[] തിരുവനന്തപുരം: സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
മുഖ്യമന്ത്രിയക്കെതിരെ കോടതി നടത്തിയ രൂക്ഷവിമര്‍ശനത്തിന് മുഖ്യമന്ത്രി തന്നെ മറുപടി പറയട്ടെയെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. കേസ് സി.ബി.ഐയ്ക്ക് വിടുന്ന ഹൈക്കോടതിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ അദ്ദേഹം വ്യക്തമായി മറുപടി പറയും. അക്കാര്യത്തില്‍ എനിയ്ക്ക് വിശ്വാസമുണ്ട്. ഇതില്‍ പാര്‍ട്ടി ഇടപെടുന്നില്ല- അദ്ദേഹം വ്യകത്മാക്കി.
സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജും ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു. എന്നാല്‍ ഇതുവരെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേ സമയം മാന്യതയുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോടതിവിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയാണെന്നും ഇത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് ഹാറൂണ്‍ റഷീദ് പറഞ്ഞു.
ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളതെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസില്‍ പ്രതികളായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.