ടോക്യോ: ഉക്രൈന്‍ നഗരം ബാക്മൂതിന്റെ സമ്പൂര്‍ണ നാശത്തെ യു.എസ് നടത്തിയ അണുബോംബ് ആക്രമണത്തിന് ശേഷമുള്ള 1945ലെ ഹിരോഷിമയോട് താരതമ്യപ്പെടുത്തി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സെലന്‍സ്‌കിയുടെ പ്രസ്താവന.
യുദ്ധത്തിന് മുന്‍പ് 70,000 ജനസംഖ്യയുണ്ടായിരുന്ന ബാക്മൂത് ഇപ്പോള്‍ നശിച്ചുകിടക്കുകയാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട ഉക്രൈന്‍ യുദ്ധത്തിന്റെ ദൈര്‍ഘ്യമേറിയതും രക്തരൂക്ഷിതവുമായ പ്രദേശമാണ് ബാക്മൂത്.
‘ഹിരോഷിമയുടെ ഫോട്ടോസ് എന്നെ ബാക്മൂതിനെ ഓര്‍മിപ്പിക്കുന്നു. അവിടെ ഒന്നും അവശേഷിക്കുന്നില്ല. എല്ലാ കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു,’ സെലന്‍സ്‌കി പറഞ്ഞു.
ജപ്പാന്റെ ഹിരോഷിമയുടെ പുനര്‍നിര്‍മാണം തകര്‍ന്ന ഉക്രൈന്‍ നഗരങ്ങളെയും പ്രദേശങ്ങളെയും പുനര്‍നിര്‍മിക്കാന്‍ തന്നെ പ്രചോദിപ്പിക്കുന്നതായി സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് ഹിരോഷിമ പുനര്‍നിര്‍മിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ തകര്‍ന്ന് കിടക്കുന്ന എല്ലാ നഗരങ്ങളും, റഷ്യന്‍ ആക്രമണത്തില്‍ ഒരു വീടു പോലും അവശേഷിക്കാത്ത എല്ലാ ഗ്രാമങ്ങളും പുനര്‍നിര്‍മിക്കണമെന്നാണ് എന്റെ ആഗ്രഹം,’ സെലന്‍സ്‌കി പറഞ്ഞു.
കിഴക്കന്‍ ഉക്രേനിയന്‍ നഗരമായ ബാക്മൂത് പൂര്‍ണമായും ശനിയാഴ്ച പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന.
ബാക്മൂത് കീഴടക്കിയെന്ന് റഷ്യന്‍ പാരാമിലിറ്ററി സംഘം വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗാനി പ്രിഗോഷിന്‍ (Yevgeny Prigozhin) അറിയിച്ചിരുന്നു. ‘ഇന്ന് (മെയ് 20) ഉച്ചക്ക് 12 മണിക്ക് ബാക്മൂത് പൂര്‍ണമായും പിടിച്ചെടുത്തു’ വീഡിയോയിലൂടെ യെവ്ഗാനി പ്രിഗോഷിന്‍ പറഞ്ഞു. വാഗ്‌നര്‍ ബാനറുകളും പതാകകളും പിടിച്ചുനില്‍ക്കുന്ന സൈനികരും വീഡിയോയില്‍ ഉണ്ടായിരുന്നു.
റഷ്യയുടെ അവകാശവാദം വന്നതിന് പിന്നാലെ ഉക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മാലിയാര്‍ ബാക്മൂതിലെ സാഹചര്യം ഗുരുതരമാണെന്ന് സമ്മതിക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ ഉക്രൈന്‍ സൈന്യം ഇപ്പോയും ബാക്മൂതില്‍ പ്രതിരോധം തുടരുകയാണെന്നും മന്ത്രി അറിയിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ബാക്മൂത് പിടിച്ചെടുക്കുന്നതിലൂടെ ഉക്രൈനില്‍ നിന്നും പിടിച്ചെടുത്തതായി അവകാശപ്പെട്ട ഡോണ്‍ബാസ് മേഖലയിലേക്ക് കൂടുതല്‍ മുന്നേറാന്‍ റഷ്യന്‍ സൈന്യത്തിന് എളുപ്പമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
CONTENTHIGHLIGHT: Volodymyr Zelensky dimar Zelansky compared bakhmut with hiroshima