കൊവിഡിനെ നേരിടാന്‍ ഗോമൂത്രം കുടിച്ച് പ്രവര്‍ത്തകന്‍ അവശനിലയിലായി; ഗോമൂത്ര പാര്‍ട്ടി നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍
COVID-19
കൊവിഡിനെ നേരിടാന്‍ ഗോമൂത്രം കുടിച്ച് പ്രവര്‍ത്തകന്‍ അവശനിലയിലായി; ഗോമൂത്ര പാര്‍ട്ടി നടത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2020, 6:50 pm

കൊല്‍ക്കത്ത: കൊവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം ബാധിച്ചവരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ട് കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ഗോമൂത്രം കുടിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടിരുന്നു. ഇയാളുടെ പരാതിയെത്തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

വടക്കന്‍ കൊല്‍ക്കത്തയിലെ ജോരസഖോ പ്രദേശത്തെ പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകനായ 40 കാരനായ നാരായണ ചാറ്റര്‍ജി തിങ്കളാഴ്ച പശു ആരാധന പരിപാടി സംഘടിപ്പിച്ച് പശു മൂത്രം വിതരണം ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗോമൂത്രത്തിന് അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ഗോമൂത്രം മറ്റുള്ളവര്‍ക്ക് കൊടുത്തത്. ഗോമൂത്രം കുടിച്ചതിന് ശേഷം ഒരാള്‍ക്ക് അവശത അനുഭവപ്പെടുകയായിരുന്നു.

എന്നാല്‍ സംഭവത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെയാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. നാരായണ ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയതതുമാത്രമേയൂള്ളൂവെന്നും ആരോടും കുടിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണം.

” പൊലീസിന് എങ്ങനെയാണ് അദ്ദേഹത്തെ ഒരു കാരണവുമില്ലാതെ അറസ്റ്റു ചെയ്യാന്‍ സാധിക്കുക. ഇത് പൂര്‍ണമായും ജനാധിപത്യവിരുദ്ധമാണ്,” ബംഗാള്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി സയന്തര്‍ ബസു പ്രതികരിച്ചു.

ഗോമൂത്രം കുടിക്കുന്നതില്‍ ഒരു അപകടവുമില്ലെന്നും താന്‍ കുടിക്കാറുണ്ടെന്ന് സമ്മതിക്കുവാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും പശ്ചിമ ബംഗാള്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ ദീലീപ് ഘോഷ് നേരത്തെ പറഞ്ഞിരുന്നു.