| Wednesday, 6th January 2016, 11:08 pm

വോഡഫോണ്‍ കോഴിക്കോട് 4ജി സര്‍വീസ് ആരംഭിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ വോഡഫോണ്‍ ഇന്ത്യ കോഴിക്കോടും 4ജി സര്‍വീസ് ആരംഭിക്കുന്നു. ഉപഭോക്താക്കല്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാണ് വോഡഫോണ്‍ 4ജി സര്‍വീസ് ആരംഭിക്കുന്നത്. നിലവിലെ സിം 4ജിയിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുന്നതടക്കമുള്ള ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചത്.

മൂന്നു മാസത്തേക്ക് അണ്‍ലിമിറ്റഡ് മൂവീ സബ്‌സ്‌ക്രിപ്ഷന്‍, 4ജി റെഡ് ഉപഭോക്താക്കള്‍ക്ക് മൂന്നുമാസത്തേക്ക് 100 ശതമാനം അധിക ഡാറ്റ, 29 രൂപയ്ക്ക് 120 എം.ബി.യുടെ ട്രയല്‍പാക്ക് മുതല്‍ 2499 രൂപയ്ക്ക് 20 ജി.ബി.യുടെ ബൊണാന്‍സ് പാക്ക് എന്നിങ്ങനെയാണ് മറ്റു ആനുകൂല്യങ്ങള്‍.ഏറ്റവും ഫലപ്രദമായ 1,800 മെഗാഹെഡ്‌സ് ബാന്‍ഡിലാണ് 4ജി സേവനം ലഭ്യമാക്കുന്നത്. 4ജി മൊബൈല്‍ വൈഫൈ വഴി പത്തു ഡിവൈസുകള്‍ക്ക് വരെ കണക്ടിവിറ്റി നല്‍കാനും കഴിയും.

കോള്‍ സെന്ററുകളിലൂടെയും എസ്.എം.എസ് വഴിയും 4ജി സിം അപേക്ഷിക്കാം. 199ലേക്ക് 4GSIM എന്ന് എസ്.എം.എസ് അയക്കുകയും ചെയ്യാം. അതാത് ദിവസം വൈകീട്ട് നാലുമണി വരെ ലഭിക്കുന്ന അപേക്ഷകള്‍ക്ക് അന്നു തന്നെ 4ജി സിമ്മുകള്‍ വീട്ടിലെത്തിക്കും.

കോഴിക്കോട് സേവനം ആരംഭിക്കുന്നതോടെ കേരളത്തില്‍ വോഡഫോണ്‍ 4ജി അതിവേഗ സര്‍വീസ് ആരംഭിക്കുന്ന നഗരങ്ങളുടെ എണ്ണം 14 ആകും. കേരളത്തില്‍ 2ജി, 3ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന ആദ്യ ടെലകോം സേവനദാതാവ് എന്ന പദവിയും ഇതോടെ വോഡഫോണിന് സ്വന്തമാകും.

We use cookies to give you the best possible experience. Learn more