിക്കും.

കള്ളവോട്ടിന് ഒത്താശ ചെയ്താല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും, കൂടാതെ ഇവര്‍ക്കെതിരെ കേസ് എടുക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ പരി ക്കേല്‍ക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താല്‍ 15 ലക്ഷം നഷ്ടപരിഹാരം നല്‍കും.

കൊവിഡ് മാനദണ്ഡം പാലിച്ച് കൊട്ടിക്കലാശം നടത്താം. രാഷ്ട്രീയ പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും വീണ്ടും യോഗം വിളിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more