മുംബൈ: കഴിഞ്ഞ ദിവസം മുംബൈ-ജയ്പൂര്‍ സെന്‍ട്രല്‍ എക്‌സ്പ്രസില്‍ മൂന്ന് യാത്രക്കാരെ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിവെച്ച് കൊലപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഹഥ്‌റസ് സ്വദേശിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹങ്ങള്‍ക്ക് സമീപം നിന്ന് ‘ഹിന്ദുസ്ഥാനില്‍ ജീവിക്കണമെങ്കില്‍ യോഗിക്കും മോദിക്കും വോട്ട് ചെയ്യണം’ എന്ന് ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം.
‘അവര്‍ പാകിസ്ഥാനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് ഇന്ത്യയിലെ മാധ്യമങ്ങളില്‍ കാണിക്കുന്നത്, അവരുടെ നേതാക്കളും അവിടെയാണ്.
നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍, വോട്ട് ചെയ്യണമെങ്കില്‍ മോദിക്കും യോഗിക്കും ചെയ്യണമെന്ന് ഞാന്‍ പറയും,’ എന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം ചേതന്‍ സിങ് മുസ്‌ലിങ്ങളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. റെയില്‍വേ പൊലീസ് എ.എസ്.ഐ ടിക്കാറാം മീണ, അസ്ഗര്‍ അബ്ബാസ് അലി (48), അബ്ദുല്‍ഖാദര്‍ മുഹമ്മദ് ഹുസൈന്‍ (64), സതാര്‍ മുഹമ്മദ് ഹുസൈന്‍ (48) എന്നിവരെയാണ് ചേതന്‍ വെടിവെച്ചുകൊന്നത്.
തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. മുംബൈ-ജയ്പൂര്‍ സെന്ററല്‍ എക്‌സ്പ്രസിലെ ബി കോച്ചിലാണ് അക്രമം നടന്നത്. ട്രെയിനില്‍ പാല്‍ഘറിനും ദഹിസര്‍ സ്റ്റേഷനും ഇടയില്‍ എത്തുമ്പോഴാണ് അക്രമം നടക്കുന്നത്.
തന്റെ ഓട്ടോമാറ്റിക് സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് 12 തവണയാണ് പ്രതി വെടിവെച്ചത്. 33 വയസ്സുകാരനായ ചേതന്‍ സിങ് എമര്‍ജന്‍സി ചെയിന്‍ വലിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കീഴടങ്ങുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
പിന്നീട് ബൊരി വാലി റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് മൃതദേഹങ്ങള്‍ ട്രെയിനില്‍നിന്നും പുറത്തിറക്കിയത്.
എന്നാല്‍ ചേതന്‍ സിങ് പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്നും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നയാളാണെന്നും ഇന്‍സ്‌പെക്ടര്‍ ജനറലും വെസ്റ്റേണ്‍ റെയില്‍വേയുടെ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പ്രിന്‍സിപ്പലുമായ പി.സി. സിന്‍ഹ പറഞ്ഞു.
‘കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ക്ഷിപ്രകോപിയായ വ്യക്തിയാണ്. മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണ്. അദ്ദേഹം ആദ്യം തന്നെ മേല്‍ ഉദ്യോഗസ്ഥനെ വെടി വെക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട എ.എസ്.ഐയുടെ കുടുംബത്തിന് 25 ലക്ഷം നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.
content highlights: ‘Vote for Yogi and Modi if you want to live in India’; Constable after firing on train; Video