| Friday, 3rd November 2017, 1:32 pm

മുക്കംനിവാസികളുടേത് ജീവിക്കാന്‍ വേണ്ടിയുള്ള സമരം: സമരം തീരുന്നതുവരെ അവര്‍ക്കൊപ്പമുണ്ടാവുമെന്ന് സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: ഗെയ്ല്‍ പദ്ധതിയ്‌ക്കെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിതെന്നും സമരം തീരുന്നതുവരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും സുധീരന്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ഇവിടെ സമരം ചെയ്തവര്‍ക്കുനേരെ പൊലീസ് ക്രൂരമര്‍ദ്ദനമഴിച്ചുവിടുകയും നിരവധി പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പ്രദേശം സന്ദര്‍ശിച്ച സുധീരന്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ഗെയില്‍സമരം ഏറ്റെടുക്കേണ്ടിവരുമെന്നുംഇക്കാര്യം അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ചചെയ്യുമെന്നും വി.എം സുധീരന്‍ പറഞ്ഞു. സമരങ്ങളെ അടിച്ചമര്‍ത്തുന്നത് കമ്മ്യൂണിസ്റ്റ് നയമല്ല. പിണറായി വിജയന്‍ പെരുമാറുന്നത് ഏകാധിപതിയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.


Also Read: കമല്‍ഹാസന്‍ ഹിന്ദുത്വതീവ്രവാദമുണ്ടെന്ന് പറഞ്ഞത് പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാനാണെന്ന് ആര്‍.എസ്.എസ് നേതാവ്


വി.എം സുധീരനൊപ്പം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ ബഷീര്‍ എം.എല്‍.എ, എം.ഐ ഷാനവാസ് എം.പി എന്നിവരുമുണ്ടായിരുന്നു.

സമരസമിതിയുമായി സുധീരന്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

അതേസമയം, സമരസമിതിയുമായി സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാനോ വിലയിരുത്താനോ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more