പാരീസ്: കാൻ ഫിലിം ഫെസ്റ്റിവലിൽ ഫലസ്തീൻ പതാക പിൻചെയ്ത ഓവർകോട്ട് ധരിച്ചെത്തിയ ഹോളിവുഡ് താരം ഗൈ പിയേഴ്‌സിന്റെ ഫോട്ടോയിൽ നിന്ന് ഫലസ്തീൻ പതാകയുടെ ചിഹ്നം നീക്കം ചെയ്ത് വാനിറ്റി ഫെയർ മാഗസിൻ.
ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കാൻ ഫിലിം ഫെസ്റ്റിവലിൽ ഗൈ പിയേഴ്സ് എത്തിയത്. ഫലസ്തീൻ പതാക പിൻ ചെയ്ത ഓവർ കോട്ടും ഫലസ്തീൻ പതാകയുടെ നിറമുള്ള ബ്രെയ്‌സ്‌ലെറ്റ് ധരിച്ചായിരുന്നു അദ്ദേഹം വേദിയിലെത്തിയത്.
എന്നാൽ അദ്ദേഹത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച വാനിറ്റി ഫെയർ ഫോട്ടോഷോപ്പ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ വസ്ത്രത്തിലെ ഫലസ്തീൻ പതാക നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ മാഗസിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു. തുടർന്ന് വിഷയത്തിൽ ക്ഷമ ചോദിച്ച് മാഗസിൻ രംഗത്തെത്തുകയായിരുന്നു.
പത്രപ്രവർത്തകനായ അഹമ്മദ് ഹാഥ്തൗടാണ് ഗൈ പിയേഴ്സിന്റെ ഫോട്ടോ മാഗസിൻ എഡിറ്റ് ചെയ്ത വിവരം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
‘ഗൈ പിയേഴ്‌സൺ ഫലസ്തീനികളോട് ഐകദാർഢ്യം പ്രകടിപ്പിക്കാൻ ഫലസ്തീൻ പതാക ധരിച്ച് കാൻ ഫെസ്റ്റിവലിൽ എത്തി. എന്നാൽ വാനിറ്റി ഫെയർ അത് ഫോട്ടോഷോപ് ചെയ്തു,’ അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ മാഗസിന്റെ നടപടിക്കെതിരെയും ഇസ്രഈലിനെതിരെയും വിമർശനവുമായി ഗൈ പിയേഴ്സണും മുന്നോട്ടെത്തിയിട്ടുണ്ട്.
‘നമ്മൾ ഇപ്പോൾ സംസാരിക്കുമ്പോൾ പോലും ഫലസ്തീനികൾ കൊല്ലപ്പെടുന്നുണ്ട്. ഇത് നിർത്തണം, നിങ്ങളെയോർത്ത് ലജ്ജിക്കുന്നു നെതന്യാഹു,’ എന്നാണ് അദ്ദേഹം തന്റെ എക്സിൽ കുറിച്ചത്.
ഇതിന് പിന്നാലെയാണ് വാനിറ്റി ഫെയർ ക്ഷമാപണവുമായി എത്തിയത്.
‘ഞങ്ങൾക്ക് തെറ്റ് പറ്റി, ആ തെറ്റ് ഞങ്ങൾ തിരുത്തിയിട്ടുണ്ട്. ഇതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,’ വാനിറ്റി ഫെയർ പറഞ്ഞു. വെബ് സൈറ്റിൽ തെറ്റായ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടതാണെന്നും യഥാർത്ഥ പതിപ്പ് അതേ ദിവസം തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കാൻ ഫെസ്റ്റിവലിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി അഭിനേതാക്കൾ എത്തിയിരുന്നു. ഫലസ്തീൻ പതാകയുടെ നിറമുള്ള വസ്ത്രം ധരിച്ച് ഓസ്ട്രേലിയൻ നടി കേറ്റ് ബ്ലാഞ്ചെറ്റ് എത്തിയപ്പോൾ വാട്ടർമെലൻ ബാഗുമായിട്ടായിരുന്നു മലയാള സിനിമാതാരമായ കനി കുസൃതി വേദിയിലെത്തിയത്.
Content Highlight: Vnity magazine deletes Palestine pin from Hollywood star’s photo