എഴുതിപ്പാടിയ പാട്ടിലെ വരികള്‍ പോലെ ഒരു മനുഷ്യന്‍, അതാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. പാട്ട് കേട്ട സമയത്ത് തന്നെ ശക്തമായ ഭാഷയില്‍ ഇത്രയും വ്യക്തമായി രാഷ്ട്രീയം പറയുന്ന ഈ മലയാളം റാപ്പറിനെ നേരില്‍ കണ്ട് സംസാരിക്കണമെന്ന് തോന്നിയിരുന്നു. അങ്ങിനെയാണ് തൃശൂരിലെ തിരൂരിലെ ഹിരണ്‍ദാസിന്റെ വീട്ടിലേക്ക് ചെല്ലുന്നത്. വോയ്‌സ് ഓഫ് വോയ്സ് ലെസ്സില്‍ തുടങ്ങിയ സംസാരത്തിലേക്ക് രാഷ്ട്രീയനിലപാടുകളും ഇന്ത്യന്‍ സാഹചര്യവും റാപ്പും തുടങ്ങി വേടന്‍ എന്ന് പേര് വന്ന വഴി വരെ കടന്നുവന്നു.
വോയ്സ് ഓഫ് വോയ്സ്‌ലെസ്സിലേക്കുള്ള വേടന്റെ യാത്ര
ഒരു പ്രളയമാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സിനുള്ള വഴി തുറന്നത്. 2019ലെ പ്രളയം, 2018 പോലെ ഭീകരമായില്ലെങ്കിലും തൃശൂരിലെ പല ഭാഗങ്ങളിലും അന്ന് വെള്ളം കയറിയിരുന്നു. നാട്ടുകാര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് വെള്ളം കയറിയ പ്രദേശങ്ങളില്‍ ചെന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നുണ്ടായിരുന്നു. അന്ന് ചേറ്റുവ ഭാഗത്തേക്ക് വള്ളങ്ങളില്‍ പോയവരുടെ കൂട്ടത്തില്‍ ഹിരണ്‍ദാസുമുണ്ടായിരുന്നു. വെള്ളം കയറിയ വീടുകളില്‍ പേടിച്ചരണ്ട് നില്‍ക്കുന്ന ഓരോരുത്തരെയും വള്ളത്തിലേക്ക് കൈപ്പിടിച്ചു കയറ്റുമ്പോള്‍ മറ്റൊന്നും വേടന്റെ മനസ്സിലുണ്ടായിരുന്നില്ല. പക്ഷെ കഴുത്തോളം വെള്ളത്തില്‍ മുങ്ങിനില്‍ക്കുമ്പോഴും മാഞ്ഞുപോകാത്ത വിവേചനത്തിന്റെ വേരുകള്‍ തനിക്കെതിരെ ഉയര്‍ന്നുപൊങ്ങിയപ്പോഴാണ് വേടന്റെ ഉള്ളിലെ വാക്കുകളുടെ കനല്‍ ആളിക്കത്തിയത്. അന്നുണ്ടായ ആ വിവേചനത്തിന്റെ മുറിപ്പാടുകള്‍ നല്‍കിയ ബോധ്യങ്ങളില്‍ നിന്നുമാണ് പിന്നീട് വോയ്സ് ഓഫ് വോയ്സ് ലെസ്സ് പിറവിയെടുത്തത്.
ഇപ്പോഴും അന്നുണ്ടായ ആ മോശം അനുഭവത്തെക്കുറിച്ച് വിവരിക്കാന്‍ ഹിരണ്‍ദാസ് നില്‍ക്കുന്നില്ല, പകരം പറയുന്നത് ഇത്രമാത്രം “ആളുകളെ ചവിട്ടിതാഴ്ത്തുന്ന തരത്തിലുള്ള രീതി പലരെയും പല തരത്തിലാണ് ബാധിക്കുക. ചിലരെ ഇത് തകര്‍ത്തുകളഞ്ഞെന്ന് വരാം. ഇത് മാറണം, മാറേണ്ടതാണെന്ന് എനിക്ക് തോന്നി. ആ ഒരു തോന്നലില്‍ നിന്നാണ് വീട്ടിലെത്തി എഴുതാന്‍ തുടങ്ങിയത്.”
പലപ്പോഴും ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ആ കനല്‍ ഉള്ളില്‍ എരിഞ്ഞുതന്നെ നിന്നു. എഴുതിയും പാടിയും തനിക്ക് തന്നെ ഇഷ്ടപ്പെട്ട രീതിയിലേക്ക് ഒരു പൂര്‍ണ്ണത വന്നു എന്ന് തോന്നിയ ശേഷമാണ് ചില അടുത്ത സുഹൃത്തുക്കള്‍ക്കും ഊരാളി ബാന്‍ഡിനും ഈ റാപ്പിന്റെ ആദ്യ രൂപം ഹിരണ്‍ദാസ് കേള്‍പ്പിക്കുന്നത്. ഇന്ന് കേട്ടവരുടെയെല്ലാം നെഞ്ചോട് ചേര്‍ന്നുനില്‍ക്കുന്നത് പോലെ അന്ന് ആദ്യമായി കേട്ടപ്പോള്‍ തന്നെ വേടന്റെ വാക്കുകള്‍ ഇവര്‍ക്കും പ്രിയപ്പെട്ടതായി. വേടന്റെ വാക്കുകളില്‍ തന്നെ പറയുകയാണെങ്കില്‍ ‘അന്ന് ഊരാളിയിലെ മാര്‍ട്ടിന്‍ ചേട്ടനും മറ്റുള്ളവരുമൊക്കെയാണ് ഇത് കൊള്ളാടാ, നീ കുറച്ചൂടെ എഴുത് എന്നൊക്കെ പറഞ്ഞത്. അവര്‍ ആണ് പ്രധാനമായും മോട്ടിവേഷന്‍ തന്ന് കയറ്റിവിട്ടത്. അവരാണ് കത്തിച്ചു തന്നത്. ഇപ്പോള്‍ അത് പൊട്ടിയെന്ന് പറയാം.’
വോയ്സ് ഓഫ് വോയ്സ് ലെസ്സിന്റെ പണിപ്പുരയിലായിരുന്ന സമയത്താണ് കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം നിലവില്‍ വരുന്നതും രാജ്യമൊട്ടാകെ പ്രതിഷേധമുയരുകയും ചെയ്യുന്നത്. അന്ന് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഊരാളി ബാന്‍ഡിനൊപ്പം ഹിരണ്‍ദാസും ചെന്നു. അവിടെ വെച്ച് ആദ്യമായി വലിയ ജനക്കൂട്ടത്തിന് മുന്‍പില്‍ വോയ്സ് ഓഫ് വോയ്സ് ലെസ്സിന്റെ ആദ്യ ലൈവ് പെര്‍ഫോമന്‍സ് നടന്നു. ആ ഒരു പെര്‍ഫോമന്‍സാണ് തന്നെ ആളുകള്‍ക്കിടയില്‍ തിരിച്ചറിയാന്‍ ഇടയാക്കിയതെന്ന് വേടന്‍ പറയുന്നു.
അന്ന് റാപ്പിന് ഏറെ സ്വീകാര്യത ലഭിച്ചെങ്കിലും ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കൊണ്ട് മൂന്ന് മാസത്തോളം വോയ്സ് ഓഫ് വോയ്സ് ലെസ്സിന്റെ ചിത്രീകരണവും മറ്റും തുടങ്ങാനാകാതെ നിന്നു. പിന്നീട് സുഹൃത്തുക്കള്‍ വഴി ആവശ്യമായ പണം ശരിയായ ശേഷമാണ് ഷൂട്ടിലേക്ക് കടക്കുന്നത്.
പാട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടക്കുന്ന, ആ വിവേചനം നേരിടുന്നവര്‍ തന്നെ വീഡിയോയില്‍ വരണമെന്നും അവര്‍ക്കിടയില്‍ നിന്നു തന്നെ ഈ പാട്ട് അവതരിപ്പിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു ഹിരണ്‍ദാസിന്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത കോളനിയിലാണ് പാട്ടിന്റെ മുഴുവന്‍ ചിത്രീകരണവും നടത്തിയത്. അവര്‍ക്കായുള്ള അവരുടെ രാഷ്ട്രീയമാണ് താന്‍ പറയുന്നതെന്ന് വേടന്‍ ഉറപ്പിച്ചു പറയുന്നു.
അങ്ങിനെ ഷൂട്ടിംഗിനും മറ്റു പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കും ശേഷം വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് ജൂണ്‍ 13ന് യൂട്യൂബിലെത്തി. കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റാപ്പ് സംഗീതപ്രിയര്‍ക്കിടയില്‍ മാത്രമല്ല, കേരളത്തില്‍ മുഴുവന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. അടിച്ചമര്‍ത്തപ്പെട്ടവന് തന്റെ ശബ്ദം ഇല്ലാതാക്കിയവനോട് പറയാനുള്ളതെല്ലാം പറഞ്ഞ വാക്കുകളെന്ന് അഭിപ്രായങ്ങള്‍ വന്നു.
മലയാളത്തില്‍ ഇതുവരെ വന്നിട്ടുള്ള റാപ്പുകളിലെല്ലാം വെച്ച് ഏറ്റവും ശക്തമായ വാക്കുകളാണ് വേടന്റെ പാട്ടിലുള്ളതെന്നായിരുന്നു ഏറ്റവും കൂടുതല്‍ വന്ന കമന്റുകള്‍. സംഗീത – ചലച്ചിത്ര രംഗത്തുള്ളവരും സാമൂഹ്യനിരീക്ഷകരുമടക്കം നിരവധി പേരാണ് പാട്ട് ഷെയര്‍ ചെയ്തത്.
നമ്മുടെ ചെറിയ സര്‍ക്കിളുകളില്‍ നമ്മള്‍ പലതും ചര്‍ച്ച ചെയ്യും. കലയുടെ രൂപത്തില്‍ ഈ ചര്‍ച്ചകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാകും എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഹിരണ്‍ദാസ് പറയുന്നു. വേടന്റെ വാക്കുളെ ശരിവെക്കുകയാണ് വോയ്‌സ് ഓഫ് വോയ്സ് ലെസ്സ് തുടക്കം കുറിച്ച സമൂഹത്തിലെ ഉച്ഛനീചത്വങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍.
ഹിരണ്‍ദാസില്‍ നിന്നും വേടനിലേക്ക്
റാപ്പിനൊപ്പം തന്നെ ഏറെ ശ്രദ്ധ നേടിയതായിരുന്നു വേടന്‍ എന്ന പേര്. റാപ്പര്‍മാര്‍ പൊതുവെ സ്വീകരിക്കുന്ന സ്റ്റേജ് നേയിം/ തൂലികാനാമം പോലെയായിരിക്കും ഇതുന്നുമെന്നാണ് പൊതുവെ കേട്ടവരെല്ലാം കരുതിയിരിക്കുന്നത്. എന്നാല്‍ അങ്ങിനെ പെട്ടെന്നുണ്ടായി വന്ന ഒരു പേരല്ല വേടന്‍, ഹിരണ്‍ദാസ് കണ്ടുപിടിച്ചതുമല്ല. വേടന്‍ വന്നതിന് പിന്നില്‍ ചില കഥകളൊക്കെയുണ്ട്.
ചെറുപ്പത്തില്‍ നല്ലൊരു കുറുമ്പനായ ഹിരണ്‍ദാസിന് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചാര്‍ത്തിക്കൊടുത്ത പേരാണ് വേടന്‍. വീടിനടുത്തും കൂട്ടുകാര്‍ക്കിടയിലുമൊന്നും അന്നുമുതല്‍ ഹിരണ്‍ദാസെന്നൊരു വിളിയേ ഇല്ല.
ചെറുപ്പത്തിലെ മീന്‍പിടുത്തതിലും സ്ലിഗ് ഷോട്ട് എറിയുന്നതിലുമൊക്കെ കേമനായിരുന്നു ഹിരണ്‍ദാസ്. അങ്ങിനെ കൂടി വന്ന പേരാണ് വേടന്‍. കൂട്ടുകാര്‍ക്കിടയില്‍ തുടങ്ങിയ വിളി പിന്നെ സ്‌കൂളിലുമെത്തി. പിന്നെ പിന്നെ ഹിരണെന്നോ ഹിരണ്‍ദാസെന്നോ എന്നതിനേക്കാള്‍ വേടനെന്നു മാത്രമായി വിളി. ആദ്യമൊക്കെ ശല്യമായി തോന്നിയിരുന്നെങ്കിലും പിന്നെ ഈ പേരിനോടായി ഇഷ്ടമെന്നു പറയുന്നു.
ഈ ഇഷ്ടം കേട്ടുപഴകിയതുകൊണ്ടു മാത്രം ഉണ്ടായി വന്നതല്ല, മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഹിരണ്‍ദാസിന്റെ ബോധ്യം കൂടിയുണ്ട് ഇതിന് പിന്നില്‍. ‘മനുഷ്യനെന്നാല്‍ വേട്ടയാടിയും വേട്ടയാടപ്പെട്ടും ജീവിക്കുന്നവനാണ്. അതുകൊണ്ടാണ് വേടന്‍ എന്ന പേര് തന്നെ മതി എന്നിലെ കലാകാരനുമെന്ന് തീരുമാനിച്ചത്.’വേടന്‍ പറയുന്നു.
വോയ്‌സ് ഓഫ് വോയ്സ് ലെസ്സിന്റെ വരികള്‍ക്ക് പിന്നില്‍
മലയാളത്തില്‍ ഇതുവരെ വന്ന റാപ്പുകളില്‍ ഏറ്റവും മികച്ച പദപ്രയോഗങ്ങളാണ് വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സിലേതാണെന്നാണ് പാട്ട് ഇറങ്ങിയ ശേഷം കൂടുതല്‍ വന്ന അഭിപ്രായം. ഈ വാക്കുകള്‍ തനിക്ക് നല്‍കിയത് വായനയാണെന്നാണ് ഹിരണ്‍ദാസ് ചൂണ്ടിക്കാണിക്കുന്നത്.
ചെറുപ്പത്തില്‍ വായന എന്നൊരു ശീലമേ ഇല്ലാതിരുന്ന ഹിരണ്‍ദാസിനെ വായനയിലേക്ക് എത്തിച്ചത് ചില സുഹൃത്തുക്കളും തന്റെ യാത്രയില്‍ പരിചയപ്പെട്ട ചില മനുഷ്യരുമാണ്.
വലിയ അറിവുള്ള മനുഷ്യരെ കാണുമ്പോള്‍ എല്ലാം ചിന്തിക്കാറുണ്ട് ഇവര്‍ക്ക് എങ്ങിനെയാണ് ഇത്രയും കാര്യങ്ങള്‍ അറിയുന്നതെന്ന്. പിന്നെ മനസ്സിലായി ഇവരുടെയെല്ലാം സൂത്രപ്പണി വായനയാണെന്ന്. അങ്ങിനെയാണ് വായിക്കാന്‍ തുടങ്ങുന്നത്. തുടക്കത്തില്‍ വായന ഏറെ പ്രയാസപ്പെട്ട ഒരു പണിയായിരുന്നെന്ന് ഹിരണ്‍ദാസ് തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്.
‘ഞാന്‍ വളര്‍ന്നു വന്നപ്പോള്‍ കണ്ട ആരും തന്നെ വായിക്കുന്നവരായിരുന്നില്ല. ഒരു കളിക്കുടുക്ക പോലും വീട്ടില്‍ വാങ്ങിയിട്ടില്ല, വായിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ വായിച്ചു തുടങ്ങുന്നത് ഏറെ പ്രയാസം തന്നെയായിരുന്നു.’ അങ്ങിനെ ഏറെ പ്രയാസപ്പെട്ടു തുടങ്ങിയ വായന ഇന്ന് ഹിരണ്‍ദാസിന്റെ ശീലമാണ്.
റാപ്പിലെ രാഷ്ട്രീയം
വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സില്‍ പറയുന്ന മണ്ണിന്റെ രാഷ്ട്രീയം വേടന്റെ ജീവിതം തന്നെയാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ ഇത്രയും നാള്‍ ജീവിച്ചതില്‍ നിന്നും ഓരോ മനുഷ്യനും സ്വന്തമായി ഒരു സ്ഥലം എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് ഹിരണ്‍ദാസ് പറയുന്നു.
‘ഞാന്‍ കാണുന്ന സമയം തൊട്ട് അച്ഛന്‍ പണിക്ക് പോകുന്നുണ്ട്. പക്ഷെ ഇപ്പോഴും ഒരു സ്ഥലം സ്വന്തമായി വാങ്ങാനായിട്ടില്ല. പാട്ടിലുള്ളതൊക്കെ എന്റെ ജീവിതത്തിലെ കാര്യങ്ങള്‍ തന്നെയാണ്. ആരുടെ മുന്നിലും താഴാതെ ജീവിക്കാനൊരിടം എനിക്കില്ല. അതുകൊണ്ടു തന്നെ സ്വന്തമായൊരു സ്ഥലം എന്നത് നമുക്കൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം.’ ഹിരണ്‍ദാസിന്റെ വാക്കുകള്‍.
വാളെടുത്തവനെ ദേശസ്നേഹിയും വാക്കെടുത്തവനെ ദേശദ്രോഹിയുമാക്കുന്ന ഇന്ത്യന്‍ അധികാര കേന്ദ്രങ്ങളോടുള്ള പ്രതിഷേധം കൃത്യമായി പറയുന്നുണ്ട് വേടന്റെ പാട്ടില്‍.
‘സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ജയിലിലിടുന്നത് കാലങ്ങളായി നടക്കുന്നതാണ്. മാറിമാറി വരുന്ന ഓരോ സര്‍ക്കാരുകളും മനുഷ്യരോട് ഇത്തരത്തില്‍ തന്നെയാണ് പെരുമാറിയിട്ടുള്ളത്. പക്ഷെ ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന, ഞാനും നമ്മളുമെല്ലാം അനുഭവിക്കുന്ന കാര്യങ്ങളാണ് തീര്‍ച്ചയായും എന്നെ കൊണ്ട് ഇത്തരത്തില്‍ ചിന്തിപ്പിച്ചത്.’
പറയുന്ന വാക്കുകളെ കുറിച്ചുള്ള വ്യക്തമായ ഈ കാഴ്ചപ്പാട് കൊണ്ടായിരിക്കണം ചുറ്റും നടക്കുന്ന അനീതിയോടുള്ള പ്രതിഷേധത്തിനൊപ്പം ആ അനീതിയുടെ വേരിലേക്ക് ഇറങ്ങി ചെല്ലുന്നതും വോയ്സ് ഓഫ് വോയ്സ് ലെസ്സില്‍ നിന്നും ഓരോരുത്തരും കേള്‍ക്കുന്നത്.
‘ഒരുപാട് ആളുകള്‍ക്ക് പറയാനുള്ളത് തന്നെയാണ് എനിക്ക് പറയാനുള്ളത്. ഞാന്‍ അവരുടെ ഭാഗമാകുകയാണ്. അടിച്ചമര്‍ത്തലുകളില്‍ ശബ്ദമില്ലാതായവരും ഇപ്പോഴും പ്രതിഷേധിക്കുന്നവരുമായ ഒരുപാട് ആളുകളുണ്ട് നമുക്ക് ചുറ്റും. അവരോടൊപ്പം ചേര്‍ന്നുനില്‍ക്കണം. കൂടെ നിന്ന് പ്രതിഷേധിക്കണം, പോരാടണം.’
റാപ്പിന്റെ ലോകത്തേക്ക്
പഠനത്തിന് ശേഷം സിനിമാമോഹവുമായി തിരുവനന്തപുരത്ത് എത്തിയ കാലത്താണ് ഹിരണ്‍ദാസ് വിവിധ സംഗീതശാഖകളെ പരിചയപ്പെടുന്നത്. എഡിറ്റര്‍ ബി.അജിത് കുമാറിന്റെ സ്‌ററുഡിയോ ബോയ് ആയി ജോലി ചെയ്തിരുന്ന കാലത്താണ് മലയാളിക്ക് അത്ര പരിചതമല്ലാത്ത റാപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങുന്നത്.
എമിനം, തുപാക് ഷാക്കുര്‍ എന്നിവരുടെ റാപ്പുകളില്‍ തുടങ്ങിയ ഹിരണ്‍ദാസ് ആസാദി ഡയലോഗ്സ്, ഡിവൈന്‍ , കാസ്റ്റ്ലെസ്സ് കളക്ടീവ്, തമിഴ് റാപ്പര്‍ അറിവ് ഇവരുടെ റാപ്പുകളൊക്കെ കേള്‍ക്കാന്‍ തുടങ്ങി.
വര്‍ണ്ണവെറിക്കും വംശീയതക്കുമെതിരെയുള്ള കറുത്തവര്‍ഗക്കാരന്റെ പ്രതിഷേധസ്വരമായാണ് റാപ്പുകളുടെ തുടക്കം. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ റാപ്പുകള്‍ ഇറങ്ങുന്നുണ്ടെങ്കിലും അടിച്ചമര്‍ത്തപ്പെട്ടവനായി ശബ്ദമുയര്‍ത്തുന്ന റാപ്പുകള്‍ ഏറെ കുറവാണെന്നാണ് ഹിരണ്‍ദാസ് ചൂണ്ടിക്കാണിക്കുന്നത്. കച്ചവടസാധ്യത മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് പല റാപ്പുകളും പുറത്തിറക്കുന്നത്.
‘റാപ്പുകള്‍ ആരംഭിച്ചത് തന്നെ പ്രതിഷേധങ്ങളുടെ ഭാഗമായാണ്. അതുകൊണ്ടു തന്നെ റാപ്പിനെ ആ പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ടു തന്നെ അവതരിപ്പിക്കാനാണ് എന്റെ ആഗ്രഹം.’ റാപ്പ് ലോകത്ത് താന്‍ എന്തായിരിക്കുമെന്നും ആരായിരിക്കുമെന്നും കൃത്യമായി പറഞ്ഞുവെക്കുകയാണ് വേടന്‍.
വ്യത്യസ്തമായ സംഗീതമേഖലകള്‍ ആസ്വദിക്കുന്നവരാണ് മലയാളികള്‍. കര്‍ണാടികിനൊപ്പം തന്നെ ഹിന്ദുസ്ഥാനിയും പാശ്ചാത്യസംഗീതവുമെല്ലാം ഇവിടുത്തെ ഗ്രാമഫോണ്‍ കാസറ്റുകളില്‍ വരെ കാണാം. പുതിയ പല സംഗീതരൂപങ്ങളും കടന്നുവന്നിട്ടുണ്ട്. എന്നാലും മലയാളികള്‍ക്കിടയില്‍ വലിയ രീതിയില്‍ വേരോട്ടമില്ലാത്ത ഒരു സംഗീതശാഖ തന്നെയാണ് റാപ്പ് മ്യൂസിക്.
മലയാളം തന്നെയാണ് ഇതിന് കാരണമെന്നാണ് ഹിരണ്‍ദാസിന്റെ നിരീക്ഷണം. ‘മറ്റു ഭാഷകളെ വെച്ചുനോക്കുമ്പോള്‍ മലയാളത്തില്‍ റാപ്പ് ചെയ്യുക എന്നത് ഒരല്പം പ്രയാസം തന്നെയാണ്. പ്രാസം ഒപ്പിക്കുക എന്നത് റാപ്പിന് ഏറെ പ്രധാനമാണ്. ഒരു താളത്തിനനുസരിച്ച് മലയാളം വരികളില്‍ പ്രാസം ഒപ്പിക്കുക അത്ര എളുപ്പമല്ല.’
ഏതെങ്കിലും ഒരു താളത്തിനനുസരിച്ച് കുറെ വാക്കുകള്‍ പറഞ്ഞുവെക്കുന്നതല്ല റാപ്പ് എന്ന് ചുരുക്കം. പാടുന്ന ഭാഷയില്‍ അത്രയും ആഴത്തിലുള്ള അറിവും വാക്കുകളുടെ വന്‍ ശേഖരവും ഉള്ളവര്‍ക്കേ റാപ്പ് ചെയ്യാനാകൂ.
‘പല മലയാളം റാപ്പുകളിലും ഭാഷയെ ഈയൊരു ഭംഗിയില്‍ ഉപയോഗിച്ചിട്ടില്ല എന്ന ഒരു അഭിപ്രായം എനിക്കുണ്ട്. ഇത് മാത്രമാണ് ശരിയെന്ന് പറയുകയല്ല. പക്ഷെ അത്തരത്തില്‍ റാപ്പുകള്‍ വരാത്തതുകൊണ്ടായിരിക്കാം ഒരുപക്ഷെ മലയാളികള്‍ക്കിടയില്‍ റാപ്പിന് വലിയ പ്രചാരം ലഭിക്കാത്തത്.’
അടുത്ത കാലത്താണ് മലയാളികള്‍ റാപ്പ് കേള്‍ക്കാന്‍ തുടങ്ങുന്നതും മലയാളത്തില്‍ തന്നെ റാപ്പുകള്‍ വരുന്നതും. എന്നാലും യുവാക്കള്‍ക്കിടയിലെ റാപ്പ് ആസ്വാദകരെ വെച്ചുനോക്കുമ്പോള്‍ അധികം വൈകാതെ തന്നെ മലയാളികള്‍ക്കിടയില്‍ റാപ്പിന് വലിയ സ്വീകാര്യത ഉണ്ടാകുമെന്നാണ് ഹിരണ്‍ദാസിന്റെ കണക്കുകൂട്ടല്‍.
മലയാളത്തോളം തന്നെ ഹിരണ്‍ദാസിന് ഏറെ പ്രിയപ്പെട്ടതാണ് തമിഴ് ഭാഷയും റാപ്പും അവിടുത്തെ വൈബ് ഉള്ള ആസ്വാദകരും. ‘ തമിഴ് വളരെ താളാത്മകമായ ഭാഷയാണ്. ഏത് രീതിയിലുള്ള മ്യൂസികിനൊപ്പവും തമിഴിന് ഉള്‍ച്ചേരാനാവും. അത്രയും ഭംഗിയാണ്. തമിഴിനോട് പ്രേമമാണ് എനിക്ക്. തമിഴ് റാപ്പുകള്‍ ഇടക്ക് എഴുതാറുണ്ട്.’
ഭാഷ മാത്രമല്ല, വേടന്റെ ഏറ്റവും പ്രിയപ്പെട്ട റാപ്പറും മനസ്സിലെ ഏറ്റവും വലിയ സ്വപ്നവുമൊക്കെ തമിഴ് ലോകത്തില്‍ നിന്നുതന്നെയാണ്. തമിഴ് റാപ്പര്‍ അറിവാണ് ഹിരണ്‍ദാസിന്റെ ഏറ്റവും പ്രിയപ്പെട്ട റാപ്പര്‍. ‘അറിവും അദ്ദേഹത്തിന്റെ റാപ്പുകളും എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. അറിവിന്റെ പാട്ടുകള്‍ പാടി നടക്കാറുണ്ട്. ബീഫ് സോംഗ് എന്ന റാപ്പിലെ അറിവ് പാടിയ ഒരു ചെറിയ ഭാഗം എനിക്ക് ഏറെ ഇഷ്ടമാണ്. ‘
കാസ്റ്റ്ലെസ്സ് കളക്ടീവിനൊപ്പം തമിഴ് മക്കളുടെ മുന്നില്‍ ലൈവ് പെര്‍ഫോമന്‍സ്, ഹിരണ്‍ദാസിന്റെ ഏറ്റവും വലിയ ആഗ്രഹമാണിത്. ‘അവരുടെ പെര്‍ഫോമന്‍സിന്റെ വീഡിയോകള്‍ കാണുമ്പോള്‍ അറിയാം. തീയാണ് അത്. കേള്‍ക്കുന്നവരും അതെ. അവര്‍ ആ പാട്ടും വരികള്‍ക്കുമായി മനസ്സ് വിട്ടു കൊടുക്കും. അതിന്റെ താളത്തിനനുസരിച്ച് ചുവടുവെക്കും. അങ്ങിനത്തെ ഒരു ഓഡിയന്‍സിന് മുന്‍പില്‍ പെര്‍ഫോം ചെയ്യുക എന്നത് ഭാഗ്യമാണ്. വാക്കുകളുടെ വൈബ് കിട്ടുന്നവര്‍.
സിനിമയും വരയും
റാപ്പിനൊപ്പം ഹിരണ്‍ദാസിന് ഇഷ്ടമുള്ള മേഖലകളാണ് സിനിമയും വരയും. വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ്സ് ഇറങ്ങിയ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ പ്രോജക്ടിലേക്ക് വിളിച്ചിരുന്നു. ഇപ്പോള്‍ സുഹൃത്തിനൊപ്പം ഈ പ്രോജക്ടിന്റെ പണികളിലാണ് ഹിരണ്‍ദാസ്.
റാപ്പിനെ പോലെ തന്നെ തന്റെ സിനിമ മോഹത്തെക്കുറിച്ചും കൃത്യമായി കാഴ്ചപ്പാടുണ്ട് ഹിരണ്‍ദാസിന്. ‘സിനിമയില്‍ വേഗം കടന്നുവരണമെന്ന് എനിക്കാഗ്രഹമില്ല. ആരുടെയെങ്കിലും കീഴില്‍ വര്‍ക്ക് ചെയ്യണമെന്നുമില്ല. സ്വതന്ത്രമായി സിനിമകള്‍ ചെയ്യണം. എന്നാലേ നമ്മുടെ രാഷ്ട്രീയം പറയാന്‍ സാധിക്കൂ.’
വേടന്‍വിത്ത് വേര്‍ഡ് എന്ന ഇന്‍സ്റ്റഗ്രാമം അക്കൗണ്ടില്‍ കയറി നോക്കുന്നവര്‍ തീര്‍ച്ചയായും ഞെട്ടും. ഹിരണ്‍ദാസ് പോഴന്‍ വര്‍ക്കാണെന്നൊക്കെ പറയുമെങ്കിലും, മനോഹരമായ ഡൂഡിലിംഗുകള്‍ നിറയെ കാണാം. പാട്ടിലെ ആ തനിമ വരകളിലും നിറഞ്ഞുനില്‍ക്കുന്നത് അറിയാം.
‘വലിയ ആര്‍ട്ടിസ്റ്റ് ഒന്നുമല്ല ഞാന്‍. എന്റെ കൈയ്യിന് വഴങ്ങുന്നത് വരക്കുന്നു, അത്രേ ഉള്ളു. പലതും പോഴന്‍ വര്‍ക്കുകളാണ്. ചിലതൊക്കെ വരച്ച ഉടനെ കൊള്ളാമെന്ന് തോന്നും. പക്ഷെ പിന്നീട് നോക്കുമ്പോള്‍ അറുബോറാണെന്നും. അങ്ങിനെ കുറെ വര്‍ക്ക് ഡിലീറ്റ് ചെയ്തു കളഞ്ഞിട്ടുണ്ട്. കുറച്ചൂടെ നന്നാക്കി വരക്കാന്‍ വേണ്ടി.’
സംസാരമൊക്കെ കഴിഞ്ഞ് കട്ടന്‍ചായയും കുടിച്ചിരിക്കുന്ന സമയത്ത് ചോദിച്ചു ഇനിയെന്താണ് വേടന്റെ പരിപാടികള്‍ എന്ന്, ഒറ്റ വാചകത്തില്‍ ഒരു മറുപടിയും വന്നു. ‘പൊളിറ്റിക്കലാകുക എന്റേതായ വഴിയിലൂടെ, അത് തന്നെ പരിപാടി.’ മറുപടി കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് വേടന്റെ വരികള്‍ തന്നെയായിരുന്നു ‘കനലൊരു തരി മതി ഒരുതരി മതി തരി മതി’
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.