| Friday, 5th April 2024, 9:08 am

ഗ്യാരണ്ടികളും വാഗ്ദാനങ്ങളും പൊള്ള; ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നവര്‍ക്ക് വോട്ട്: മണിപ്പൂരിനെ ഓര്‍മിപ്പിച്ച് തൃശ്ശൂര്‍ അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാറിനെ തെരഞ്ഞെടുക്കാനായിരിക്കണം വോട്ട് നല്‍കേണ്ടതെന്ന് തൃശൂര്‍ അതിരൂപത മുഖപത്രം. ഗ്യാരണ്ടികളും വാഗ്ദാനങ്ങളും പൊള്ളയാണെന്നും അതില്‍ അമിതമായി വിശ്വസിച്ചത് കൊണ്ട് പ്രയോജനമില്ലെന്നാണ് ചരിത്രം പഠിപ്പിക്കുന്നതെന്നും തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കസഭയുടെ തൃശൂര്‍ ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

കോടിക്കണക്കിന് ജനങ്ങള്‍ അഷ്ടിക്കുവകയില്ലാതൈ പട്ടിണി കിടക്കുമ്പോള്‍ കോര്‍പറേറ്റ് ഭീമന്‍മാരുടെ വായ്പകള്‍ എഴുതി തള്ളുകയും അവര്‍ക്ക് നികുതിയിളവുകള്‍ നല്‍കുകയും ചെയ്യുന്നത് അഴിമതിയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രം ലക്ഷ്യം വെക്കുകയും ഭരണകക്ഷിയിലെ ആരെകുറിച്ചും അന്വേഷണം നടത്താതിരിക്കുകയും ചെയ്യുന്നു എന്ന ആരോപണത്തില്‍ വസ്തുതയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാറിനെ തെരഞ്ഞെടുക്കുന്നതിനായിരിക്കണം വോട്ട് നല്‍കേണ്ടത്. ഇന്ത്യ ജനാധിപത്യ-മതേതര-സോഷ്യലിസ്റ്റ് രാജ്യമായി നിലനില്‍ക്കണമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹം. പക്ഷേ, കഴിഞ്ഞ കുറച്ചു കാലങ്ങളായി ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരായ നീക്കങ്ങള്‍ ശക്തിപ്പെട്ടുവരുന്നു എന്ന ആരോപണം തള്ളിക്കളയാനാകില്ല. ഇന്ത്യ എന്ന പേരും ഭരണഘടനയും മാറ്റുമെന്നുള്ള സൂചനകള്‍ അതിനുദാഹരണങ്ങളാണ്.

മണിപ്പൂരിലും ഛത്തീസ്ഗഡിലും ക്രൈസ്തവര്‍ നേരിട്ട പീഢനത്തിന് കയ്യും കണക്കുമില്ല. യു.പി.യില്‍ ക്രൈസ്തവര്‍ ഭീഷണിയിലാണ്. ആസാമിലും ഇതുതന്നെ സ്ഥിതി. ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ ഐക്യരാഷ്ട്രസഭവരെ ആശങ്കപ്പെടുകയും ചെയ്യുന്നു. ഇതൊന്നും മതേതര ഇന്ത്യക്ക് ഭൂഷണമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.

ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് തെറ്റല്ലെങ്കിലും സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്നവരുടെ പ്രധാനകടമ ഏതെങ്കിലും ഒരു മതത്തിന്റെ ആരാധനാലയങ്ങള്‍ പ്രതിഷ്ഠിക്കലും ആചാരാനുഷ്ഠാനങ്ങള്‍ ഭരണതലത്തില്‍ സ്ഥാപിക്കലും വര്‍ഗീയ ധ്രുവീകരണം നടത്തലുമാകരുത്. അങ്ങനെ വന്നാല്‍ അത് മതേതരത്വത്തിനെതിരായ നീക്കങ്ങളായിരിക്കും. മതേതരത്വം മാറ്റി മതരാഷ്ട്രം സ്ഥാപിക്കുന്ന രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന നയമായിരിക്കുമെന്നും കത്തോലിക്കസഭയുടെ ഏപ്രില്‍ ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

content highlights: Vote for those who protect democracy and secularism: Thrissur archdiocese reminds of Manipur

Latest Stories

We use cookies to give you the best possible experience. Learn more