വോള്‍വോ ഇനി മെയ്ഡ് ഇന്‍ ഇന്ത്യ
Big Buy
വോള്‍വോ ഇനി മെയ്ഡ് ഇന്‍ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th March 2013, 2:49 pm

ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ ഇന്ത്യയില്‍ കാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നു. കേന്ദ്ര ബജറ്റില്‍ വാഹനങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനം വര്‍ധിപ്പിച്ചതാണ് ഈ നീക്കത്തിനു കമ്പനിയെ പ്രേരിപ്പിച്ചത്.[]

സ്വീഡിഷ് കമ്പനിയുടെ എസ് 60 , എസ് 80 എന്നീ സെഡാനുകളും എസ്.യു.വികളായ എക്‌സ് സി 60 , എക്‌സ് സി 90 യും നിലവില്‍ ഇറക്കുമതി ചെയ്താണ് രാജ്യത്ത് വില്‍പ്പന നടത്തുന്നത്. കൂടുതല്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനും വേള്‍വോയ്ക്ക് പദ്ധതിയുണ്ട്.

വോള്‍വോയുടെ ട്രക്ക്  ബസ് നിര്‍മാണ വിഭാഗമായ വോള്‍വോ എ ബി യുമായി സഹകരിച്ചാവും തദ്ദേശീയമായ കാര്‍ ഉദ്പാദനം. എന്നാല്‍ ഒരേ ബ്രാന്‍ഡില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വോള്‍വോ കാര്‍സിന്റെയും വോള്‍വോ എ ബിയുടെയും നിയന്ത്രണം വ്യത്യസ്ത കൈകളിലാണെന്ന് ഓര്‍ക്കണം.

കാര്‍ നിര്‍മാണ വിഭാഗം ചൈനീസ് കമ്പനി ഗീലിയുടെ ഉടമസ്ഥതയിലാണ്. ട്രക്ക്  ബസ് നിര്‍മാണ വിഭാഗം കൈകാര്യം ചെയ്യുന്നത് സ്വീഡിഷ് കമ്പനിയും. എയ്ഷറുമായുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യയില്‍ വോള്‍വോ എ ബി വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

ഇരുകമ്പനികളും തമ്മില്‍ ധാരണയിലായാല്‍ ബാംഗ്ലൂരിലെ എയ്ഷര്‍ കൊമേഴ്‌സ്യല്‍ പ്ലാന്റില്‍ വോള്‍വോ കാറുകളും നിര്‍മിച്ചുതുടങ്ങും.

ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയിലെ ജര്‍മന്‍ കമ്പനികളെ അപേക്ഷിച്ച് വളരെ കുറവാണ് വോള്‍വോ കാര്‍സിന്റെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം 821 കാറുകളാണ് കമ്പനി വില്‍പ്പന നടത്തിയത്.

അതേസയം ഔഡി, ബിഎംഡബ്ല്യു മോഡലുകളുടെ വില്‍പ്പന 9000 എണ്ണത്തിലേറെ ആയിരുന്നു.എങ്കിലും മുന്‍വര്‍ഷത്തേതിനെക്കാള്‍ 150 ശതമാനം വില്‍പ്പന വളര്‍ച്ച് നേടാന്‍ വോള്‍വോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മോഡല്‍ ശ്രേണി വിപുലപ്പെടുത്തുന്നതോടെ വില്‍പ്പന ഗ്രാഫ് കാര്യമായി ഉയര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Autobeatz