'ബി.ജെ.പി-കോണ്‍ഗ്രസ് ഒത്തുകളി? എവിടെയെങ്കിലും ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടോ'
Kerala News
'ബി.ജെ.പി-കോണ്‍ഗ്രസ് ഒത്തുകളി? എവിടെയെങ്കിലും ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടോ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th August 2023, 7:48 pm

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഒരു ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ചരിത്രം കേരളത്തിലില്ലെന്നും ഇതിന് പിന്നില്‍ ആരെങ്കിലുമില്ലേ എന്ന് പരാതിയുള്ളവരെ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാസവന്റെ പ്രതികരണം.

‘പുതപ്പള്ളിയിലെ തദ്ദേശ സ്ഥാപനങ്ങളിലുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പി- കോണ്‍ഗ്രസ് ബന്ധമുണ്ട്. കേരളത്തില്‍ എവിടെയെങ്കിലും ഒരു ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ചരിത്രമുണ്ടോ. ഉമ്മന്‍ ചാണ്ടി മരിച്ചിട്ട് നല്‍പതാം ദിവസം കഴിഞ്ഞിട്ടില്ല. അങ്ങനെയൊരു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതില്‍ ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാല്‍ തെറ്റുപറയാന്‍ കഴിയുമോ.

കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ എന്തെക്കെയോ അഡ്ജസ്റ്റ്‌മെന്റ് നടന്നുവെക്കെ പറയുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള ചില വിമര്‍ശനങ്ങള്‍ മാധ്യമങ്ങളിലും വന്നിട്ടുണ്ട്,’ വാസവന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ രാഷ്ട്രീയപരമായി എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും, വികാരത്തിന് പകരം വിവേകശാലികളാണ് കോട്ടയത്തിലെ വോട്ടര്‍മാരെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയപരമായി അനുകൂലം എല്‍.ഡി.എഫിനൊപ്പമാണ്. എട്ടില്‍ ആറ് ഗ്രാമപഞ്ചായത്തും എല്‍.ഡി.എഫിനൊപ്പമാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തും എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്നു. വികാരത്തിന് പകരം വിവേകശാലികളാണ് കോട്ടയത്തിലെ വോട്ടര്‍മാര്‍ എന്നാണ് സൂചിപ്പിക്കുന്നത്.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ആരാധന വോട്ടാകില്ല. ഉമ്മന്‍ ചാണ്ടിയോടുള്ള ആരാധന ഒരു വ്യക്തിക്കുള്ളതാണ്, അത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിനുള്ള അംഗീകാരമല്ല,’ വി.എന്‍. വാസവന്‍ പറഞ്ഞു.

Content Highlight:  VN Vasavan said that there is a mystery in the early announcement of the Pudupally by-election