ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥിക്ക് ഉജ്ജ്വല വിജയം
national news
ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മരിച്ച സ്ഥാനാര്‍ത്ഥിക്ക് ഉജ്ജ്വല വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 8:26 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മരണപ്പെട്ട സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് ജനങ്ങള്‍. സ്ഥാനാര്‍ത്ഥിയുടെ ജനങ്ങളോടുള്ള പെരുമാറ്റമാണ് അവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതെന്ന് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 44 ശതമാനം വോട്ട് നേടിയാണ് ആശിയ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഏപ്രില്‍ 20നാണ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ആശിയ.ബി. മരണപ്പെടുന്നത്. ഹസന്‍പൂര്‍ മുനിസിപ്പാലിറ്റിയിലെ ഏഴാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി ആശിയ ഏപ്രില്‍ 16ന് നോമിനേഷന്‍ സമര്‍പ്പിച്ചിരുന്നു.

ഏറെപ്പെട്ടെന്ന് തന്നെ ജനങ്ങളുമായി സൗഹൃദം സ്ഥാപിക്കാന്‍ ആശിയക്കായി. ജനങ്ങള്‍ അവള്‍ക്ക് നല്‍കിയ വാഗ്ദാനം തെറ്റിക്കാന്‍ ആഗ്രഹിച്ചില്ലെന്നും അതുകൊണ്ടാണ് ആശിയയെ തന്നെ തെരഞ്ഞെടുത്തതെന്നും ഹസന്‍പൂര്‍ സ്വദേശി മുഹമ്മദ് സാക്കിര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹമാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ആശിയയുടെ പങ്കാളി മുന്‍തജീബ് അഹമ്മദ് പറഞ്ഞു.

‘ജനങ്ങളെ സേവിക്കുന്നതിനായി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നായിരുന്നു അവളുടെ ആഗ്രഹം. വാര്‍ഡ് ഏഴില്‍ സ്ത്രീ സംവരണമാണ്. നേരത്തെ തെരഞ്ഞെടുപ്പില്‍ അവള്‍ മത്സരിച്ചിട്ടില്ല. ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അവളുടെ പെരുമാറ്റം കൊണ്ടാണ് ജനങ്ങളുടെ ഹൃദയം കീഴക്കാന്‍ സാധിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ അവള്‍ മരണപ്പെട്ടു. പക്ഷെ എന്നിട്ടും ജനങ്ങള്‍ അവള്‍ക്ക് വോട്ട് ചെയ്തു. ജനങ്ങള്‍ക്ക് അവളോടുള്ള സ്‌നേഹമാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്,’ ആശിയയുടെ പങ്കാളി മുന്‍തജീബ് അഹമ്മദ് പറഞ്ഞു.

വാര്‍ഡില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.
‘ആശിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. എന്നാല്‍ നോമിനേഷന്‍ സമര്‍പ്പിച്ച് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ മരണപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ ജയിച്ചു. ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും,’ ഹസന്‍പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

Contenthighlight: Voters elect dead candidate in civic election