സംഭാജിനഗര്‍: ‘വോട്ട് ജിഹാദ്’ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കാലത്തെ വെറുമൊരു വാചകമടിയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് ഇംതിയാസ് ജലീല്‍. വോട്ട് ജിഹാദ് എന്ന ഒരു പ്രതിഭാസമില്ലെന്നും ഇംതിയാസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇംതിയാസ് ജലീല്‍. മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെയാണ് ഇംതിയാസ് ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ പോലുള്ള ഒരു ചെറിയ പാര്‍ട്ടിയെ വരെ ഭരണകക്ഷിയായ ബി.ജെ.പി ഭയപ്പെടുന്നുവെന്നും ഇംതിയാസ് പറഞ്ഞു.
തന്നെ പരാജയപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ മറ്റ് 28 മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. അവരുടെ മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചരണ ചെലവും വഹിക്കുന്നത് ബി.ജെ.പിയാണെന്നും ഇംതിയാസ് ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഷിന്‍ഡെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലിറക്കുന്ന ഹിന്ദു-മുസ്‌ലിം കാര്‍ഡ് സംഭാജിനഗറില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും എ.ഐ.എം.ഐ.എം നേതാവ് കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ്, ക്ഷേത്രം, മസ്ജിദ്, ഹിജാബ്, പാകിസ്ഥാന്‍ തുടങ്ങിയ വാക്കുകളും വിഷയങ്ങളും ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യേകമായി ആയുധമാക്കുന്നവയാണെന്നും ഇംതിയാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ വോട്ട് ജിഹാദ് ആരംഭിച്ചുവെന്നും അതിനെ ധര്‍മയുദ്ധ വോട്ടിലൂടെ നേരിടണമെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഇംതിയാസ് ജലീലിന്റെ പ്രതികരണം.
‘എന്തുകൊണ്ടാണ് ഞങ്ങളുടെ പോലുള്ള ഒരു ചെറിയ പാര്‍ട്ടിയെ വരെ ബി.ജെ.പി ഭയക്കുന്നത്. അവരുടെ പ്രസംഗം മുഴുവനും ഞങ്ങള്‍ക്കെതിരാണ്,’ എന്നാണ് ഇംതിയാസ് ജലീല്‍ ഫഡ്‌നാവിസിന് മറുപടി നല്‍കിയത്.
എ.ഐ.എം.ഐ.എം അധ്യക്ഷനായ ഒവൈസിയെ ബി.ജെ.പി സ്വപ്നത്തില്‍ പോലും കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്. ഒരു ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
Content Highlight: ‘Vote Jihad’ just a rhetoric by Maharashtra BJP: AIMIM leader