| Wednesday, 31st August 2016, 9:47 pm

ദക്ഷിണ കൊറിയയിലെ വിലക്കിനെതിരെ നിയമനടപടിക്കില്ലെന്ന് ഫോക്‌സ്‌വാഗണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫോക്‌സ്‌വാഗണ്‍, ഓഡി, ബെന്റ്‌ലി ബ്രാന്‍ഡുകളിലായി 80 മോഡലുകളുടെ സര്‍ട്ടിഫിക്കേഷനാണു കഴിഞ്ഞ മാസം കൊറിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്.


കമ്പനിയുടെ വാഹന വില്‍പ്പനയ്ക്ക് ദക്ഷിണ കൊറിയ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നിയമനടപടി വേണ്ടെന്നു ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചു. ഡീസല്‍ഗേറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫോക്‌സ്‌വാഗണ്‍ കാറുകളുടെ വില്‍പ്പന തടയാന്‍ കഴിഞ്ഞ മാസമാണു ദക്ഷിണ കൊറിയ തീരുമാനിച്ചത്.

കമ്പനിക്ക് 1780 കോടി വോണ്‍(ഏകദേശം 106.83 കോടി രൂപ) പിഴശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കാതെ വില്‍പ്പന വിലക്കിയ മോഡലുകള്‍ക്കു പുതിയ സര്‍ട്ടിഫിക്കേഷന്‍ നേടാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നത്.

നിയമനടപടികള്‍ പൂര്‍ത്തിയാവാനുള്ള കാലതാമസം പരിഗണിച്ചാണ് പുതിയ സാക്ഷ്യപത്രങ്ങള്‍ സ്വന്തമാക്കി വാഹന വില്‍പ്പന പുനഃരാരംഭിക്കാന്‍ ശ്രമിക്കുന്നതെന്ന് കമ്പനിയുടെ ദക്ഷിണ കൊറിയന്‍ യൂണിറ്റിന്റെ വക്താവ് വിശദീകരിച്ചു.

ഫോക്‌സ്‌വാഗണ്‍, ഓഡി, ബെന്റ്‌ലി ബ്രാന്‍ഡുകളിലായി 80 മോഡലുകളുടെ സര്‍ട്ടിഫിക്കേഷനാണു കഴിഞ്ഞ മാസം കൊറിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. മലിനീകരണ നിയന്ത്രണത്തിലും ശബ്ദ നിലവാരത്തിലും ഫോക്‌സ്‌വാഗണ്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെന്ന് ആരോപിച്ചായിരുന്നു നടപടി.

അന്നു നടപടിയെ അതീവ ഗൗരവതരമെന്നു വിശേഷിപ്പിച്ച ഫോക്‌സ്‌വാഗണ്‍ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ദക്ഷിണ കൊറിയയിലെ വില്‍പ്പനയില്‍ കനത്ത ഇടിവാണ്  കഴിഞ്ഞ ജനുവരി-ജൂണ്‍ കാലത്തു രേഖപ്പെടുത്തിയത്.

2015ല്‍ 17% വര്‍ദ്ധന കൈവരിച്ച വിപണിയില്‍ 2016ന്റെ ആദ്യ പകുതിയില്‍ 40% ഇടിവോടെ 12,888 വാഹനങ്ങളാണ് ഫോക്‌സ്‌വാഗണ്‍ വിറ്റത്.

യു.എസിലെ കര്‍ശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാന്‍ ഡീസല്‍ എന്‍ജിനുകളില്‍ സോഫ്റ്റ്‌വെയര്‍ സഹായം തേടി ഡീസല്‍ഗേറ്റ് വിവാദത്തില്‍ കുടങ്ങിയതാണ് കമ്പനിക്കു വിനയായതെന്നാണു വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more