national news
ഒവൈസിയ്ക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരെയുള്ളതാണ്; ജിന്നയുടെ പുതിയ അവതാരമാണ് ഒവൈസിയെന്ന് തേജസ്വി സൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 23, 02:44 pm
Monday, 23rd November 2020, 8:14 pm

ഹൈദരാബാദ്: എ.ഐ.എം.എം.ഐ നേതാവ് അസസുദ്ദീന്‍ ഒവൈസിയ്ക്ക് ചെയ്യുന്ന ഓരോ വോട്ടും ഇന്ത്യയ്‌ക്കെതിരാണെന്ന് ബി.ജെ.പി നേതാവ് തേജസ്വി സൂര്യ. ഹൈദരാബാദില്‍ അടുത്തമാസം നടക്കാനിരിക്കുന്ന സിവിക് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണത്തിനിടെയായിരുന്നു തേജസ്വിയുടെ വിമര്‍ശനം.

‘ഒവൈസിയും അദ്ദേഹത്തിന്റെ സഹോദരന്‍ അക്ബറുദ്ദിനും സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. റോഹിംഗ്യന്‍ മുസ് ലിങ്ങളെ മാത്രമേ അവര്‍ അനുവദിക്കുന്നുള്ളു. മറ്റ് വികസനങ്ങള്‍ക്കൊന്നും അവര്‍ അനുവദിക്കുന്നില്ല. നിങ്ങള്‍ ഒവൈസിയ്ക്ക് വോട്ട് ചെയ്താല്‍ അദ്ദേഹം ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണ്ണാടകയിലെ മുസ്‌ലിം പ്രദേശങ്ങളില്‍ ശക്തി കാണിക്കും’, തേജസ്വി പറഞ്ഞു.

‘ആരാണ് ഒവൈസി എന്നറിയാമോ? ജിന്നയുടെ പുതിയ അവതാരമാണ് അയാള്‍. നമുക്ക് അദ്ദേഹത്തെ പരാജയപ്പെടുത്തണം. നിങ്ങള്‍ ബി.ജെ.പിയ്ക്ക് നല്‍കുന്ന ഓരോ വോട്ടും ഭാരതത്തിന് വേണ്ടിയുള്ളതാണ്. ഹിന്ദുത്വ രാജ്യം ശക്തമാക്കുന്നതിന് ആ വോട്ടുകള്‍ സഹായിക്കും. ഒവൈസിയ്ക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരായ വോട്ടാണെന്ന് ഓര്‍ക്കുക’, അദ്ദേഹം പറഞ്ഞു.

മുഹമ്മദലി ജിന്ന സംസാരിച്ച അതേ ഭാഷയാണ് ഒവൈസിയുടേതെന്നും കടുത്ത വിഘടനവാദവും തീവ്രവാദവും പറയുന്ന ആളാണ് ഒവൈസിയെന്നും തേജസ്വി ആരോപിച്ചു.

അക്ബറുദ്ദിനോടും ഒവൈസിയോടും ഒന്നേ പറയാനുള്ളു. ഹൈദരാബാദ് നൈസാം ഭരണത്തിലല്ല ഇപ്പോള്‍. ഇത് ഹിന്ദു ഹൃദ്യ സമ്രത് നരേന്ദ്രമോദിയുടെ കാലമാണ്. നിങ്ങള്‍ ഇവിടെ ഒന്നുമല്ല, തേജസ്വി പറഞ്ഞു.

അതേസമയം പശ്ചിമ ബംഗാളിലെ എ.ഐ.എം.ഐ.എം നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയാവുകയാണ്. ഷെയ്ഖ് അന്‍വര്‍ ഹുസൈന്‍ പാഷ എന്ന നേതാവാണ് പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.

2021 നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒവൈസിയ്ക്ക് കനത്ത ക്ഷീണമുണ്ടാക്കുന്നതാണ് ഷെയ്ഖ് അന്‍വറിന്റെ നീക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thjeaswi Surya Slams Assasudin Owasisi