വോളിബോള്‍ താരം ടോം ജോസഫിന് പത്മശ്രീ നാമനിര്‍ദേശം
DSport
വോളിബോള്‍ താരം ടോം ജോസഫിന് പത്മശ്രീ നാമനിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2014, 1:46 pm

[]തിരുവനന്തപുരം: ഏറെ നാളത്തെ അവഗണനകള്‍ക്ക് ശേഷം വോളിബോള്‍ താരം ടോം ജോസഫിന് സംസ്ഥാനത്തിന്റെ വക ആശ്വാസ വാര്‍ത്ത.

ഇപ്രാവശ്യത്തെ പത്മശ്രീ പുരസ്‌കാരത്തിനായി ടോം ജോസഫിന്റെ പേരും നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനം.

മന്ത്രി കെ.സ് ജോസഫ് കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയാണ് ടോമിന്റെ പേരും നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

പതിനാലു വര്‍ഷത്തോളമായി കേരളത്തിനും ഇന്ത്യക്കും വേണ്ടി വോളിബോള്‍ കോര്‍ട്ടില്‍ സജീവമായി മത്സരിച്ചു കൊണ്ടിരിക്കുന്ന ടോമിന് അര്‍ജ്ജുന അവാര്‍ഡും ജി.വി രാജ അവാര്‍ഡും നിഷേധിച്ചത് ഏറെ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.

ഒമ്പതു തവണയാണ് അര്‍ജ്ജുന അവാര്‍ഡിനായി ടോം അപേക്ഷിച്ചത്. 2005 ലാണ് ആദ്യമായി അര്‍ജുന അവാര്‍ഡിനായി നാമ നിര്‍ദേശം ചെയ്യുന്നത്.

അഞ്ച് തവണ ജി.വി രാജ അവാര്‍ഡിനും. എന്നാല്‍ രണ്ട് പുരസ്‌കാരങ്ങളും പല കാരണങ്ങള്‍ കൊണ്ട് ടോമിന് ലഭിക്കാതെ പോവുകയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാണ് അര്‍ജ്ജുന അവാര്‍ഡിന് പരിഗണിക്കുന്നതെന്നായിരുന്നു അവാര്‍ഡ് കമ്മറ്റി ടോമിന് അവാര്‍ഡ് നിഷേധിച്ചതിനെ കുറിച്ച് പ്രതികരിച്ചത്.

സംഭവത്തിനെതിരെ രാഷ്ട്രീയ- സാംസ്‌കാരിക- കായിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇനിയൊരിക്കല്‍ കൂടി അവാര്‍ഡിനായി താന്‍ അപേക്ഷിക്കില്ലെന്ന് താരവും വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തിന്റെ പരമോന്നത കായിക പുരസ്‌കാരമായ ജി.വി രാജ അവാര്‍ഡിന്റെ കാര്യത്തിലും ഇതേ അവഗണനയാണ് ടോം നേരിട്ടത്

1998  മുതല്‍ ടോം ജോസഫ് തുടര്‍ച്ചയായി ഇന്ത്യന്‍ വോളിബോള്‍ ടീമിലുണ്ട്. ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ്, നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ ഉള്‍പ്പെടെ നാല്‍പതിലതികം ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുമുണ്ട്.

2002 ലെ ഇന്ത്യന്‍ ടീമിന്റേയും 2002,2009 വര്‍ഷങ്ങളില്‍ കേരള ടീമിന്റേയും ക്യാപ്റ്റനായിരുന്നു.

ഇനി പത്മശ്രീ പുരസ്‌കാരവും കൈയെത്തും ദൂരത്ത് വന്ന് ടോമിന് നഷ്ടപ്പെടുമോ എന്നത് കണ്ടറിയണം.