| Monday, 14th March 2022, 9:00 am

നാറ്റോ അംഗരാജ്യങ്ങളെ റഷ്യന്‍ സേന ആക്രമിക്കുമെന്ന് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്; പോളണ്ട് അതിര്‍ത്തിക്കടുത്ത് മിസൈലാക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: നാറ്റോ അംഗരാജ്യമായ പോളണ്ടിന്റെ അതിര്‍ത്തിക്കടുത്തുള്ള ഉക്രൈന്‍ ബേസുകള്‍ക്ക് നേരെ റഷ്യയുടെ വ്യോമാക്രമണം. ഞായറാഴ്ചയായിരുന്നു റഷ്യന്‍ മിസൈലുകള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം കൂടിയായ പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള ഉക്രൈന്‍ ബേസില്‍ പതിച്ചത്.

ഉക്രൈന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ റഷ്യയുടെ ആക്രമണം താരതമ്യേന കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് പോളണ്ട് അതിര്‍ത്തിക്കടുത്ത് മിസൈലാക്രമണം നടന്നത്. പോളണ്ടിന് അടുത്തുള്ള ലിവ് നഗരത്തിന് പുറത്തെ യാവൊറിവിന് സമീപത്തുള്ള ‘യാവൊറിവ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പീസ്‌കീപിങ് ആന്‍ഡ് സെക്യൂരിറ്റി’ മിലിറ്ററി ബേസിന് നേരെയാണ് ആക്രമണമുണ്ടായത്.

പോളണ്ട് അതിര്‍ത്തിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് മിലിറ്ററി ബേസ് സ്ഥിതി ചെയ്യുന്നത്.

ആക്രമണത്തില്‍ 35 പേര്‍ മരിച്ചതായും 134 പേര്‍ക്ക് പരിക്കേറ്റതായും ഉക്രൈനിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശരാജ്യങ്ങള്‍ നല്‍കിയ നിരവധി ആയുധങ്ങള്‍ ഈ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായും 180 വിദേശ സൈനികരെ വരെ വധിച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ അത്യാഹിതങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

വൊളോഡിമിര്‍ സെലന്‍സ്‌കിയും ഇക്കാര്യത്തില്‍ നാറ്റോക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റഷ്യന്‍ സേന വൈകാതെ നാറ്റോ അംഗരാജ്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്നാണ് സെലന്‍സ്‌കി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയത്.

ഉക്രൈന്റെ വ്യോമപാത നാറ്റോ അടക്കണമെന്ന ആവശ്യവും സെലന്‍സ്‌കി ആവര്‍ത്തിച്ചു.

”നിങ്ങള്‍ ഞങ്ങളുടെ വ്യോമപാത അടച്ചില്ലെങ്കില്‍ ഒട്ടുംവൈകാതെ നിങ്ങളുടെ, നാറ്റോയുടെ അതിര്‍ത്തികള്‍ക്കുള്ളില്‍, നാറ്റോ പൗരന്മാരുടെ വീടുകള്‍ക്ക് മുകളില്‍ റഷ്യയുടെ മിസൈലുകള്‍ പതിക്കും,” അര്‍ധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.

അതേസമയം, അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഉക്രൈന് വേണ്ടി മിലിറ്ററി എയ്ഡും ഫണ്ടുകളും എത്തിച്ചു.


Content Highlight: Volodymyr Zelensky Warns NATO as Russia air Strikes near Poland Border

We use cookies to give you the best possible experience. Learn more