| Wednesday, 3rd September 2014, 11:39 am

ടോം ജോസഫിന്റെ അര്‍ജുന തടയാന്‍ വോളിബോള്‍ ഫെഡറേഷന്‍ ശ്രമിച്ചതായി കായികമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ വോളിബോള്‍ ഫെഡററേഷന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി കായികമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍.

ടോം ജോസഫ് അച്ചടക്കമില്ലാത്ത താരമെന്ന് വോളിബോള്‍ ഫെഡറേഷന്‍ കായിക മന്ത്രാലയത്തിന് കത്ത് നല്‍കിയതായും മന്ത്രാലയം പറഞ്ഞു. അര്‍ജുന അവാര്‍ഡിനായി ഫെഡറേഷന്‍ ടോമിനെ ശുപാര്‍ശ ചെയ്തിരുന്നില്ല. അവാര്‍ഡിന് പരിഗണിക്കുമെന്നായപ്പോള്‍ അത് തടയാന്‍ ഫെഡറേഷന്‍ ശ്രമിച്ചതായും മന്ത്രാലയം പറയുന്നു.

രാജ്യത്തെ ഏറ്റവും മികച്ച വോളിബോള്‍ താരമായി കഴിഞ്ഞ മൂന്നു വര്‍ഷം തിരഞ്ഞെടുത്തത് ടോമിനെയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിലേക്ക് ടോം ജോസഫിനെ പരിഗണിക്കാതെ അവഗണിക്കുകയായിരുന്നു ഫെഡറേഷന്‍ ചെയ്തിരുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അര്‍ജുന അവാര്‍ഡ് പ്രതീക്ഷിച്ച് ടോമിനെ ഫെഡറേഷന്‍ മനപൂര്‍വ്വം തഴയുകയായിരുന്നു. കപില്‍ദേവ് അധ്യക്ഷനായ സമിതിയാണ് ടോം ജോസഫിന് അര്‍ജുന നല്‍കണമെന്ന് ശുപാര്‍ശ നല്‍കിയത്.

കേരള താരങ്ങളോട് പരിശീലകനായ ശ്രീധരനും വോളിബോള്‍ ഫെഡറേഷനും ശത്രുത മനോഭാവമാണെന്ന് ടോം ജോസഫ് പ്രതികരിച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായ കിരീടം ചൂടിയ കേരളത്തില്‍ നിന്ന് ഒരാള്‍ പോലും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് പരിശീലകന്റെ നിലപാട്.

ഈ കഴിഞ്ഞ ഏഷ്യന്‍ കപ്പിലുള്ള ഇന്ത്യന്‍ ക്യാമ്പില്‍ 4 മലയാളികള്‍ ഉണ്ടായിട്ടും ആരെയും ടീമിലെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ പരിശീലകന്റെ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് 5 പേരാണ് ടീമിലെത്തിയത്. ടോം ജോസഫ് കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more