ദിസ്പൂര്‍: വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി അസമിലെ ബി.ജെ.പി എം.എല്‍.എ വിജയ് മല്ലകര്‍. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ വീട്ട് മുറ്റത്തെത്തുമെന്നാണ് വിജയ് മല്ലകറിന്റെ ഭീഷണി.
രാതാബാരി മണ്ഡലത്തില്‍ നടന്ന ബി.ജെ.പിയുടെ പ്രചരണ പരിപാടിയിലാണ് ജനങ്ങളെ എം.എല്‍.എ ഭീഷണിപ്പെടുത്തിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃപാനാഥ് മല്ലയുടെ പ്രചരണ പരിപാടിയിലാണ് എം.എല്‍.എയുടെ പരാമര്‍ശം. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരും. ഞങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവര്‍ക്ക് എന്താണ് സംഭവിക്കുകയെന്ന് നിങ്ങള്‍ക്ക് അറിയാം. വീട്ടുമുറ്റത്ത് ബുള്‍ഡോസര്‍ വരും,’ വിജയ് മല്ലകര്‍ പറഞ്ഞു.
സംഭവം ഇതിനോടകം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് പിടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല ഒരു ബി.ജെ.പി നേതാവ് ബുള്‍ഡോസറിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും നേരത്തെ സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരുടെയും ആരോപണ വിധേയരുടെയും വീടുകളും കെട്ടിടങ്ങളും പൊളിച്ച് മാറ്റുന്നത് യു.പിയിൽ ഉള്‍പ്പടെയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണ്. എന്നാല്‍ മുസ്‌ലിം കുടുംബങ്ങള്‍ക്കെതിരെ മാത്രമാണ് ഇത്തരം നടപടി ഉണ്ടാകുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.
Content Highlight: Vote for BJP or face bulldozer action: Assam MLA threatens voters