മാണിയെ വിശ്വാസമെന്ന് വി.എം സുധീരന്‍
Daily News
മാണിയെ വിശ്വാസമെന്ന് വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st November 2014, 12:49 pm

sudheeran2തിരുവനന്തപുരം: ബാര്‍ തുറയ്ക്കാന്‍ കോഴ വാങ്ങിയെന്ന ധനമന്ത്രി കെ.എം മാണിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മാണിയെ കെ.പി.സി.സിക്ക് വിശ്വാസമാണെന്നും സുധീരന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ മദ്യനയം കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കെ.എം മാണി. മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം നേടാനായി സുപ്രധാന പങ്കുവഹിച്ചയാളാണ് കെ.എം മാണി. മാണിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ യു.ഡി.എഫില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും സുധീരന്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഭരണ, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചയാളാണ് മാണി. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണങ്ങള്‍ ആരും വിശ്വസിക്കില്ലെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മാണിയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ അദ്ദേഹം വിശദീകരണം നല്‍കണമെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെയും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും പ്രതികരണത്തെ സുധീരന്‍ തള്ളി. ഇങ്ങനെയൊരു പ്രതികരണം നടത്തിയതായി തനിക്ക് അറിയില്ല. എന്നാല്‍ ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം ഇവരില്‍ നിന്ന് വന്നതെന്ന് അറിയില്ല. അത് തീര്‍ത്തും ഒഴിവാക്കേണ്ടതായിരുന്നെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി കെ.എം മാണി 5 കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്നാണ് ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് വെളിപ്പെടുത്തിയത്. ഗൗരവമായ ആരോപണമാണിത്. തനിക്കെതിരെയുള്ള ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് കെ.എം മാണി പ്രതികരിച്ചത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ നിന്നും യു.ഡി.എഫിന്റെ മറ്റ് ഘടകകക്ഷികളില്‍ നിന്നും മാണിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. മാണിയ്‌ക്കെതിരെയുള്ള ആരോപണം വസ്തുതാവിരുദ്ധമാണെന്ന അഭിപ്രായമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രി കെ.ബാബു തുടങ്ങിയവര്‍ പ്രകടിപ്പിച്ചത്.