മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെലവുകള്‍ ഇനി കുത്തനെ ഉയരും; എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ച് വി.ഐയും
national news
മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെലവുകള്‍ ഇനി കുത്തനെ ഉയരും; എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ച് വി.ഐയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd November 2021, 2:44 pm

ന്യൂദല്‍ഹി: പ്രീപെയ്ഡ് താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. എയര്‍ടെലിന് പിന്നാലെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വി.ഐയും (വോഡഫോണ്‍-ഐഡിയ) പ്രഖ്യാപിച്ചു.

നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തില്‍ 25 ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്ന് വോഡഫോണ്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

”എ.ആര്‍.പി.യു(ആവറേജ് റവന്യു പെര്‍ യൂസര്‍) പ്രോസസ് തുടങ്ങാനും മെച്ചപ്പെടുത്താനും പുതിയ നിരക്കിലുള്ള പ്ലാനുകള്‍ സഹായകരമാവും. ഈ വ്യവസായം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനും അത് സഹായകമാവും,” എന്നാണ് വോഡഫോണ്‍-ഐഡിയ പുറത്തിറക്കിയ പ്രസ്താവനയിലെ വാദം.

നിലവില്‍ 79 രൂപയുള്ള പാക്കിന് വ്യാഴാഴ്ച മുതല്‍ 99 രൂപയാകും. 149 രൂപയുടെ പാക്കിന് 179 രൂപയും 1498 രൂപയുടെ വാര്‍ഷിക പാക്കേജിന് 1799 രൂപയും 2399 രൂപ പാക്കിന് 2899 രൂപയായും വര്‍ധിക്കും.

ഡാറ്റ ടോപ് അപ്പുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. 48 രൂപയുണ്ടായിരുന്നതിന് 58 രൂപയും 98 രൂപയുണ്ടായിരുന്നതിന് 118 രൂപയും 251 രൂപയുടേതിന് 298 രൂപയും 351 രൂപയുടേതിന് 418 രൂപയുമായിരിക്കും ഇനി മുതല്‍.

ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ അവരുടെ താരിഫ് നിരക്കില്‍ 25 ശതമാനം വര്‍ധനവ് വരുത്തെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വി.ഐയും നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്.

നവംബര്‍ 26 മുതലാണ് എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വരിക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Vodafone Idea will raise prepaid tariff rates  up to 25 percent, following airtel