Kerala
സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍; മെയ് 2 ന് ലോക്ക് ഡൗണ്‍ വേണമെന്ന ഹരജി പരിഗണിക്കുന്നത് മാറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Apr 23, 09:15 am
Friday, 23rd April 2021, 2:45 pm

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹരജി ഈ മാസം 27 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനം.

ഈ മാസം 26 ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ ഹരജി മാറ്റിവെക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 26 ലേക്ക് കോടതി മാറ്റിവെച്ചത്.

മെയ് ഒന്നിന് അര്‍ധരാത്രി മുതല്‍ രണ്ടാം തിയ്യതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കൊവിഡ് 19 രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്.

ഹരജിക്ക് പിന്നാലെ വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇതിനകം തന്നെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൊതുപരിപാടികള്‍ക്ക് പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരമാവധി 20 ലേക്ക് ചുരുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vote Counting Day Lock Down petition Postponed