Advertisement
Kerala
കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല, മോന്‍സന്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 02, 05:41 am
Saturday, 2nd October 2021, 11:11 am

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്നും ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍.

പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു താനെന്നും സുധീരന്‍ വ്യക്തമാക്കി.

കെ. സുധാകരനുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന സുധീരന്‍ ഇനി വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നായിരുന്നു പറഞ്ഞത്.

അതേസമയം, കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്ന് സുധീരന്‍ ആവര്‍ത്തിച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ പല കാര്യങ്ങളിലും തിരുത്തല്‍ വരേണ്ടതായിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ കേസില്‍ പ്രതികളാണ്. അതുകൊണ്ട് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ല. മോന്‍സന്‍ വിഷയത്തില്‍ സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു.

മോന്‍സന്‍ മാവുങ്കല്‍ കേസ് രാഷ്ട്രീയ വാദപ്രതിവാദമായി മാറരുത്. അങ്ങനെ ഉണ്ടായാല്‍ യഥാര്‍ത്ഥ കുറ്റവാളി രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. മോന്‍സന്‍ നടത്തിയ എല്ലാ തട്ടിപ്പുകളും പുറത്തുവരണം.

മോന്‍സന്‍ വിഷയം രാഷ്ട്രീയ വിവാദമാക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ല. ഭൂലോക തട്ടിപ്പാണ് പ്രശ്നം. കുറ്റവാളി ശിക്ഷിക്കപ്പെടണം. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ് ഇവിടെ പ്രകടമാകുന്നത്.

മുന്‍ ഡി.ജി.പിയും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ കയറിയിറങ്ങി. ഇവിടുത്തെ ഇന്റലിജന്‍സ് സംവിധാനം എന്തു ചെയ്യുകയായിരുന്നുവെന്നും കേരളത്തിന്റെ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

ഗാന്ധിജയന്തി ദിനത്തില്‍ കെ.പി.സി.സി ഓഫീസിലെത്തിയതായിരുന്നു സുധീരന്‍. നേരത്തെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയില്‍ നിന്നും എ.ഐ.സി.സി അംഗത്വത്തില്‍ നിന്നും സുധീരന്‍ രാജിവെച്ചിരുന്നു. പ്രസിഡന്റ് കെ. സുധാകരനുമായുണ്ടായ അഭിപ്രായഭിന്നതകളെ തുടര്‍ന്നായിരുന്നു രാജി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: VM Sudheeran On Monson Mavunkal Case