ന്യൂദല്‍ഹി: ഒറ്റരാത്രികൊണ്ട് കുടിശ്ശികയെല്ലാം അടച്ചുതീര്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ. കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന്‍ മുകുള്‍ രോഹത്ഗി വ്യക്തമാക്കി.
ഇത് ടെലികോം മേഖലയെ ഒന്നാകെ ബാധിക്കുമെന്നും ടെലികോം രംഗത്തെ മത്സരത്തെ തുടച്ചുനീക്കുമെന്നും രണ്ട് കമ്പനികള്‍ മാത്രം ശേഷിക്കുന്ന അവസ്ഥയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം എന്‍.ഡി ടി.വിയോട് പറഞ്ഞു. വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടേണ്ടി വന്നാല്‍ 10,000ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 കോടി ഉപഭോക്താക്കളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
7000 കോടി രൂപയുടെ കുടിശ്ശികയാണ് വോഡഫോണ്‍ ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത്. ഇതിന്റെ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതല്‍ 25,000 കോടി വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കമ്പനി ഇതിനകം തന്നെ 2150 കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്.
ടെലികോം സ്ഥാപനങ്ങള്‍ ഉടന്‍ തന്നെ എല്ലാ കുടിശ്ശികകളും സര്‍ക്കാരിന് നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവാണ് നിലവില്‍ത്തന്നെ നഷ്ടം നേരിടുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
‘ഒറ്റരാത്രികൊണ്ട് കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കഴിയില്ലെന്നാണ് കമ്പനികള്‍ ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനോട് പറയുന്നത്. സര്‍ക്കാരും ഈ അവസ്ഥ മനസിലാക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് ആഴ്ന്ന് പോകും. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ഈ മേഖലയില്‍ രണ്ട് ഓപ്പറേറ്റര്‍മാര്‍ മാത്രമേ അവശേഷിക്കു. അതൊരു അര്‍ദ്ധ കുത്തക അവസ്ഥയിലേക്കാണ് നയിക്കുക’, റോഹത്ഗി പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളായി, ടെലികോം മേഖലയില്‍ വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. ചില കമ്പനികള്‍ക്ക് കടക്കെണിയിലായിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ഒറ്റരാത്രികൊണ്ട് പണം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിച്ചാല്‍ വോഡഫോണിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ