ന്യൂദല്‍ഹി: ആകര്‍ഷകമായ ഓഫറുകള്‍ വഴി കുറഞ്ഞ സമയം കൊണ്ട് ഇന്ത്യന്‍ വിപണി പിടിച്ചെടുത്ത റിലയന്‍സ് ജിയോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തയ്യാറെടുത്ത് വോഡഫോണ്‍. വോഡഫോണ്‍ റെഡ് എന്ന് പേരിട്ടിരിക്കുന്ന പോസ്റ്റ് പെയ്ഡ് പ്ലാന്‍ വഴിയാണ് ജിയോക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വോഡഫോണ്‍ തയ്യാറെടുക്കുന്നത്.
പരിധിയില്ലാത്ത ഫോണ്‍ കോളുകള്‍, ജിയോ നല്‍ കുന്നതിനേക്കാള്‍ കൂടുതല്‍ ഡാറ്റ എന്നിവയാണ് വോഡഫോണ്‍ റെഡിലെ പ്രധാന ആകര്‍ഷണങ്ങള്‍ എന്നറിയുന്നു. ഇതിന് പുറമേ സൗജന്യമായി ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്, നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ എന്നിവയും കമ്പനി നല്‍കുമത്രെ. നിലവിലുള്ള വോഡഫോണ്‍ റെഡ് ഉപഭോക്താക്കള്‍ക്കും ഈ സേവനങ്ങള്‍ ലഭിക്കും.
വോഡഫോണ്‍ റെഡ് പോസ്റ്റ്‌പെയിഡ് പ്ലാനുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വോഡഫോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. പ്രാഥമിക പ്ലാന്‍ വരിസംഖ്യ 399 രൂപയാണ്. ഈ പ്ലാന്‍ എടുക്കുകയാണെങ്കില്‍ 499 രൂപ മൂല്യമുള്ള വോഡഫോണ്‍ പ്ലേ, 999 രൂപ മൂല്യമുള്ള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എന്നിവ ലഭിക്കുമെന്ന് വോഡഫോണ്‍ വാഗ്ദാനം നല്‍കുന്നുണ്ട്.
1299 രൂപയുടെ വോഡഫോണ്‍ റെഡ് പ്ലാനിലാണ് നെറ്റ്ഫ്‌ലിക്‌സ് മെമ്പര്‍ഷിപ്പ് കമ്പനി നല്‍കുക. 1000 രൂപ മൂല്യമുള്ള രണ്ട് മാസത്തെ നെറ്റ്ഫ്‌ലിക്‌സ് സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം, വോഡഫോണ്‍ പ്ലേ സേവനങ്ങള്‍ ഈ പ്ലാനിലുമുണ്ട്.
ജിയോക്ക് വലിയ വെല്ലുവിളിയാണ് ഈ പ്ലാനുകളിലൂടെ വോഡഫോണ്‍ ഒരുക്കുന്നത്. ഇനി ആമസോണ്‍ പ്രൈം, നെഫ്ഫ്‌ലിക്‌സ് വരിക്കാര്‍ എന്നിവര്‍ക്ക് കുറഞ്ഞ പണച്ചിലവില്‍ ഈ സേവനങ്ങളും ഒപ്പം വോഡഫോണിന്റെ മറ്റ് സേവനങ്ങളും ലഭ്യമാക്കാം.