മംഗളൂരു: മുസ്ലിങ്ങളോടുള്ള ബി.ജെ.പി നിലപാടിനോട് താന്‍ യോജിക്കുന്നില്ലെന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ. മംഗളൂരുവിലെ കിന്നിഗോലി ഗ്രാമത്തില്‍ നടന്ന ന്യൂനപക്ഷങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു താന്‍ മറ്റ് പ്രവര്‍ത്തകരെപോലെയല്ലെന്നും, ബി.ജെ.പിയുടെ മുസ്ലിം നിലപാട് തെറ്റാണെന്നും ചൂണ്ടിക്കാട്ടി എം.എല്‍.എ ഉമാനാഥ കൊട്ടിയാന്‍ രംഗത്തെത്തിയത്.
ബി.ജെ.പി നേതാക്കള്‍ പറയുന്നത് മുസ്ലിങ്ങളും ക്രിസ്ത്യാനികളും തങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്നും അതിനാല്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടതില്ലെന്നുമാണ്. ഈ കാര്യം ഞാനല്ലാതെ മറ്റാരും പുറത്തുപറയുമെന്ന് തോന്നുന്നില്ല, കാരണം ഞാന്‍ നേര്‍വഴിയിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്.
ഞങ്ങളുടെ പാര്‍ട്ടിയിലെ ആളുകള്‍ പൊതുവെ കുറച്ച് ധിക്കാരികളാണ്. പക്ഷേ ഞാന്‍ പ്രവര്‍ത്തിക്കുന്നത് ഈ തത്വത്തിന് എതിരായാണ്,’ എം.എല്‍.എ പറഞ്ഞു.
താന്‍ പള്ളികള്‍ക്കും മദ്രസകള്‍ക്കും വേണ്ടി നിരന്തരം പ്രവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഈയടുത്ത് ഞാന്‍ മുസ്ലിം പള്ളികള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും വേണ്ടി മുഖ്യമന്ത്രിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം 2.5 കോടിരൂപയാണ് നല്‍കിയത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യനെ സംരക്ഷിക്കാനും സഹായിക്കാനും സാധിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ കൊട്ടിയ പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റം മണ്ഡലത്തില്‍ യാതൊരു വിധ വര്‍ഗീയ കലാപങ്ങളും നടന്നിട്ടില്ലെന്നും വിദ്വേഷ പ്രസംഗങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ക്രിസ്ത്യനും മുസ്ലിമിനും മണ്ഡലത്തില്‍ ജോലി ലഭിക്കാതിരിക്കില്ല. അത്തരം വിവേചനം അനുവദിക്കുകയുമില്ല. വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ക്കല്ലാതെ അവ നടപ്പിലാക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറയുന്നുണ്ട്.
അതേസമയം വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വീഡിയോയിലുള്ളതെന്നും ആരോ വ്യക്തി താത്പര്യത്താല്‍ തന്റെ പ്രസംഗത്തെ എഡിറ്റ് ചെയ്ത് ഭാഗങ്ങളായി പ്രചരിപ്പിച്ചതാണെന്നുമായിരുന്നു ഉമാനാഥ് കൊട്ടിയാലിന്റെ പ്രതികരണം. ഇദ്ദേഹത്തിനെതിരെ ബി.ജെ.പിയില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് കൊട്ടിയാലിന്റെ പ്രതികരണം.
Content Highlight: Vote for those who deliver, not those who make promises; BJP’s stance on Muslims is wrong: BJP MLA