റഷ്യയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പിന്നാലെ അഗ്നിപർവ്വത സ്ഫോടനം
World News
റഷ്യയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; പിന്നാലെ അഗ്നിപർവ്വത സ്ഫോടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2024, 10:17 am

മോസ്കൊ: റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ റഷ്യയിൽ അഗ്നിപർവ്വത സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ റഷ്യയിലെ കംചത്ക മേഖലയിലെ ഷിവേലുച്ച് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്.

കംചത്കയിലെ തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് 280 മൈൽ അകലെയാണ് ഷിവേലുച്ച് അഗ്നിപർവ്വതം. 180,000 ത്തിൽ അധികം ജനസംഖ്യയുള്ള നഗരമാണ് പെട്രോപാവ്ലോവ്സ്ക്. ഭൂകമ്പത്തെയോ അഗ്നിപർവത സ്ഫോടനത്തെയോ തുടർന്ന് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെയും സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

അഗ്നിപർവ്വതത്തിൽ നിന്ന് ചാരവും ലാവയും പുറത്ത് വരാൻ തുടങ്ങിയതായി റഷ്യൻ അക്കാദമി ഓഫ് സയൻസസിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി വിഭാഗത്തെ ഉദ്ധരിച്ച് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഷിവേലുച്ച് അഗ്നിപർവ്വത സ്ഫോടനം ആരംഭിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ചാരം സമുദ്രനിരപ്പിൽ നിന്ന് 8 കിലോമീറ്റർ വരെ ഉയരുന്നുണ്ട് ,’ അധികൃതർ പറഞ്ഞു.

റഷ്യയിലെ കാംചത്കയുടെ കിഴക്കൻ കടൽത്തീരത്ത് ശനിയാഴ്ച രാത്രിയോടെയായിരുന്നു 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. 52.8 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 160.15 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെൻ്റർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

യു.എസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം ആദ്യം സുനാമി ഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട് ഭീഷണി അവസാനിച്ചതായി അറിയിച്ചു.
എന്നാൽ റഷ്യൻ എമർജൻസി മന്ത്രാലയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

ആദ്യ ഭൂകമ്പത്തിന് പിന്നാലെ കംചത്കയിൽ പസഫിക് സമുദ്രത്തിൽ 3.9 നും 5.0 നും ഇടയിൽ രേഖപ്പെടുത്തിയ തുടർചലനങ്ങൾ ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. അവരിൽ ഭൂരിഭാഗവും ഭൂമിയിൽ അനുഭവപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Content Highlight: Volcano erupts in Russia after 7.0-magnitude earthquake, sending ash column 5 miles high