മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ കണ്ടെടുക്കാനുള്ള പരിശ്രമം പുരോഗമിക്കുകയാണ്. സർക്കാരിന്റെയും മറ്റ് സന്നദ്ധപ്രവർത്തകരുടെയും ഇടപെടലിൽ നിരവധി ആളുകളെ രക്ഷപെടുത്താനായി. നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട ഒരു നാടിൻറെ ദുരന്തം നെഞ്ചേറ്റി രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന ഒരുപാട് പേരുണ്ട് ഇന്ന് മുണ്ടക്കൈയിൽ. ഓരോ സന്നദ്ധപ്രവർത്തകനും സ്വന്തം ശരീരം പോലും മറന്നാണ് പ്രവർത്തിക്കുന്നത്.
ദുരന്ത ഭൂമിയിലെ തെരച്ചിലിൽ പലർക്കും പങ്കുവെക്കാനുള്ളത് പല കഥകളാണ്. ചിന്നി ചിതറിയ മൃതശരീരങ്ങൾ കണ്ടത്തേണ്ടി വരുന്നതിന്റെ ആഘാതം പങ്കു വെക്കുകയാണ് മലപ്പുറം ജില്ലയിലെ ഡി.വൈ.എഫ്.ഐയുടെ സന്നദ്ധ പ്രവർത്തകർ. പതിനാറോളം മൃതദേഹങ്ങൾ കണ്ടെത്തിയതിൽ മിക്കവയും ശരീരഭാഗങ്ങൾ മാത്രമായിരുന്നെന്ന് പറയുകയാണ് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് പി.ഷബീർ.
‘ദയനീയമായ കാഴ്ചകളായിരുന്നു എങ്ങും. ഇന്നലെ പതിനാറോളം മൃതശരീരങ്ങൾ കണ്ടെത്തി. അതിൽ അധികവും ചിന്നി ചിതറിയ ശരീരഭാഗങ്ങൾ മാത്രമായിരുന്നു. അകെ ഒന്നോ രണ്ടോ മൃതദേഹങ്ങൾ മാത്രമാണ് പൂർണമായി എല്ലാം ഉണ്ടായിരുന്നത്. തുണിയിൽ കെട്ടി വടിയിൽ തൂക്കിയായിരുന്നു മൃതദേഹങ്ങൾ കൊണ്ട് പോയിരുന്നത്. പല ആളുകളും മാറി മാറി പിടിച്ചാണ് മൃത ശരീരങ്ങൾ കൊണ്ട് വന്നിരുന്നത് . മലപ്പുറം വയനാട് അതിർത്തി വരെ നമ്മൾ തെരച്ചിലിനെ തുടർന്ന് എത്തി. മനുഷ്യ സാധ്യതകളാൽ ഉപയോഗിച്ച് പരമാവധി ബോഡികൾ കണ്ടെടുക്കാനായിട്ടുണ്ട്. ഇനിയും ഉള്ളത് കണ്ടത്താനാകും എന്നാണ് പ്രതീക്ഷ’ ഷബീർ പറഞ്ഞു.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത് 134 മൃതദേഹങ്ങളാണ്. ബുധനാഴ്ച രാത്രി ഏഴ് മണിവരെ ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീര ഭാഗങ്ങളുമാണ്.
അപകടം നടന്ന സ്ഥലത്ത് നിന്ന് 70 കിലോ മീറ്റര്‍ അകലെ മലപ്പുറം കോഴിക്കോട് അതിര്‍ത്തിക്കടുത്ത് മാവൂരിലെ മണന്തല കടവില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ മൃതദേഹവും ലഭിച്ചിരുന്നു.
രണ്ടുദിവസം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹമാണ് ലഭിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹജീവിയോടുള്ള അളവറ്റ ആദരവ് ഓരോ സന്നദ്ധപ്രവർത്തകനെയും ദുരന്ത മുഖത്തേക്കെത്തിക്കുന്നു. ആരെയെങ്കിലും ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റാനാകുമോ എന്ന പ്രതീക്ഷയിൽ ഓരോ ദിവസവും അവർ തെരച്ചിൽ തുടരുകയാണ്.
Content Highlight: volunteers share their experience of finding the dead body: wayanad landslide