| Thursday, 5th April 2018, 5:13 pm

സുപ്രീംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ തിരിച്ചടി; എല്ലാവരുടെയും കണ്ണുതുറപ്പിക്കട്ടെയെന്നും വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സുപ്രീംകോടതി വിധി സര്‍ക്കാരിനു മാത്രമല്ല പ്രതിപക്ഷത്തിനുമേറ്റ കനത്ത തിരിച്ചടിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് വിഎം സുധീരന്‍. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സുധീരന്റെ പ്രതികരണം. വിധി കണ്ണുതുറപ്പിക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു.

“ഭരണ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചു എന്തും ചെയ്യാമെന്ന ഭാവത്തോടു കൂടി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ചെയ്ത തെറ്റായ നടപടികള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി. സര്‍ക്കാരിന് മാത്രമല്ല ബില്ലിനെ അനുകൂലിച്ച പ്രതിപക്ഷത്തിന് മുഴുവനും ഏറ്റ തിരിച്ചടിയാണിത്” വി.എം.സുധീരന്‍ പറഞ്ഞു.

തെറ്റായ നടപടിക്ക് കൂട്ടു നിന്ന പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും അതിഗുരുതരമായ വീഴ്ച്ച സംഭവിച്ചിരിക്കുന്നതെന്നും ന്യായീകരിക്കാനാകാത്ത തെറ്റാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Also Read: ‘അതു പൊളിച്ച്’; ഐ.പി.എല്ലിലെ പ്രധാന മത്സരങ്ങള്‍ ദൂരദര്‍ശനിലും; സംപ്രേക്ഷണം ചെയ്യുക ഈ മത്സരങ്ങള്‍


സുപ്രീം കോടതി വിധി എല്ലാവരുടെയും കണ്ണുതുറപ്പിക്കട്ടെയെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും കണ്ണുതുറക്കാന്‍ സുപ്രീം കോടതി വിധി സഹായകരമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെയും കരുണ മെഡിക്കല്‍ കോളേജിലെയും പ്രവേശനം റദ്ദ് ചെയ്യാനും പ്രവേശനം നേടിയ 180 കുട്ടികളെ പുറത്താക്കാനുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോളേജുകളിലെ ചട്ടവിരുദ്ധ വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ സുപ്രീംകോടതി വിമര്‍ശനം നിലനില്‍ക്കെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസ്സാക്കിയ ഓര്‍ഡിനസും കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് കഴിഞ്ഞ ദിവസമായിരുന്നു ബില്‍ പാസാക്കിയത്. വി.ടി ബല്‍റാം മാത്രമായിരുന്നു കഴിഞ്ഞ ദിവസം ബില്ലിനെതിരെ രംഗത്തു വന്നിരുന്നത്.

നേരത്തെ സര്‍ക്കാരിന്റെ ബില്ലിനെതിരെയും സുധീരന്‍ രംഗത്ത വന്നിരുന്നു. കൊള്ളലാഭത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത ഈ സ്വാശ്രയക്കാരുടെ രക്ഷയ്ക്കായി നിയമം കൊണ്ടുവന്ന സര്‍ക്കാര്‍നടപടിയെ തുറന്നുകാണിക്കുന്നതിനു പകരം അതിനെ പിന്തുണച്ച് ആ പാപഭാരം ഏറ്റെടുക്കുന്നതില്‍ പങ്കാളിയായ പ്രതിപക്ഷനടപടി സ്വയം വഞ്ചിക്കുന്നതാണെന്നും സുധീരന്‍ നേരത്തെ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more