വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം ആഗോളതലത്തില്‍ വിപുലമാക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍
Volkswagen
വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം ആഗോളതലത്തില്‍ വിപുലമാക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2018, 8:40 pm

ന്യൂദല്‍ഹി: പരിസ്ഥിതി സൗഹൃദപരമായ തീരുമാനവുമായി ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോസക്‌സ്‌വാഗണ്‍ ഗ്രൂപ്പ്. തങ്ങളുടെ സാന്നിദ്ധ്യമുള്ള ലോകത്തെ 16 സ്ഥലങ്ങളില്‍ ബാറ്ററി കരുത്തേകുന്ന വൈദ്യുതവാഹനങ്ങള്‍ 2022 ഓടെ നിര്‍മ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിലവില്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ഫോക്‌സ്‌വാഗണ്‍ വൈദ്യുതവാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ട് ഒന്‍പതു പ്ലാന്റുകളില്‍ കൂടി വൈദ്യുതവാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും.


Also Read: അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകും: രാജ്‌നാഥ് സിംഗ് 


ശക്തമായ ബാറ്ററികളായിരിക്കും ഫോക്‌സ്‌വാഗണ്‍ വൈദ്യുതകാറുകള്‍ക്ക് കരുത്തേകുക. ഇതിനായി യൂറോപ്പിലേയും ചൈനയിലേയും ബാറ്ററി നിര്‍മ്മാതാക്കളുമായി ഫോക്‌സ്‌വാഗണ്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ആകെ 2,000 കോടി യൂറോയുടെ കരാറാണ് ഒപ്പിട്ടത്. വടക്കേ അമേരിക്കയിലെ കാര്യത്തില്‍ ഉടനെ തീരുമാനം ഉണ്ടാകുമെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുണ്ട്.

ഫോക്‌സ്‌വാഗണിന്‍റെ വൈദ്യുത കാറായ ഇ-ഗോള്‍ഫ്

2025 ഓടെ പ്രതിവര്‍ഷം 30 ലക്ഷം വരെ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനാണ് തങ്ങളുടെ ഉദ്ദേശമെന്ന് കഴിഞ്ഞവര്‍ഷം തന്നെ ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ 80 പുതിയ മോഡലുകളും അവതരിപ്പിക്കുമെന്ന് അവര്‍ അന്ന് പറഞ്ഞിരുന്നു. ജനീവയില്‍ കഴിഞ്ഞ ആഴ്ച നടന്ന അന്താരാഷ്ട്ര മോട്ടോര്‍ ഷോയില്‍ ഫോക്‌സ്‌വാഗണിന്റെ വൈദ്യുതവാഹനങ്ങളെ സംബന്ധിച്ച നവീനമായ പല കണ്ടെത്തലുകളും അവതരിപ്പിച്ചിരുന്നു.