വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് നേരെ വോട്ടര്‍മാരുടെ ചെരുപ്പേറ്. തന്റെ മണ്ഡലമായ വാരണാസിയില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ് ഉണ്ടായത്. ഇതുസംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
സംഭവത്തില്‍ മോദിയും സംഘവും നിയന്ത്രിക്കുന്ന ഇന്ത്യയിലെ ഗോഡി മീഡിയക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബുള്ളറ്റ് പ്രൂഫ്ഡ് ആയ കാറിന് മുകളില്‍ വന്നുവീണ ചെരുപ്പ്, സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറത്തേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഈ ദൃശ്യങ്ങള്‍ ഗോഡി മീഡിയ ഒരുകാരണവശാലും പുറത്തുവിടില്ലെന്ന് തങ്ങള്‍ക്കറിയാമെന്നാണ് ചില സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പറയുന്നത്. അതേസമയം വാഹനത്തിന് നേരെയുണ്ടായത് വലിയ സുരക്ഷാ വീഴ്ചയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മോദിക്ക് നേരെ ഉയര്‍ന്ന മാരകായുധത്തെ വീണ്ടെടുക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്നും ഒരാള്‍ പ്രതികരിച്ചു.
അതേസമയം വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് റായ് മോദിയെ വെല്ലുവിളിച്ച് രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ വാരണാസി മണ്ഡലം ഉപേക്ഷിച്ച് ഒരു തവണ കൂടി തനിക്കെതിരെ മത്സരിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം മോദിയെ വെല്ലുവിളിച്ചു. നരേന്ദ്ര മോദിയെ താന്‍ തോല്‍പ്പിച്ചിരിക്കും. അതേസമയം വാരണാസിയില്‍ നിന്ന് മോദി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അജിത് റായ് ആജ് തക്കിനോട് പ്രതികരിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായ തിരിച്ചടി ബി.ജെ.പി കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ച്, വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം കുറഞ്ഞത് ബി.ജെ.പിയെ മങ്ങലിലാക്കി. അജയ് റായ് കനത്ത മത്സരമാണ് വാരണാസിയില്‍ കാഴ്ചവെച്ചത്.
Content Highlight: Voters threw sandal against Prime Minister Narendra Modi’s motorcade