അഹമ്മദാബാദ്: വോട്ടിങ് തിരിച്ചറിയല്‍ കാര്‍ഡിന് സ്‌ഫോടക വസ്തുക്കളേക്കാള്‍ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിന്റെ ആയുധം ഐ.ഇ.ഡിയാണ്. ജനാധിപത്യത്തിന്റെ ആയുധം വോട്ടര്‍ ഐ.ഡിയാണെന്നുമാണ് മോദി പറഞ്ഞത്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പമാണ് മോദി വോട്ടു ചെയ്യാനെത്തിയത്.
‘ആദ്യമായി വോട്ടു ചെയ്യുന്നവര്‍ സ്ഥിരതയുള്ള സര്‍ക്കാറിന് വേണ്ടി വോട്ടു ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇത് അവരുടെ നൂറ്റാണ്ടാണ്. അതുകൊണ്ട് അവര്‍ വോട്ടു ചെയ്യണമെന്ന് ഞാന്‍ ഊന്നിപ്പറയുന്നു.’ മോദി പറഞ്ഞു.
വോട്ടിങ്ങിനെ കുംഭമേളയില്‍ മുങ്ങുന്നതിനോട് ഉപമിച്ചും മോദി സംസാരിച്ചു. ‘അതൊരുതരം പവിത്രതയുടെ പ്രതീതി നല്‍കുന്നു. ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് അറിയാം’ എന്നും മോദി പറഞ്ഞു.
ബി.ജെ.പിയെ സംബന്ധിച്ച് മോദിയുടെ ജന്മനാടായ ഗുജറാത്തിലെ വോട്ടെടുപ്പ് നിര്‍ണായകമാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിന്നും ബി.ജെ.പി 24 ലോക്‌സഭാ സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണയും ഈ സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് ബി.ജെ.പി അവകാശവാദം.