കീവ്: നാറ്റോ അംഗരാജ്യമായ പോളണ്ടിന്റെ അതിര്‍ത്തിക്കടുത്തുള്ള ഉക്രൈന്‍ ബേസുകള്‍ക്ക് നേരെ റഷ്യയുടെ വ്യോമാക്രമണം. ഞായറാഴ്ചയായിരുന്നു റഷ്യന്‍ മിസൈലുകള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം കൂടിയായ പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള ഉക്രൈന്‍ ബേസില്‍ പതിച്ചത്.
ഉക്രൈന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ റഷ്യയുടെ ആക്രമണം താരതമ്യേന കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് പോളണ്ട് അതിര്‍ത്തിക്കടുത്ത് മിസൈലാക്രമണം നടന്നത്. പോളണ്ടിന് അടുത്തുള്ള ലിവ് നഗരത്തിന് പുറത്തെ യാവൊറിവിന് സമീപത്തുള്ള ‘യാവൊറിവ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പീസ്‌കീപിങ് ആന്‍ഡ് സെക്യൂരിറ്റി’ മിലിറ്ററി ബേസിന് നേരെയാണ് ആക്രമണമുണ്ടായത്.
പോളണ്ട് അതിര്‍ത്തിയില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലത്തിലാണ് മിലിറ്ററി ബേസ് സ്ഥിതി ചെയ്യുന്നത്.
ആക്രമണത്തില്‍ 35 പേര്‍ മരിച്ചതായും 134 പേര്‍ക്ക് പരിക്കേറ്റതായും ഉക്രൈനിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശരാജ്യങ്ങള്‍ നല്‍കിയ നിരവധി ആയുധങ്ങള്‍ ഈ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായും 180 വിദേശ സൈനികരെ വരെ വധിച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. എന്നാല്‍ അത്യാഹിതങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.