മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില് ശബരിമല ശാസ്താവിനെ മനസ്സിലോര്‍ത്ത് വേണം വോട്ട് ചെയ്യാനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. മലപ്പുറം വണ്ടൂരില്‍ നടന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണെന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും നടത്തിയ നുണപ്രചരണങ്ങളുടെ കാലം കഴിഞ്ഞെന്നും അതിനുള്ള തെളിവാണ് കേരളത്തില്‍ അങ്ങളോമിങ്ങോളം താമര ചിഹ്നത്തില്‍ മത്സരിക്കുന്ന മുസ്‌ലിം മതവിശ്വാസികളുടെ എണ്ണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വികസന മുദ്രാവാക്യത്തിനൊപ്പം തന്നെ ബി.ജെ.പി തെരഞ്ഞടുപ്പില്‍ ഉയര്‍ത്തുന്ന മുഖ്യവിഷയം ശബരിമലയിലെ സ്ത്രീ പ്രവേശനമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
‘എത്ര ക്രൂരമായി ആണ് ശബരിമല അയ്യപ്പ ഭക്തന്‍മാരോട് അവര്‍ പെരുമാറിയത്. എനിക്ക് പറയാന്‍ ഉള്ളത്, വോട്ട് ചെയ്യേണ്ട ദിവസം രാവിലെ പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ടിംഗ് മെഷീന്റെ മുമ്പില്‍ നിന്ന് ശബരിമല ശാസ്താവിനെ മനസില്‍ ധ്യാനിച്ച് പിണറായി വിജയന്റെ ഇരട്ട ചങ്കില്‍ തന്നെ കുത്തുന്ന തെരഞ്ഞെടുപ്പ് ആക്കി മാറ്റുക’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവന.
കേരളത്തില്‍ അറുപതിനടുത്ത് മുസ്‌ലിം മതവിശ്വാസികള്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നുണ്ടെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം ബി.ജെ.പിയിലെ ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും രൂക്ഷമായിരിക്കുകയാണ്.
എ.പി അബ്ദുള്ളക്കുട്ടിക്ക് ദേശീയ ഉപാധ്യക്ഷ സ്ഥാനം നല്‍കിയതടക്കം ഗ്രൂപ്പ് തര്‍ക്കത്തില്‍ വിഷയമാകുന്നുണ്ട്.
Content Highlights: Vote with Sabarimala Sastha in mind; AP Abdullakutty said that the main issue in the election is the entry of women in Sabarimala