ഡി.കെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടകയില്‍ നാളെ വൊക്കലിഗ സമുദായസംഘടനകളുടെ റാലി
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കര്‍ണാടകയില്‍ നാളെ പത്തോളം വൊക്കലിഗ സമുദായ സംഘടനകളുടെ റാലി. സംസ്ഥാനത്തെ മറ്റൊരു പ്രബല സമുദായമായ ലിംഗായത്തുകള്‍ക്കിടയില്‍ സ്വാധീനമുള്ള ബി.ജെ.പിയുടെ ഇപ്പോഴത്തെ നടപടികള്‍ വൊക്കലിഗ സമുദായത്തിനെതിരായ നീക്കമാണെന്ന വിലയിരുത്തലിലാണ് റാലി. വൊക്കലിഗ സമുദായംഗമാണ് ശിവകുമാര്‍.
ബെംഗളൂരുവിലെ നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ഫ്രീഡം പാര്‍ക്ക് വരെ പതിനായിരത്തിലധികം അംഗങ്ങളെ അണി നിരത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. ശിവകുമാറിന്റെ അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജില്ലയായ രാമനഗരയില്‍ പ്രതിഷേധം ശക്തമാവുകയും സ്‌കൂളുകളടക്കം അടച്ചുപൂട്ടേണ്ടിയും വന്നിരുന്നു.
ബി.ജെ.പി തങ്ങളുടെ ലിംഗായത്ത മുഖം മാറ്റാന്‍ വൊക്കലിഗ സമുദായംഗമായ അശ്വത്ത് നാരായണിനെ ഉപമുഖ്യമന്ത്രിയാക്കിയടക്കം ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് റാലി സംഘടിപ്പിക്കപ്പെടുന്നത്.
ശിവകുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ താന്‍ സന്തോഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പ്രതികരിക്കാന്‍ കാരണം വൊക്കലിഗ സമുദായത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ ഒരു പ്രതികരണവും നടത്തരുതെന്നും വിഷയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്നും കര്‍ണാടകത്തിലെ ബി.ജെ.പി നേതാക്കളോട് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലും ആവശ്യപ്പെട്ടിരുന്നു.
ഡി.കെ ശിവകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം അല്‍പ്പം ആശങ്കയിലാണ്. ശിവകുമാറിന്റെ അറസ്റ്റിനെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസും ജനതാദളും സംസ്ഥാനത്തെ വൊക്കലിഗ സമുദായത്തെ സംഘടിപ്പിക്കുമോ എന്നതാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വൊക്കലിഗ സമുദായം പ്രതിപക്ഷ ആരോപണത്തെ വിലക്കെടുത്താല്‍ പഴയ മൈസൂര്‍ മേഖലയില്‍ തങ്ങളുടെ വളര്‍ച്ചക്ക് വലിയ തടസ്സം സൃഷ്ടിക്കുമെന്നാണ് ബി.ജെ.പി ഭയക്കുന്നത്. ശിവകുമാറിന്റെ അറസ്റ്റിനെ ചൊല്ലി സംസ്ഥാനത്തെ ബി.ജെ.പിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.