| Sunday, 18th December 2016, 6:59 pm

നോട്ടിന് വരി നിര്‍ത്തിയതിന് മോദിയെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ പാഠം പഠിപ്പിക്കണം: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബി.ജെ.പി വാങ്ങുന്ന സംഭാവനകളില്‍ 70 ശതമാനവും പണമായിട്ടാണ്. മോദി അദ്യം സ്വന്തം അണികളോട് സംഭാവന ചെക്കായി സ്വീകരിക്കാന്‍ പറയണം. എന്നിട്ടുമതി മറ്റുള്ളവര്‍ ക്യാഷ്‌ലെസ്സാവുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.


യു.പി:   നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് മണിക്കൂറുകളോളം വരി നിര്‍ത്തിയ മോദിയെ ഒരു പാഠം പഠിപ്പിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ലക്‌നൗവില്‍ ആം ആദ്മി പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 80 സീറ്റുകളില്‍ 73ഉം മോദിക്ക് അനുകൂലമായാണ് പോയത്. ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍ മോദി ഇന്നു പ്രധാനമന്ത്രിയാകുമായിരുന്നില്ല. ഇപ്പോള്‍ വീണ്ടും രാജ്യം മുഴുവനും യു.പിയിലെ ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. മോദിയെ ഒരു പാഠം പഠിപ്പിക്കേണ്ടത് യു.പിയിലെ ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബി.ജെ.പിയുടെ ശക്തരായ അനുയായികള്‍ പോലും പാര്‍ട്ടിക്ക് എതിരായിരിക്കുകയാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.  30 വര്‍ഷമായി ബി.ജെ.പിക്ക് വോട്ടുചെയ്തു കൊണ്ടിരുന്ന ഒരു വോട്ടറുമായി സംസാരിച്ചെന്നും ഇനി ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്ന് അയാള്‍ പറഞ്ഞുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായനികുതി ഇളവ് നല്‍കിയ നടപടിയെയും കെജ്‌രിവാള്‍ വിമര്‍ശിച്ചു.  രാഷ്ട്രീയ പാര്‍ട്ടികളുടെ കഴിഞ്ഞ 5 വര്‍ഷത്തെ ബാങ്ക് ഇടപാടുകളെല്ലാം പരിശോധിക്കണമെന്നും കെജ് രിവാള്‍ പറഞ്ഞു.

ബി.ജെ.പി വാങ്ങുന്ന സംഭാവനകളില്‍ 70 ശതമാനവും പണമായിട്ടാണ്. മോദി അദ്യം സ്വന്തം അണികളോട് സംഭാവന ചെക്കായി സ്വീകരിക്കാന്‍ പറയണം. എന്നിട്ടുമതി മറ്റുള്ളവര്‍ ക്യാഷ്‌ലെസ്സാവുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more