| Friday, 22nd November 2019, 8:54 am

ലോക്സഭാ തെരഞ്ഞെടുപ്പ്: 347 മണ്ഡലങ്ങളിലെ വോട്ടുകളുടെ കണക്കില്‍ ക്രമക്കേട് നടന്നതായി സുപ്രീംകോടതിയില്‍ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 347 മണ്ഡലങ്ങളിലെ വോട്ടുകളുടെ കണക്കില്‍ ക്രമക്കേടുള്ളതായി സുപ്രീംകോടതിയില്‍ ഹരജി. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് (എ.ഡി.ആര്‍) എന്ന എന്‍.ജി.ഒയാണ് വോട്ടില്‍ ക്രമക്കേടുള്ളതായി ചൂണ്ടിക്കാട്ടി ഹരജി നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി വിചാരണക്കെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ് വഴി പ്രഖ്യാപിച്ച കണക്കുകളും കമ്മീഷന്‍ പുറത്തുവിട്ട താല്‍ക്കാലിക ലിസ്റ്റിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ആറ് സീറ്റുകളില്‍ ഈ വ്യത്യാസം വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ വലുതാണെന്നും ഹരജിയില്‍ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘മൈ വോട്ടര്‍ ടേണ്‍ഔട്ട്’ എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരുന്നു. ഓരോ മണ്ഡലത്തിലെയും വോട്ടിംഗിന്റെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാനായിരുന്നു ആപ്പ് ഉപയോഗപ്പെടുത്തിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ ആറ് ഘട്ടങ്ങളില്‍ ആപ്പ് വഴി ഓരോ ബൂത്തിലെയും തത്സമയ പോളിംഗ് വിവരങ്ങള്‍ സംഖ്യകളായി പുറത്തുവിട്ടെങ്കിലും അവസാനഘട്ടത്തില്‍ അതൊഴിവാക്കി ശതമാന വിവരങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ആപ്പ് വഴി കമ്മീഷന്‍ പുറത്തുവിട്ട വോട്ടര്‍മാരുടെ എണ്ണവും അവസാനം പുറത്തുവിട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ആപ്പിലുമുള്ള 542 മണ്ഡലങ്ങളിലെ വിവരങ്ങള്‍ പരിശോധിച്ചതു പ്രകാരമാണ് 347 സീറ്റുകളില്‍ പൊരുത്തക്കേടുണ്ടെന്നു കണ്ടെത്തിയത്. ഒരു വോട്ട് മുതല്‍ 101,323 വോട്ടുകള്‍ വരെയാണ് വ്യത്യാസമുള്ളത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടുര്‍, വിശാഖപട്ടണം, ജമ്മു കശ്മീരിലെ അനന്ത്നാഗ്, ഝാര്‍ഖണ്ഡിലെ ഖുന്തി, ഒഡിഷയിലെ കോരാപുത്ത്, യു.പിയിലെ മച്ച്ലിസഹര്‍ മണ്ഡലങ്ങളില്‍ വിജയിച്ച സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ് ആപ്പിലെ വിവരങ്ങള്‍.

മെയ് 23-ന് ഫലപ്രഖ്യാപനം നടത്തിയെങ്കിലും 542 സീറ്റുകളിലെയും അന്തിമവോട്ടുകളുടെ എണ്ണമടങ്ങുന്ന പട്ടിക ജൂണ്‍ ഒന്നിനാണ് കമ്മീഷന് ലഭിക്കുന്നത്. വിശദവിവരങ്ങള്‍ക്കായി വിവരാവകാശ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഹരജിക്കാര്‍ പറയുന്നു.

ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഭാവിയില്‍ കൃത്യമായതും പൂര്‍ണവുമായ വിവരങ്ങള്‍ ലഭ്യമായതിനു ശേഷമല്ലാതെ ഫലപ്രഖ്യാപനം നടത്തരുതെന്ന് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

17-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടന്നത്. വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടില്ലെന്ന് ഉറപ്പാക്കാന്‍ വിവിപാറ്റ് യന്ത്രങ്ങളിലെ 33 ശതമാനം എണ്ണിനോക്കാന്‍ ഉത്തരവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more